അവനു പരുക്കുകളില്ല, അത് അദ്ഭുതരക്ഷ; ലോകോത്തര നിലവാരത്തിൽ സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യം: എ.ആർ.റഹ്മാൻ
Mail This Article
ഗാന ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നു മകൻ അമീന്‍ തലനാരിഴയ്ക്കു രക്ഷപെട്ട സംഭവത്തിൽ പ്രതികരണവുമായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഇന്ത്യയുടെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ലോകോത്തര നിലവാരമുള്ള സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്നും എല്ലാവിധ ചിത്രീകരണ സ്ഥലങ്ങളിലും സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മകനു പരുക്കുകളൊന്നുമില്ലെന്നും അദ്ഭുതകരമായാണു രക്ഷപെട്ടതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
‘എന്റെ മകനും അവന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ആ മാരക ദുരന്തത്തിൽ നിന്നും അദ്ഭുതകരമായാണു രക്ഷപെട്ടത്. അവനു പരുക്കുകളൊന്നും ഇല്ല. കലാകാരന്മാർ സിനിമ–സംഗീത വ്യവസായത്തെ വളർത്തിയെടുക്കുമ്പോൾ അവർക്കുള്ള സുരക്ഷ കൂടി ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ ഷൂട്ടിങ് സെറ്റുകളില്‍ ലോകോത്തര നിലവാരമുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാകണം. അമീനും സംഘത്തിനും അപകടം പറ്റിയപ്പോൾ ഞങ്ങളെല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണഫലത്തിനായി കാത്തിരിക്കുകയാണിപ്പോൾ’, എ.ആർ.റഹ്മാൻ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് അമീന്റെ ആൽബം ചിത്രീകരണത്തിനിടെ അപകടമുണ്ടായത്. അമീൻ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്കു തകർന്നുവീണു. ഈ സമയം വേദിയുടെ ഒത്തനടുക്കു നിൽക്കുകയായിരുന്നു അമീൻ. അപകടത്തെക്കുറിച്ച് അമീൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെയും മറ്റു ടീം അംഗങ്ങളുടെയും സുരക്ഷ ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും അപകടത്തിന്റെ നടുക്കത്തിൽ നിന്നും ഇപ്പോഴും മുക്തമായിട്ടില്ലെന്നും അമീൻ കുറിച്ചു.