നാട്ടു നാട്ടുവിന് ഞാൻ ചുവടുവച്ചിരുന്നെങ്കിൽ ഹൃദയാഘാതമുണ്ടായേനെ: സെയ്ഫ് അലി ഖാൻ
Mail This Article
ഓസ്കർ നേട്ടത്തിൽ തിളങ്ങിയ ‘നാട്ടു നാട്ടു’വിനെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പാട്ടിന്റെ നൃത്തസംവിധാനമാണ് തന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചതെന്നും തികഞ്ഞ ഊർജത്തോടെയാണ് രാം ചരണും ജൂനിയർ എൻടിആറും പാട്ടിനൊപ്പം ചുവടുവച്ചതെന്നും നടൻ പറയുന്നു.
‘തെന്നിന്ത്യന്‍ ഗാനങ്ങൾ എന്നെ ഏറെ വിസ്മയിപ്പിക്കുന്നു. നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാൻ കാരണം അതിലെ നൃത്തച്ചുവടുകളാണ്. നൃത്തസംവിധാനം അതിമനോഹരമായി നിർവഹിച്ചിരിക്കുന്നു. തെന്നിന്ത്യയുടെ നൃത്തച്ചുവടുകളും താളവും ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. നാട്ടു നാട്ടുവിൽ ഞാനാണ് ചുവടുവച്ചതെങ്കിൽ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു’, സെയ്ഫ് അലിഖാൻ പറഞ്ഞു.
ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്കറിൽ തിളങ്ങിയത്. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികൾ. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിർവഹിച്ചു.