‘ലഹരി ഉപയോഗത്തെ വാഴ്ത്തുന്നു’; വിജയ്‌ക്കെതിരെ പരാതിയുമായി സാമൂഹിക പ്രവർത്തകൻ
Mail This Article
വിജയ് ചിത്രം ‘ലിയോ’യിലെ ‘നാ റെഡി’ പാട്ടിനെതിരെ പരാതി. പാട്ട് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ചെന്നൈ സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകനാണ് ചെന്നൈ പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നൽകിയത്. നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം വിജയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
‘നാ റെഡി’ എന്ന ഗാനം വിജയ് തന്നെയാണ് ആലപിച്ചത്. നടന്റെ ജന്മദിനമായ ജൂൺ 22നായിരുന്നു പാട്ടിന്റെ റിലീസ്. ഗാനരംഗത്തിൽ വിജയ് സിഗരറ്റ് വലിക്കുന്നതും നൃത്തരംഗങ്ങളില്‍ ചുറ്റുമുള്ളവരുടെ കയ്യില്‍ ബീയര്‍ ഗ്ലാസുകള്‍ കാണിക്കുന്നതും ലഹരി ഉപയോഗത്തെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉയരുന്ന ആരോപണം. പിഎംകെ പ്രസിഡന്റും എംപിയുമായ അന്‍പുമണി രാമദോസും വിജയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
ലിയോയ്ക്കു വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘നാ റെഡി’. വിജയ്ക്കൊപ്പം ആലാപനത്തിലും അനിരുദ്ധ് പങ്കുചേർന്നിട്ടുണ്ട്. വിഷ്ണു എടവൺ ആണ് പാട്ടിനു വരികൾ കുറിച്ചത്. റാപ് ശൈലി കൂടി ഇടകലർത്തിയിരിക്കുന്ന ഗാനത്തിനു വേണ്ടി അസ്സൽ കോലാർ റാപ് വരികൾ ഒരുക്കുകയും അവതരിപ്പിച്ചതും ചെയ്തു.