‘നാട്ടു നാട്ടു’ സ്റ്റൈലിൽ രാം ചരണിന് സ്വീകരണമൊരുക്കി പ്രഭുദേവ; വിഡിയോ വൈറൽ
Mail This Article
‘നാട്ടു നാട്ടു’ പാട്ടിന്റെ ഓസ്കർ നേട്ടത്തിനു പിന്നാലെ രാം ചരണിനു ഗംഭീര സ്വീകരണമൊരുക്കി നടനും നൃത്തസംവിധായകനുമായ പ്രഭുദേവ. ‘നാട്ടു നാട്ടു’ സ്റ്റൈലിലാണ് പ്രഭുദേവയും കൂട്ടരും നടനും ഹൃദ്യമായ വരവേൽപ് നൽകിയത്. പാട്ടിനൊപ്പം ചടുലമായ ചുവടുകളുമായി സംഘം അണിനിരന്നു. ഓസ്കർ നേട്ടത്തിനു ശേഷം സിനിമാ സെറ്റിലേക്കു മടങ്ങിയെത്തിയപ്പോഴായിരുന്നു രാം ചരണിനു പിന്നണി പ്രവർത്തകരുടെ വേറിട്ട സ്വീകരണം.
ആര്‍സി15 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. രാംചരണിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയതിനു പ്രഭുദേവയ്ക്കും സുഹൃത്തുക്കള്‍ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്.
ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്കറിൽ തിളങ്ങിയത്. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികൾ. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിർവഹിച്ചു.