ADVERTISEMENT

പാക്കിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് താൻ ഇന്ത്യയിലെത്തിയത് പണം മോഹിച്ചാണെന്നുള്ള ആരോപണത്തോടു രൂക്ഷമായി പ്രതികരിച്ച് ഗായകൻ അദ്നാൻ സമി. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായകൻ വിഷയത്തിൽ പ്രതികരണമറിയിച്ചത്. താൻ ഇന്ത്യൻ പൗരത്വം സ്വീകരിച്ചപ്പോൾ പാക്കിസ്ഥാനിലെ പലരും തനിക്കെതിരെ പല ആരോപണങ്ങളും പടച്ചുവിട്ടുവെന്ന് അദ്നാൻ പറയുന്നു.

 

‘എനിക്ക് ഇന്ത്യയിൽ നിന്നു കൂടുതൽ പണം ലഭിച്ചതുകൊണ്ടാണ് ഞാൻ ഈ രാജ്യം തിരഞ്ഞെടുത്തതെന്നു ചിലർ പറയുന്നു. എന്റെ കുടുംബപശ്ചാത്തലം എന്താണെന്നു നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? എന്റെ ജീവിതത്തിൽ പണം ഒരു മുഖ്യ ഘടകമല്ല. അക്കാര്യം നിങ്ങൾക്കറിയാമോ? വളരെ മികച്ച സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിൽ തന്നെയാണു ഞാൻ ജനിച്ചതും വളർന്നതും. അത് വലിയ ഭാഗ്യമായിത്തന്നെ ഞാന്‍ കാണുന്നു. പാക്കിസ്ഥാനിൽ നിന്നു പാരമ്പര്യമായി കിട്ടിയേക്കാവുന്ന പലതും ഉപേക്ഷിച്ചാണ് ഞാൻ ഇന്ത്യയിലേക്കു വന്നത്. അല്ലാതെ ഇവിടുത്തെ പണം മോഹിച്ചല്ല.

 

ഞാൻ ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നു. എനിക്ക് ഇവിടം സ്വന്തം വീടുപോലെതന്നെയാണ്. അക്കാര്യം പാക്കിസ്ഥാനിലുള്ളവർക്ക് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ അവിടം വിട്ടു പോന്നത്. ഒരു കലാകാരനെന്ന നിലയിൽ ഇന്ത്യയിൽ നിന്നു എനിക്കു കിട്ടിയ സ്നേഹവും പ്രശംസയും എന്റെ മനസ്സു കീഴടക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയാണ് എന്റെ ഈ സ്ഥലം മാറ്റത്തെ ഇത്ര വലിയ പ്രശ്നമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ എന്റെ പേരുമായി ചേർത്തു ചർച്ച ചെയ്യപ്പെടുന്നു. എനിക്കു രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ല. ഞാനൊരു ഗായകൻ മാത്രമാണ്’, അദ്നാൻ സമി പറഞ്ഞു.

 

അദ്നാൻ സമിയുടെ വാക്കുകൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. 2016 മുതൽ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള വിയോജിപ്പുകൾ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. മുൻപ് പല തവണ സമി സമൂഹമാധ്യമ ലോകത്തു ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. 2021ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com