ADVERTISEMENT

മീടൂ ആരോപണങ്ങളിൽ വീണ്ടും ശബ്ദമുയർത്തി ഗായിക ചിന്മയി ശ്രീപദ. ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് അഭ്യർഥിച്ചിരിക്കുകയാണ് ഗായിക. ട്വിറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

 

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇന്ത്യയില്‍ ഓരോ പോക്സോ കേസ് വരുമ്പോഴും പീഡകരെ നിങ്ങൾ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. പല മേഖലകളിലും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ നിലവിലില്ല. പ്രത്യേകിച്ച് സിനിമാ മേഖലയിൽ. പതിനേഴിലധികം സ്ത്രീകൾ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് അയാൾ താങ്കളുടെ പാർട്ടിയുമായും പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തുന്നതുകൊണ്ടു തന്നെയാണ്. തനിക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ വൈരമുത്തു ശ്രമിക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് അയാൾ. ഇതൊക്കെ നിങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും നിങ്ങളുടെ പാർട്ടി അതിനു കൂട്ടുനിൽക്കുന്നു.

 

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ വൈരമുത്തുവിനും ബ്രിജ്ഭൂഷൻ ശരണ്‍ സിങ്ങിനും മാത്രമായി പ്രത്യേക നിയമസംവിധാനങ്ങളൊന്നും ഏർപ്പെടുത്തരുത്. കഴിഞ്ഞ 5 വർഷമായി ഞാൻ സിനിമാ മേഖലയിൽ വിലക്ക് നേരിടുകയാണ്. എനിക്ക് ബന്ധങ്ങളോ സ്വാധീനമോ ഇല്ലാത്തതിനാൽ ഈ രാജ്യത്തു നിന്നു നീതി ലഭിക്കാൻ ഇനിയും 20 വർഷം കൂടി എടുത്തേക്കാം. പക്ഷേ കാലമെത്ര കഴിഞ്ഞാലും പോരോടാനുള്ള ശക്തി എനിക്കുണ്ട്. ഞാൻ നിശബ്ദയാകില്ല’, ചിന്മയി കുറിച്ചു.

 

ചിന്മയിയുടെ പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് എതിർത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്. സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com