ആ മൂകാംബിക യാത്ര അദ്ദേഹത്തെ മാറ്റി മറിച്ചു, പിന്നീട് പഴയജീവിതം അവസാനിപ്പിച്ച് ‘സംഗീതസന്യാസ’ത്തിലേക്ക്: കൈതപ്രം
Mail This Article
‘‘ഏറെ അടുത്ത സുഹൃത്തായ കീരവാണിയുടെ ഓസ്കർ നേട്ടത്തിൽ ഏറെ ആഹ്ലാദമുണ്ട്.’’ കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു. കീരവാണിക്ക് ഓസ്കർ പുരസ്കാരം ലഭിച്ചെന്ന വാർത്ത കേൾക്കുമ്പോൾ കൈതപ്രം തൃശൂരിൽ ചികിത്സയിലാണ്. കീരവാണി സംഗീതമൊരുക്കിയ സൂര്യമാനസം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനങ്ങളെഴുതിയത് കൈതപ്രമാണ്. കീരവാണിയുടെ സംഗീതവഴികളെക്കുറിച്ച് കൈതപ്രം വിവരിക്കുന്നത് ഇങ്ങനെ:
‘കീരവാണിയെ എനിക്കു പരിചയപ്പെടുത്തിയത് സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പിയാണ്. ചെന്നൈ എവിഎം സ്റ്റുഡിയോയിൽ അദ്ദേഹത്തിന് ഒരു റൂമുണ്ടായിരുന്നു. അവിടെവച്ചാണ് അദ്ദേഹത്തെ കണ്ടത്. ഞാൻ പല തവണ അവിടെപ്പോയിട്ടുണ്ട്. അദ്ദേഹവുമായി വളരെ അടുപ്പമുണ്ട്. ഞാനും കീരവാണിയും വിജി തമ്പിയുമൊരുമിച്ചിരുന്നാണ് സൂര്യമാനസത്തിലെ പാട്ടുകൾ ഒരുക്കിയത്. അദ്ദേഹം ഈണമിട്ട ശേഷം ഞാനെഴുതുകയാണ് ചെയ്തത്.
സൂര്യമാനസത്തിലെ പുട്ടുറുമീസും അമ്മയും എപ്പോഴും യാത്രയിലാണ്. ഒഴുകുന്ന തോണി പോലെയാണ് ജീവിതം. എവിടെയാണ് എത്തിയത് എന്നറിയില്ല. അമ്മയും മകനും തമ്മിലുള്ള ആ ബന്ധമാണ് ആദ്യമൊരുക്കിയ പാട്ടിന്റെ പശ്ചാത്തലം. അദ്ദേഹം മൂളിയ ‘തനനന താന തനന്നനാ...’’ എന്ന ഈണം വിജിതമ്പിക്കും എനിക്കും ഇഷ്ടപ്പെട്ടു. ആ ഈണത്തിനൊത്ത് ഞാൻ ‘‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം’’ എന്നു വരികളെഴുതി. ഈ പാട്ട് ഒരുക്കുമ്പോൾ സിനിമയ്ക്ക് പേരിട്ടിരുന്നില്ല. പാട്ടിന്റെ വരിയിലുണ്ടായിരുന്ന ‘സൂര്യമാനസം’ എന്ന വാക്ക് പിന്നീടാണ് ചിത്രത്തിന്റെ ടൈറ്റിലാക്കിയത്.
ദാസേട്ടൻ ഈ പാട്ട് പാടാൻവന്ന ദിവസം ഞാൻ മറക്കില്ല. അന്നാണ് കീരവാണി എന്നുംചൊല്ലാറുള്ള ഒരു ശ്ലോകം എനിക്കു ചൊല്ലിത്തന്നത്. ഞാനും ചൊല്ലാറുള്ള സൗന്ദര്യലഹരിയിലെ ശ്ലോകമായിരുന്നു അത്. കീരവാണി ആദ്യമായി മൂകാംബികയിൽ പോയ കഥയും എന്നോടു പറഞ്ഞു. ഉടുപ്പിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കീരവാണ് പോയത്. അവിടെനിന്നാണ് അപ്രതീക്ഷിതമായി മൂകാംബികയിൽ പോയത്. ആ യാത്ര കീരവാണിയെ മാറ്റിമറിച്ചു. മദ്രാസിൽ അതുവരെ തുടർന്നുവന്ന അടിപൊളി ജീവതം അദ്ദേഹം അടിമുടി മാറ്റി. അദ്ദേഹം ‘സംഗീതസന്യാസ’ത്തിലേക്ക് കടന്നു. ജീവിതം പൂർണമായും സംഗീതത്തിനർപ്പിച്ചു. അങ്ങനെ നേടിയ നേട്ടങ്ങളാണ് കീരവാണിയെ ഓസ്കറിലെത്തിച്ചത്.
25 കൊല്ലം മുൻപാണ് ഞാനാദ്യമായി കീരവാണിയെ കണ്ടത്. കാലത്തിനനുസരിച്ച് അദ്ദേഹത്തിന്റെ സംഗീതവും മാറി. എന്നാൽ ഇന്നും സംഗീതത്തിലെ മെലഡി അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. തെലുങ്കിലും കന്നഡയിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി എത്രയധികം പാട്ടുകളാണ് അദ്ദേഹം ഒരുക്കിയത്. എന്റെ മകൻ ദീപാങ്കുരനും കീരവാണിയുടെ വലിയ ആരാധകനാണ്. സംഗീതത്തിനോടുള്ള കീരവാണിയുടെ അപാരമായ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല. ’’