‘ആഹാ! ഇതെങ്ങനെ കേൾക്കാതിരിക്കും?’ മനം മയക്കി വേണുഗോപാലും മകനും; മായാമഞ്ചലിലേറി പ്രേക്ഷകർ!
Mail This Article
പിന്നണി ഗായകൻ ജി.വേണുഗോപാലും മകൻ അരവിന്ദും ചേർന്നു പാടിയ പാട്ട് ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘മായാമഞ്ചലിൽ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഇരുവരും ചേർന്നു പാടി റീൽ വിഡിയോ പങ്കുവച്ചത്.
അച്ഛന്റെയും മകന്റെയും ഭാവാർദ്രമായ ആലാപനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. ഈ ആലാപനം എങ്ങനെ കേൾക്കാതിരിക്കുമെന്നാണ് ആസ്വാദകര്‍ ചോദിക്കുന്നത്. പാട്ടിന്റെ മുഴുവൻ പതിപ്പും പാടി വിഡിയോ പങ്കുവയ്ക്കണമെന്നും ആവശ്യമുയര്‍ന്നു.
1990ൽ പുറത്തിറങ്ങിയ ‘ഒറ്റയാൾ പട്ടാളം’ എന്ന ചിത്രത്തിലേതാണ് ‘മായാമഞ്ചലിൽ’ എന്ന ഗാനം. പി.കെ.ഗോപിയുടെ വരികൾക്ക് ശരത് ഈണമൊരുക്കി. വേണുഗോപാലും രാധികാ തിലകും ചേർന്നാണു ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്. വേണുഗോപാലിനെ മലയാള സിനിമാസംഗീതരംഗത്ത് അടയാളപ്പെടുത്തുന്ന പാട്ടുകളിലൊന്നാണ് ‘മായാമഞ്ചലിൽ’.