പ്രേംനസീറിന് മനോഹര ഗാനോപഹാരമൊരുക്കി ജന്മനാട്
Mail This Article
ആയിരക്കണക്കിന് കഥാപാത്രങ്ങളിലൂടെയും മധുര മനോഹര ഗാനങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന നിത്യഹരിതനായകൻ പ്രേംനസീറിനെ കുറിച്ച് ഗാനമൊരുക്കി അദ്ദേഹത്തിന്റെ ജന്മനാട് ചിറയിൻകീഴ്. പ്രേംനസീറിന്റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തിലാണ് ഈ ഗാനോപഹാരം ഇറക്കിയിരിക്കുന്നത്. പ്രേംനസീറിന്റെ ആരാധകർ ഒരുക്കിയ സംഗീത ആൽബത്തിന് 'പ്രേമോദാരം' എന്നാണ് പേര് നൽകിയിട്ടുള്ളത്. പ്രേംനസീറെന്ന അതുല്യ കലാകാരന്റെ വ്യത്യസ്ത അഭിനയ മുഹൂർത്തങ്ങളെ രേഖാചിത്രങ്ങളാലാണ് ഗാനരംഗങ്ങളിൽ പുനരവതരിപ്പിക്കുന്നത്.
സിനിമാസംഗീത സംവിധായകൻ അൻവർ അമനാണ് ഗാനം ചിട്ടപ്പെടുത്തിയത്. രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന. സൂര്യമഹാദേവൻ എന്ന യുവ ഗായകനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തീർത്ഥ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആൽബം നിർമിച്ചിരിക്കുന്നത് പ്രേംനസീറിന്റെ അയൽവാസിയും പ്രവാസിയുമായ ഹർഷകുമാർ ജിഎസ് ആണ്. കെ. രാജേന്ദ്രൻ ആശയനിർവഹണവും മിഥുൻ ദൃശ്യങ്ങളും തയാറാക്കി. പ്രേംനസീറിന്റെ ജന്മദിനമായ ഏപ്രിൽ 7 ന് ചിറയിൻകീഴ് സ്വദേശിയും ചലച്ചിത്ര-സീരിയൽ നടനുമായ അനീഷ് രവിയാണ് ആൽബം പ്രകാശനം ചെയ്തത്.