ADVERTISEMENT

ഗുരുതരമായ ബാക്ടീരിയ അണുബാധയെത്തുടർന്ന് പോപ് ഇതിഹാസം മഡോണ ആശുപത്രിയിൽ. ശനിയാഴ്ചയാണ് മഡോണയെ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദിവസങ്ങളോളം ഐസിയുവിൽ കഴിഞ്ഞ മഡോണ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മകൾ ലോർഡ്സ് ലിയോൺ ആണ് മഡോണയ്ക്കൊപ്പം ആശുപത്രിയിലുള്ളത്.

 

ആരോഗ്യപ്രശ്നമുണ്ടായതിനെത്തുടർന്ന് മഡോണയുടെ ലോകപര്യടനം നീട്ടിവച്ചതായും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും മഡോണയുടെ മാനേജർ ഗൈ ഒസിയറി അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ടെങ്കിലും അതീവ കരുതലോടെയുള്ള പരിചരണം ആവശ്യമാണെന്നും മഡോണ രോഗത്തിൽ നിന്നും പൂർണ മുക്തി നേടുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

സംഗീതജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ‘സെലബ്രേഷൻ ടൂർ’ എന്ന പേരിൽ മഡോണ ലോകപര്യടനം നടത്താൻ നിശ്ചയിച്ചത്. ജൂലൈ 15ന് വാൻകോവറിൽ ആരംഭിച്ച് ഡിസംബർ 1ന് ആംസ്റ്റർഡാമിൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി. ലോകപര്യടനത്തിനു തയ്യാറെടുക്കവേ ‘കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത’ എന്ന അടിക്കുറിപ്പോടെ മഡോണ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

സെലബ്രേഷൻ ടൂറിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അപ്രതീക്ഷിതമായി ഗായികയെ രോഗം ബാധിച്ചത്. മഡോണ സുഖം പ്രാപിക്കുന്നതിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകവൃന്ദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com