ADVERTISEMENT

ഓസ്കർ ജേതാവ് കീരവാണിക്ക് ‘കാർപെന്റേഴ്സ്’ ബാൻഡിലെ റിച്ചാർഡ് കാർപെന്ററിന്റെ പ്രശംസ. കീരവാണിയെയും ആര്‍ആര്‍ആറിനെയും അഭിനന്ദിക്കാനായി കാര്‍പെന്റേഴ്‌സിന്റെ പ്രശസ്ത ഗാനമായ ‘ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോയാണ് റിച്ചാര്‍ഡ് സമൂഹമാധ്യമങ്ങവിൽ പങ്കുവച്ചത്. ‘നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുകയാണ്. നിങ്ങൾക്കായി ഞങ്ങളുടെ കുടുംബത്തിൽ നിന്നും ചെറിയൊരു സമ്മാനമിതാ’ എന്നു കുറിച്ചുകൊണ്ടാണ് റിച്ചാർഡ് വിഡിയോ പോസ്റ്റ് ചെയ്തത്. റിച്ചാർഡ് കാർപെന്ററിന്റെ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. പിന്നാലെ പ്രതികരണമറിയിച്ച് ആർആർആർ സംവിധായകൻ എസ്.എസ്.രാജമൗലിയും കീരവാണിയും രംഗത്തെത്തി.

 

‘ഓസ്‌കര്‍ ക്യാംപയ്‌നിന്റെ ഇടയിൽ പോലും എന്റെ സഹോദര തുല്യൻ കീരവാണി വളരെ ശാന്തനായിരുന്നു. പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കണ്ടപ്പോൾ മുതല്‍ അദ്ദേഹത്തിനു കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന് അവിസ്മരണീയ നിമിഷമാണ്’, എന്നാണ് രാജമൗലി കുറിച്ചത്. ഇത് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സന്തോഷം കൊണ്ട് കണ്ണീരടക്കാനാകുന്നില്ലെന്നുമാണ് കീരവാണിയുടെ പ്രതികരണം. ഈ പ്രപഞ്ചത്തില്‍ ഇതിലും മികച്ച മറ്റൊരു സമ്മാനം തനിക്കു കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘കാർപെന്റേഴ്സിന്റെ പാട്ടു കേട്ടു വളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു’ എന്ന് പുരസ്കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത് ലോകശ്രദ്ധ നേടിയിരുന്നു. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റേഴ്സ്. സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെന്ററും ചേർന്ന് 1968 ലാണ് കാർപെന്റേഴ്സ് ബാൻഡ് രൂപീകരിച്ചത്. സോഫ്റ്റ്‌ മ്യൂസിക്കിന്റെ പുതിയ മാനങ്ങൾ കണ്ടു പിടിച്ച ഇവരുടെ 10 ആൽബങ്ങളിൽ മിക്കതും ലോകം മുഴുവൻ ആവേശത്തോടെ ഏറ്റെടുത്തു. റെക്കോർഡ് തുകയ്ക്കു വിറ്റു പോയിരുന്ന അവരുടെ പാട്ടുകൾ ഇന്നും സംഗീത ലോകത്തിനത്ഭുതമാണ്. സ്വന്തം പാട്ടുകൾക്ക് പുറമെ ബീറ്റിൽസിന്റെ എവെരി ലിറ്റിൽ തിങ് പോലുള്ള പാട്ടുകളുടെ റീ കമ്പോസിങ്ങും ശ്രദ്ധ നേടിയിരുന്നു. ഗുഡ് ബൈ റ്റു ലവ്, ക്ലോസ് ടു യു പോലുള്ള തീവ്ര വിരഹവും പ്രണയവും പറയുന്ന അവരുടെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. കാരന്റെ അപ്രതീക്ഷിത മരണത്തോടെ കാർപെന്റേഴ്സ് ബാൻഡ് ഇല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com