ADVERTISEMENT

പാട്ടുകളിലൂടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പാട്ടിന്റെ പേരിൽ ഹിറ്റായ ചിത്രങ്ങളുടെ കാലം. പ്രണയവും വിരഹവും സന്തോഷവും ആവേശവുമെല്ലാം പാട്ടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെട്ട, ഒരേ ഭാവം പറയാൻ പല തരം പാട്ടുകൾ സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അത്. എന്നാൽ ഇപ്പോൾ സിനിമയുടെ സ്വഭാവവും സാഹചര്യവുമെല്ലാം ഒരുപാട് മാറിയിരിക്കുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങൾ സംഗീതമേഖലയിലും പ്രകടമാണ്. പാട്ടുകാരുടെ എണ്ണം വർധിച്ചെങ്കിലും പാട്ടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. മാത്രവുമല്ല, ഇപ്പോൾ പാട്ടുകളേക്കാളുപരി പശ്ചാത്തല സംഗീതത്തിനാണ് സിനിമയിൽ പ്രാധാന്യം. മലയാള സിനിമാ മേഖലയിൽ പിന്നണി ഗാനരംഗത്തിനും പിന്നണി ഗായകര്‍ക്കും പ്രാധാന്യം കുറയുന്നുണ്ടോ എന്ന വിഷയത്തിൽ‌ മലയാളത്തിലെ പ്രഗത്ഭ സംഗീതജ്ഞർ പ്രതികരിക്കുന്നു, ഈ സംഗീതദിനത്തിൽ. 

 

അമേരിക്കക്കാരന്റെ ആശയം, നടപ്പിലാക്കിയകത് ഫ്രാൻസുകാരൻ; കടൽ കടന്ന് ഒടുവിൽ ഇന്ത്യയിലുമെത്തി ആ ദിനം!

 

സുജാത മോഹൻ

 

ഇപ്പോൾ പൊതുവേ സിനിമകളില്‍ പാട്ടുകള്‍ കുറവാണ്. സങ്കടകരമാണത്. ഒരു മാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കാമത്. സിനിമയുടെ സാഹചര്യത്തിനനുസരിച്ചുള്ള പാട്ടുകള്‍ അല്ലേ നമുക്ക് ഉള്‍പ്പെടുത്താന്‍ പറ്റൂ? സംവിധായകനാണ് ഇക്കാര്യത്തിൽ കൂടുതലായി സംസാരിക്കേണ്ടത്. എന്തുകൊണ്ടാണ് അതെന്ന കാര്യം അവരാണ് പറയേണ്ടത്. ഞാനൊക്കെ പാടിത്തുടങ്ങിയ കാലത്ത് പ്രഗല്‍ഭരായ ഒരുപാട് സംഗീതജ്ഞരും സംഗീതത്തിനു പ്രാധാന്യമുള്ള സിനിമകളുമുണ്ടായിരുന്നു. അവര്‍ പാട്ടു തന്നതുകൊണ്ടാണ് എനിക്കൊക്കെ നിലനില്‍ക്കാനായത്. അല്ലെങ്കില്‍ എങ്ങുമെത്താതെ പോയേനെ. നമുക്കു തന്നെയറിയാം ഒരുപാട് ഗായകര്‍ ഇന്നുണ്ടെന്ന്. പക്ഷേ അതില്‍ ശ്രദ്ധിക്കപ്പെടുന്നവര്‍ കുറവാണ്. ഓരോ വര്‍ഷവും റിയാലിറ്റി ഷോകളിലൂടെയും അല്ലാതെയും എത്രയോ മിടുക്കരായ പാട്ടുകാരെയാണ് നാം തിരിച്ചറിയുന്നത്. പക്ഷേ അവരില്‍ പലര്‍ക്കും സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്നതു സങ്കടകരമാണ്. പക്ഷേ സിനിമയ്ക്കപ്പുറം സാങ്കേതിക രംഗത്തിന്റെ വളര്‍ച്ച അവര്‍ക്ക് ഒരുപാടു സാധ്യതകള്‍ തുറന്നുനല്‍കുന്നുണ്ടെന്നത് ആശ്വാസകരം തന്നെ. സോഷ്യല്‍ മീഡിയയില്‍ ആണെങ്കിലും അല്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ ആണെങ്കിലും തന്റെ പാട്ട് പുറംലോകം കേള്‍ക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും വളരെ സജീവമായി നിലനിൽക്കുന്നു. അത് നല്ല കാര്യമാണ്. ലൈവ് ഷോകളുടെ എണ്ണവും കൂടിയിട്ടുണ്ട്. പക്ഷേ ആളുകള്‍ പാടാന്‍ ആവശ്യപ്പെടുന്നതിലേറെയും പണ്ടത്തെ പാട്ടുകളാണ്. കാരണം ലൈവ് കേള്‍ക്കാന്‍ രസം അന്നത്തെ പാട്ടുകളാണ്. ഇന്നും ഇറങ്ങുന്ന പാട്ടുകള്‍ മനോഹരമാണ്. പക്ഷേ അധികവും സ്റ്റുഡിയോയില്‍ മാത്രം അവതരിപ്പിക്കാനാകുന്ന ഗാനങ്ങളാണ്. സിനിമകളില്‍ പലപ്പോഴും അത് പൂര്‍ണമായും ഉള്‍പ്പെടുത്താറുമില്ല. 

 

ജി.വേണുഗോപാല്‍

bijibal
ബിജിബാൽ

 

മറ്റൊരു തലത്തില്‍ ഈ വിഷയത്തെ നോക്കിക്കാണാനാണ് തോന്നുന്നത്. സിനിമയുടെ സ്വഭാവം അതില്‍ വലിയ ഘടകം തന്നെ. ഇന്നത്തെ സിനിമകളില്‍ പാട്ടുകൾക്കു പ്രാധാന്യം കുറവാണ്. പശ്ചാത്തല സംഗീതമാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അത് മുഴുവന്‍ കേള്‍പ്പിക്കുന്ന പതിവുമില്ല. സംഗീതരംഗത്ത് മൊത്തത്തില്‍ വന്ന മാറ്റങ്ങളുടെ ഭാഗമാണ് അതെന്നേ എനിക്കു തോന്നിയിട്ടുള്ളൂ. സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും മേല്‍ക്കൈ ഉണ്ടായിരുന്ന, തന്റെ സംഗീതത്തില്‍ ആരു പാടണം എന്നു തീരുമാനിക്കാന്‍ കെല്‍പ്പുണ്ടായിരുന്നവരുടെ കാലം പോയി. ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ത്തന്നെ ഇളയരാജ, എ.ആര്‍.റഹ്‌മാന്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും അത്രയും സ്വാധീനം ഉണ്ടെന്നു തോന്നുന്നില്ല. മിക്ക സിനിമകളിലും ഇന്ന് പാട്ടുകാര്‍ ആരെന്നു തീരുമാനിക്കപ്പെടുന്നതിന് ഒരുപാട് മാനദണ്ഡങ്ങളുണ്ട്. പക്ഷേ അപ്പോഴും വാദ്യോപകരണ വായനക്കാര്‍ക്കു നല്ല അവസരങ്ങളുടെയും കൂടി കാലമാണ്. 

 

ആ വാമൊഴിയീണങ്ങളെ പാട്ടിനുവിട്ടോളൂ, ലോകം ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് അതൊന്നുമല്ല! 

madhu-balakrishnan
മധു ബാലകൃഷ്ണന്‍

 

എം.ജയചന്ദ്രന്‍

 

മലയാള സിനിമയിൽ പാട്ടുകൾ കുറഞ്ഞതായി എനിക്കു തോന്നിയിട്ടില്ല. മലയാള സംഗീതരംഗം വളരെ മനോഹരമായ ഒരു മാറ്റത്തിന്റെ പാതയിലാണെന്നാണെന്നാണ് തോന്നിയിട്ടുള്ളത്. നമ്മുടെ പുതിയ സംഗീതസംവിധായകര്‍ പുതിയ വിഭാഗത്തിലുള്ള പാട്ടുകള്‍ കേള്‍ക്കാനും അത് പരീക്ഷിക്കാനുമൊക്കെ താൽപര്യമുള്ളവരും അങ്ങനെ ചെയ്യാൻ കഴിവുള്ളവരുമാണ്. പാട്ടുകള്‍ കേള്‍ക്കുന്നവരും ആ മാറ്റം ഇഷ്ടമുള്ളവരും ഉള്‍ക്കൊള്ളുന്നവരുമാണ്. പാട്ടുകാരാണങ്കിലും അങ്ങനെ തന്നെ. ഒരേ അച്ചില്‍ വാര്‍ത്ത കുറെ പാട്ടുകള്‍ ഉണ്ടാകുന്ന കാലമൊക്കെ പോയി. നമ്മുടെ പുതിയ പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം വേറൊരു തലത്തിലേക്കു മലയാള സിനിമാസംഗീതശാഖ മാറിയിട്ടുണ്ട്. ഹോളിവുഡിലേതു പോലെ പല തരത്തിലുള്ള സംഗീതങ്ങള്‍ പരീക്ഷിക്കുന്ന ഒരു കാലത്തിലാണ് മലയാളസംഗീതരംഗം ഇപ്പോള്‍. വളരെ നല്ലൊരു കാര്യമല്ലേയത്? അല്ലാതെ ആര്‍ക്കെങ്കിലും പ്രാധാന്യം കുറഞ്ഞു പോയതായിട്ടോ കൂടിയതായിട്ടോ എനിക്കു തോന്നിയിട്ടില്ല. സിനിമകള്‍ക്കു വേണ്ടി സൃഷ്ടിക്കുന്ന പാട്ടുകള്‍ പൂര്‍ണമായും സിനിമയുടെ സാഹചര്യത്തിനു ചേരുന്നതായിരിക്കണം. ആരുടെ സ്വരമാണോ ആ പാട്ടിന്റെ ഭാവത്തിനു യോജിക്കുന്നത് അവരെക്കൊണ്ടു പാടിക്കുന്നുവെന്നേയുള്ളൂ. അതില്‍ മറ്റു മാനദണ്ഡങ്ങളൊന്നുമില്ല. സിനിമകളിലെ ഗാനങ്ങളില്‍ ചിലതൊക്കെ അഭിനേതാക്കളെക്കൊണ്ടു പാടിക്കുന്ന പതിവ് പണ്ടും ഉണ്ടായിരുന്നു. അടൂര്‍ ഭാസി ഒരുപാട് സിനിമകളില്‍ പാടിയിട്ടുണ്ട്. ആ പാട്ടിന് ഏറ്റവും യോജിക്കുന്ന സ്വരം അദ്ദേഹത്തിന്റേതായതു കൊണ്ടാണത്. അതുപോലെ കണ്‍മണീ അന്‍പൊട് എന്ന പാട്ട് പ്രഫഷനല്‍ ഗായകനല്ലാതെ കമല്‍ഹാസനല്ലേ പാടി ക്ലാസിക് ആക്കിയത്. അതുകൊണ്ട് മലയാള സിനിമാ സംഗീതരംഗം വളരെ നല്ലൊരു മാറ്റത്തിന്റെ പാതയിലാണെന്നത് ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുക എന്നതാണ് ആത്യന്തികമായി വേണ്ട കാര്യം.

 

ബിജിബാൽ

 

anand-madhusoodanan
ആനന്ദ് മധുസൂദനന്‍

സിനിമകളിൽ സംഗീതത്തിനു പ്രാധാന്യം കുറഞ്ഞതായി തോന്നിയിട്ടില്ല. ഒരുപാട് പാട്ടുകൾ വേണ്ടിവരുന്ന സാഹചര്യം ഇന്നത്തെ സിനിമാ പ്രമേയങ്ങൾ ആവശ്യപ്പെടുന്നില്ല. ഇത് കാലഘട്ടത്തിന്റെ കൂടി മാറ്റമാണ്. അത് സ്വഭാവികവുമാണ്. ഹോളിവുഡ് സിനിമകളിലേക്കു നോക്കൂ.. പാട്ടുകൾ സിനിമയിൽ കാണിക്കുന്നതു കുറവല്ലേ? അതു മാത്രമല്ല, സംഗീതരംഗത്തെ മൊത്തം ആളുകളും ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. അവരുടേതായ സംഗീത സൃഷ്ടികളുമായി മുന്നോട്ടു പോകുകയാണ് എല്ലാവരും. കാലം അതാണ് ആവശ്യപ്പെടുന്നതും. എങ്കിലും പാട്ടുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ഥിതി എല്ലായിടത്തും ഉണ്ട്; തമിഴിലും തെലുങ്കിലുമെല്ലാം. ഇറങ്ങുന്ന പാട്ടുകളുടെ എണ്ണവും പാട്ടു കേൾക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമുകളുടെ എണ്ണവും ആളുകൾക്കു ലഭ്യമാകുന്ന പാട്ടുകളുടെ എണ്ണവും കൂടി. സമാന്തര സംഗീതരംഗം സജീവമാണ്. അതിലും ശ്രദ്ധിക്കപ്പെടുന്ന പാട്ടുകളുടെ എണ്ണം കുറവാണ്. ഇതെല്ലാം ഇക്കാലത്തിന്റെ പ്രത്യേകതകളാണ്. അതിനെ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളുക എന്നതാണ് ഏക മാർഗം. അങ്ങനെ തന്നെയാണ് നടക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

 

ഗോപി സുന്ദര്‍

mithun-jayaraj
മിഥുൻ ജയരാജ്

 

ഒരു സിനിമയില്‍ സംഗീതം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. ആ സംഗീതം സൃഷ്ടിക്കാനുള്ള ദൗത്യം സംഗീതസംവിധാനിലേക്കു വരുമ്പോള്‍ അയാള്‍ സിനിമയ്ക്കു വേണ്ടി ചെയ്യുന്ന ആ പാട്ടുകള്‍ ആരു പാടണം എന്ന് തീരുമാനിക്കുന്നതും അദ്ദേഹമാണ്. സിനിമയിലെ സാഹചര്യത്തിനു ചേരുന്ന പാട്ടു പാടാന്‍ അതിനോടു യോജിക്കുന്ന സ്വരം തന്നെ വേണ്ടേ? നിലവില്‍ മലയാള സിനിമയിലെ പാട്ടുകള്‍ക്കു പ്രാധാന്യം കുറവുണ്ട് എന്ന് തോന്നിയിട്ടില്ല. സിനിമകള്‍ ആവശ്യപ്പെടുന്നതാണ് സിനിമയിലെ സംഗീതം. ആ സംഗീതം ഇപ്പോഴും ഉണ്ട്. പശ്ചാത്തലത്തിലാണെങ്കിലും അല്ലാതെ പാട്ടുകളായിട്ടാണെങ്കിലും സിനിമയില്‍ സംഗീതമുണ്ട്. അത് ഒരിക്കലും മാറാനും പോകുന്നില്ല. പക്ഷേ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ട് എറണാകുളത്തെ എംജി റോഡില്‍ ഉണ്ടായിരുന്ന തിരക്കാണോ ഇന്നുള്ളത്? അന്നു കാണുന്ന വാഹനങ്ങള്‍ ആണോ ഇന്ന് നമ്മള്‍ കാണുന്നത്, അല്ലല്ലോ? ആളുകള്‍ വണ്ടികള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അതിനു വേണ്ടി കാത്തുനില്‍ക്കുന്ന കാര്യത്തിലും വഴികള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലുമെല്ലാം മാറ്റം വന്നില്ലേ. അതിന് അതിന്റെതായ ഭംഗിയുണ്ട്. അനുഭവവും വേറെയാണ്. മാറ്റം എല്ലാത്തിലും വരുന്നതു പോലെ തന്നെ സംഗീത സംവിധാനരംഗത്തും സംഭവിക്കുന്നുണ്ട്. അത് വാസ്തവമാണ്. ഇനിയുള്ള കാലത്ത് അങ്ങനെ ആയിരിക്കും മുന്നോട്ടുപോകുക. ഹോളിവുഡ് സിനിമകള്‍ എടുത്താല്‍, അതിൽ പാട്ടുകള്‍ക്കു പ്രാധാന്യം ഉണ്ടാവില്ലല്ലോ. പശ്ചാത്തല സംഗീതത്തിനാണ് പ്രാധാന്യം. അവിടെ സംഗീതം കുറെക്കൂടി ഇന്‍ഡിപെന്‍ഡ് ആണ്. അതുപോലുള്ള ഒരു മാറ്റത്തിന്റെ പാതയില്‍ ആവും മലയാള സംഗീതരംഗവും. പിന്നെ ലൈവ് ഷോകള്‍ സജീവമാണ്. അതുപോലെ, ഇപ്പോള്‍ നമ്മള്‍ പാടാന്‍ ചെല്ലുമ്പോള്‍ കേള്‍വിക്കാര്‍ പറയുന്നതാണ് പാടിക്കൊടുക്കേണ്ടത്. ഓരോ സ്ഥലത്തും അത് മാറി മാറി വരും. പിന്നെ നമുക്കിന്ന് ഒരുപാട് പാട്ടുകാരും പാട്ട് കേള്‍ക്കാനുള്ള പ്ലാറ്റ്‌ഫോമുകളുമുണ്ട്. ആളുകള്‍ ഒരുപാട് സംഗീതം കേള്‍ക്കുന്നുണ്ട്. വലിയ കാര്യമാണത്. എല്ലാ പാട്ടുകളും കേള്‍ക്കാനുള്ള സമയവും സാവകാശവും അവര്‍ക്ക് ഉണ്ടാവില്ല. എല്ലാ കാലത്തും ശ്രദ്ധിക്കപ്പെടുന്നതും ശ്രദ്ധിക്കപ്പെടാത്തതും ആയ പാട്ടുകളുണ്ട്. സംഗീതം ശ്രദ്ധിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കാളും അവസരങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നതിനേക്കാളും ഇവിടെ സംഗീതം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ കാര്യം. അതിനാണ് പ്രാധാന്യം.

 

മധു ബാലകൃഷ്ണന്‍

 

സിനിമയില്‍ പണ്ടത്തെപ്പോലെ പിന്നണി ഗാനരംഗത്തിന് അത്രയ്ക്ക് പ്രാധാന്യമില്ല എന്നുള്ളത് വാസ്തവമാണ്. പിന്നെ പാട്ടിനൊപ്പം ചുണ്ടനക്കി അഭിനയിക്കാൻ താൽപര്യമുള്ള താരങ്ങളും ഇപ്പോൾ കുറവാണ്. ഇന്ന് പശ്ചാത്തല സംഗീതത്തിനാണ് കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. ശരിക്കും അത് തിരിച്ചറിയുന്നുണ്ട് ഞാന്‍. സിനിമയില്‍ പാട്ടുകളുടെ എണ്ണം കുറയുകയാണ്. ഞാന്‍ ഭക്തിഗാന മേഖലയില്‍ സജീവമായതിനാല്‍ അക്കാര്യം കൂടുതലായി എന്നെ ബാധിക്കുന്നില്ല എന്നേയുള്ളൂ. ഇനിയുള്ള കാലത്തെ പാട്ടുകാര്‍ക്ക് സിനിമ സംഗീതത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാന്‍ സാധിക്കില്ല. നമ്മള്‍ പാട്ടുകാരായിരിക്കുന്നതു പോലെ നമ്മുടെ സ്വന്തം പാട്ടുകള്‍ സൃഷ്ടിക്കാനും പുതിയ കാലത്ത് എല്ലാ തരത്തിലും മാറാനുമുള്ള ശ്രമം ആത്മാർഥമായി നടത്തിയേ തീരൂ. അതല്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നു തോന്നുന്നില്ല. പക്ഷേ നന്നായി പാടാന്‍ അറിയുന്നവർക്കും അതിനായി പരിശ്രമിക്കുന്നവര്‍ക്കും വേണ്ടി നമ്മുടെ നാട്ടില്‍ ഒരുപാട് വേദികളുണ്ടെന്നുള്ളത് വലിയ കാര്യമാണ്. നല്ല ഗായകരെ കാത്ത് ഒരുപാട് സ്റ്റേജുകളും ലൈവ് ഷോകളുമുണ്ട്. നമ്മുടെ നിലനില്‍പ് അതില്‍ക്കൂടി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. അല്ലാതെ പണ്ടത്തെപ്പോലെ സിനിമയിലെ സംഗീതത്തെ ആശ്രയിച്ച് മാത്രം നില്‍ക്കാനാകില്ല. ഒരു പാട്ടുപാടിയിട്ട് അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി. എന്റെ സംഗീത സൃഷ്ടികൾ അവതരിപ്പിക്കാനായി ഒരു യൂട്യൂബ് ചാനല്‍ ഞാന്‍ തുടങ്ങി. അങ്ങനെ മാറേണ്ടിയിരിക്കുന്നു, പാട്ടുകാര്‍ ഓരോരുത്തരും.

 

മരണത്തിലും പുഞ്ചിരിക്കുന്ന സംഗീതം

 

അഭയ ഹിരൺമയി

 

മുൻപു മലയാള സിനിമാ സംഗീതരംഗത്ത്, ഏറ്റവുമധികം പാട്ടുകൾ പാടിയിരുന്നത് അഞ്ചോ ആറോ ഗായകരാണ്. ഗായകർ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വന്നിരുന്നതും അവരെയാണ്. സിനിമകൾക്ക് അവരുടെ സ്വരം ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ ഇന്ന് ഒരുപാട് പാട്ടുകാരുണ്ട്. ഒത്തിരിപ്പേർ ഒരേ രംഗത്ത് ഉണ്ടാകുമ്പോൾ അതിൽ തിരിച്ചറിയപ്പെടലിന് ഒരു തെളിച്ചക്കുറവുണ്ടാകും. അത് വാസ്തവമാണ്, അതാണിപ്പോൾ സംഭവിക്കുന്നത്. ഗായകർക്ക് സ്വന്തം ഐഡന്റിറ്റി തെളിയിക്കുക എന്നുള്ള വളരെ ശ്രമകരമായ ഒരു ദൗത്യം കൂടി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇന്നത്തെ പാട്ടുകൾ എടുത്താൽ അതില്‍ ഒരു പാട്ടിനു തന്നെ പല സ്വരങ്ങളാണ്. അഞ്ചോ ആറോ പേർ ചേർന്നു പാടുന്ന പാട്ടുകളുണ്ട്. പല്ലവിയും അനുപല്ലവിയും വേറെ വേറെ ആളുകൾ പാടുന്നതാണ് ഇപ്പോഴത്തെ പതിവ്. അതേസമയം പണ്ടില്ലാതിരുന്ന വേദികൾ ഇന്നുണ്ട്. കവർ സോങ്ങുകൾ പാടി സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഒക്കെ പോസ്റ്റ് ചെയ്തിട്ട് അതിൽ കൂടി വരുമാനം ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട്. അതിൽ നിന്നുള്ള വരുമാനം കൊണ്ടു മുന്നോട്ടുപോകുന്ന നിരവധി പേരാണുള്ളത്. സിനിമയിൽ ഒരു പാട്ടു പാടിയാൽ കിട്ടുന്നതിനേക്കാൾ പണം അവരിൽ പലരും ഓരോ മാസവും ഈ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഉണ്ടാക്കുന്നുണ്ട്. സിനിമയിൽത്തന്നെ പാടണം എന്ന നിർബന്ധം പോലുമില്ല അവർക്ക്. അവർക്ക് അവരുടെ സംഗീതം പുറത്തെത്തിക്കാൻ ഒരുപാട് ഇടങ്ങൾ വേറെയുമുണ്ട്. ഇതെല്ലാം ഇക്കാലത്തിന്റെ പ്രത്യേകതയാണ്. അതിനെ വളരെ പോസിറ്റീവ് ആയി ഉൾക്കൊള്ളുന്ന ആളാണ് ഞാൻ. എല്ലാവർക്കും സ്ഥാനമുള്ള ഇടമായിട്ടാണ് പുതിയകാല സംഗീതരംഗത്തെ ഞാൻ കാണുന്നത്.

 

രാജലക്ഷ്മി

 

ഇപ്പോഴത്തെ സിനിമകളില്‍ ഗാനങ്ങള്‍ പൊതുവേ കുറവാണ് എന്നതു വാസ്തവമാണ്. കാലത്തിന്റേതായ മാറ്റം എന്ന നിലയ്ക്കാണ് അതിനെ നോക്കിക്കാണുന്നത്. എങ്കിലും സങ്കടം തോന്നാറുണ്ട്. നമ്മുടെ കരിയര്‍ കൂടിയല്ലേ പിന്നണി ഗാനരംഗം. കോവിഡ് കാലത്ത് ലൈവ് ഷോകളും ഇല്ലായിരുന്നു. അതായിരുന്നു ഏറ്റവും പ്രതിസന്ധി. പിന്നീട് അതുമാറി. ലൈവ് ഷോകളില്‍ ഇന്ന് സജീവമാണ്. ആളുകള്‍ പാടാന്‍ ആവശ്യപ്പെടുന്നത് മിക്കപ്പോഴും പഴയ പാട്ടുകളാണ്. അല്ലെങ്കില്‍ അവര്‍ക്കിഷ്ടം നാടന്‍ പാട്ടുകളാണ്. കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതും ലൈവ് ഷോകളിലൂടെയാണ് പലപ്പോഴും. ഇനിയൊരുകാലത്ത് പിന്നണി ഗാനരംഗം തന്നെ ഇല്ലാതാകുമോ എന്ന പേടിയുണ്ട്. 

 

ആനന്ദ് മധുസൂദനന്‍

 

സിനിമകളില്‍നിന്നു സംഗീതം എങ്ങും പോയിട്ടില്ല. പക്ഷേ അതിലെ സംഗീതം അവതരിപ്പിക്കുന്ന രീതിയില്‍ വ്യത്യാസം വന്നിട്ടുണ്ട് എന്നു പറയുന്നതാകും കൂടുതല്‍ ശരി. പാട്ടുകളേക്കാള്‍ പശ്ചാത്തല സംഗീതം കൂടുതല്‍ പ്രാധാന്യം നേടുന്നുണ്ടിപ്പോള്‍. എല്ലാക്കാലത്തും എല്ലാ മേഖലകളിലും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമ സംഗീതരംഗത്ത് ഇപ്പോള്‍ സംഭവിക്കുന്ന മാറ്റം, സിനിമകളില്‍ പാട്ടുകളുടെ എണ്ണം കുറയുണ്ടെങ്കിലും പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം കൂടുന്നുണ്ടെന്നതാണ്. ഹോളിവുഡ് സിനിമകളിലേതു പോലെയായി വരുന്നു ഇപ്പോള്‍. അവിടുത്തെ സിനിമകള്‍ എടുത്താല്‍ അതിലെത്ര പാട്ടുണ്ട് എന്നറിയാന്‍ ക്രെഡിറ്റ് നോക്കിയാലേ മനസ്സിലാകൂ. അതുപോലെ, ഇന്ന് ഒരു പാട്ടുപാടാന്‍ ഏതെങ്കിലും ഒരു പ്രത്യേക ഗായകനോ ഗായികയോ വേണമെന്ന വാശി സംഗീതസംവിധായകര്‍ക്ക് ഇല്ല. അതുപോലെതന്നെ നമ്മുടെ ഒരു പാട്ടുപാടാന്‍ ഒരുപാട് ഗായകരും ഉണ്ട്. ഒരാളെ കിട്ടിയില്ലെങ്കില്‍ മറ്റൊരാള്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വന്നു. പശ്ചാത്തല സംഗീതത്തിനുള്ള പ്രാധാന്യം കാണാതെ പോകാനാകില്ല. അതുകൊണ്ടു തന്നെ സിനിമകളിലെ സംഗീതം ഇല്ലാതാകുന്നു എന്ന് നമുക്ക് ഒരിക്കലും പറയാന്‍ പറ്റില്ല. 

 

പഴയ സിനിമകളായ നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ചിത്രം, കിലുക്കം, താളവട്ടം, വന്ദനം എന്നിവ എടുത്തു നോക്കൂ. അവയെക്കുറിച്ച് ഓർക്കുമ്പോള്‍ അതിനൊപ്പം അതിലെ പശ്ചാത്തല സംഗീതവും നമ്മുടെ മനസ്സിലേക്കു വരുന്നില്ലേ? ഒരുപക്ഷേ ആ സിനിമകള്‍ ഇറങ്ങിയ സമയത്ത് ഇത്രമാത്രം ശ്രദ്ധ കിട്ടിയിരുന്നോയെന്ന് അറിയില്ല. അതുപോലെ ഇപ്പോഴത്തെ പാട്ടുകള്‍ കുറേ നാള്‍ കഴിഞ്ഞാല്‍ ആളുകള്‍ കേള്‍ക്കുമായിരിക്കും. ഇന്ന് പാട്ട് കേള്‍ക്കാനുള്ള പ്ലാറ്റ്‌ഫോമുകള്‍ ഒരുപാടുണ്ട്. ഒരുപാട് വിഭാഗങ്ങളിലെ പാട്ടുകള്‍ ഇവിടങ്ങളില്‍ നിന്നു കേള്‍ക്കാനാകും. അതുകൊണ്ട് ആളുകള്‍ക്കിടയില്‍ പാട്ട് ശ്രദ്ധിക്കപ്പെടുക എന്നതു തന്നെ ശ്രമകരമായ കാര്യമാണ്. ഞാന്‍ ചിട്ടപ്പെടുത്തിയ പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ട് എഡ് ഷീരന്റെ സ്വരത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അവതരിപ്പിച്ചിരുന്നു. അത്രമാത്രം കാര്യങ്ങള്‍ മാറിമറിയുകയാണ്. ഏതാണ് ഒറിജിനല്‍ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ടെക്‌നോളജി സംഗീതരംഗത്തും എത്തുകയാണ്. അതുപോലെതന്നെ ഇന്നത്തെ കാലത്ത് പാട്ട് പാടാന്‍ അറിഞ്ഞില്ലെങ്കില്‍ പോലും പ്രശ്‌നമില്ല. വരികള്‍ വെറുതെ വായിച്ചാല്‍ പോലും പൂര്‍ണമായും പാട്ടുകളായി മാറ്റാന്‍ കഴിയുന്നത്ര ടെക്‌നോളജി ഇന്നുണ്ട്. നിലവിലെ പിന്നണിഗാനരംഗത്തിനും ഗായകര്‍ക്കും സംഭവിക്കുന്നു എന്ന് പറയുന്ന ഇതേ കാര്യം സംഭവിച്ച മറ്റൊരു രംഗമാണ് ലളിതഗാനം. അതെപ്പറ്റി ഇത്തരം ചര്‍ച്ചകള്‍ ഒന്നും ഉണ്ടാകുന്നില്ല. ആ സംഗീത ശാഖ തന്നെ അപ്രത്യക്ഷമായി. ഇപ്പോഴും ആ രംഗവുമായി ബന്ധപ്പെട്ട പാട്ടുകള്‍ ഇറങ്ങുന്നുണ്ടോ? പാട്ടുകാര്‍ ഉണ്ടോ? രചനകള്‍ പുതിയത് വരുന്നുണ്ടോ? ഇക്കാര്യങ്ങളൊന്നും നമ്മള്‍ ആരും അന്വേഷിക്കാറില്ല.

 

മിഥുന്‍ ജയരാജ്

 

കാലം മാറിയതിന് അനുസരിച്ചിട്ടുള്ള ഒരു മാറ്റമേ എനിക്ക് തോന്നിയിട്ടുള്ളൂ. പക്ഷേ പിന്നണിഗായകര്‍ക്ക് അത്രമാത്രം പാട്ടുകള്‍ ഇല്ലാത്ത അവസ്ഥ നിലവില്‍ മലയാള സിനിമയിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു കൃതിയടക്കം അടുത്തിടെ ഒരു മലയാള സിനിമയില്‍ പാടിയിരുന്നു. സിനിമ ആവശ്യപ്പെടുന്ന സംഗീതത്തിനു മാറ്റം വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. പണ്ടത്തെപ്പോലെ ഗ്രാമീണ ചന്തത്തെയോ അവിടത്തെ പ്രണയത്തേയോ കുറിച്ചുള്ള പാട്ടുകള്‍ ചിലപ്പോള്‍ ഉണ്ടാകുന്നില്ലായിരിക്കും. കാരണം ഇന്നത്തെ സിനിമയിലെ കാമുകന്‍മാര്‍ വയല്‍ക്കരയിലോ മറ്റോ പോയിരുന്നു പാടുന്ന ഒരു രംഗം കാണാനാകില്ല. അവര്‍ മിക്കപ്പോഴും ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നത്‌. അതിനനുസരിച്ചുള്ള പാട്ടുകളേ നമുക്ക് സൃഷ്ടിക്കാനാകൂ. ഇതൊക്കെയാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിനപ്പുറം എന്തെങ്കിലും ദോഷകരമായ ഒരു മാറ്റം മലയാള സിനിമയിലെ പിന്നണിഗാനരംഗത്തിനു സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

 

English Summary: Is the importance of songs lessening in the Malayalam cinema industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com