ഞാനേ കണ്ടിട്ടുള്ളൂ, ഞാൻ മാത്രം! വേദിയിലെ പുല്ലാങ്കുഴൽ വാദനത്തിനിടെ കൃഷ്ണന്റെ ഓടക്കുഴൽ ഊർന്നു വീണ അപൂർവ നിമിഷം!
Mail This Article
കണ്ണൂർ പയ്യന്നൂരിൽ പോത്താങ്കണ്ടം ആനന്ദഭവൻ ആശ്രമം നടത്തുന്ന തുരീയ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിക്കാനെത്തിയതായിരുന്നു പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ. പണ്ഡിറ്റ്ജിയുടെ ഈണപ്പെയ്ത്തിൽ മനസ്സിനെ കുളിർപ്പിക്കാൻ സദസ്സ് നിറയെ ആരാധകർ. വേദിയിൽ പ്രതിഷ്ഠിച്ച കൃഷ്ണവിഗ്രഹത്തിന്റെ മുൻപിൽ അരികിലായിരുന്നാണ് പണ്ഡിറ്റ്ജി ഹിന്ദുസ്ഥാനി സംഗീതം– പുല്ലാങ്കുഴൽ വാദനം നടത്തിയത്. കച്ചേരിയുടെ ചിത്രമെടുക്കുന്നതിനു വേണ്ടി പോയ മലയാള മനോരമ ഫൊട്ടോഗ്രഫർ ധനേഷ് അശോകൻ അവിടെ സംഭവിച്ച അപൂർവമായ ഒരു നിമിഷത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ:
‘സംഗീതം കൊണ്ട് മഴ പെയ്യിക്കുന്നതും, രോഗങ്ങൾ മാറ്റുന്നതുമൊക്കെയായ സംഭവങ്ങൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. ഞാൻ നേരിൽ കണ്ട ഒരു അനുഭവമാണ് ഇവിടെ കുറിച്ചിടുന്നത്. പയ്യന്നൂരിൽ പോത്താങ്കണ്ടം ആനന്ദഭവൻ ആശ്രമം നടത്തുന്ന തുരീയ സംഗീതോത്സവത്തിൽ ആദ്യദിനത്തിൽ പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി സംഗീതം– പുല്ലാങ്കുഴൽ വാദനമാണ് അരങ്ങേറിയത്. സംഗീത പ്രേമികൾ നിറഞ്ഞ സദസ്സ്. ഒരു നിയോഗം പോലെ ചിത്രമെടുക്കാൻ പയ്യന്നൂരിലെ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ എത്തിയതാണ് ഞാൻ. ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം പണ്ഡിറ്റ്ജിയുടെ കാച്ചേരിക്കായി കാത്തിരിക്കുകയാണ് ഞാനടക്കമുള്ള സംഗീത ആസ്വാദകർ. ചൗരസ്യയുടെ കച്ചേരി ചിത്രങ്ങൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും നല്ലൊരു ഫ്രെയിം ആലോചിച്ചു. സംഗീതം ആസ്വദിച്ചു ചിത്രമെടുക്കണമെന്നായിരുന്നു മനസ്സു നിറയെ. പക്ഷേ സ്വാമിയുടെ നിയന്ത്രണം ആലോചിച്ചപ്പോൾ മനസ്സ് ആശങ്കയിലായി.
സദസ്സിന്റെ ഒരു വശത്തു നിന്നു മാത്രമേ തുടക്കം മുതൽ ചിത്രങ്ങളെടുക്കാൻ സാധിച്ചിരുന്നുള്ളു. കുറച്ചു ചിത്രങ്ങൾ എടുത്തു മടങ്ങാനൊരുങ്ങുമ്പോഴാണ് വേദിയുടെ പിന്നിലായി വച്ചിരിക്കുന്ന കൃഷ്ണവിഗ്രഹം കാണുന്നത്. കൃഷ്ണനെയും ചൗരസ്യയെയും ഒരു ഫ്രെയിമിലൊതുക്കാൻ നിയന്ത്രണങ്ങൾക്കിടയിലൂടെ ആ ഹാളിന്റെ പല ഭാഗത്തും നടന്നു നോക്കി. ഒടുവിൽ സദസ്സിന്റെ മുൻ നിരയിൽ നിലത്ത് ഇരുന്നപ്പോൾ പുല്ലാങ്കുഴൽ വാദന ‘‘കേമൻമാർ’’ രണ്ടാളും ഒരു ഫ്രെയിമിൽ. ചിലർ അങ്ങനെയാണ് വല്ലാതെ മനസ്സിൽ തട്ടും. പണ്ഡിറ്റ്ജിയുടെ നാദം കൊടുംമ്പിരി കൊണ്ട് സദസ്സ് ആവേശ കൊടുമുടിയിലെത്തി നിൽക്കുമ്പോൾ പിറകിൽ വച്ചിരുന്ന ആ ശ്രീകൃഷ്ണന്റെ ഓടകുഴൽ വീഴുന്ന കാഴ്ച ഞാൻ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ. ഞാനേ കണ്ടിട്ടുള്ളൂ... എനിക്കതു തോന്നിയത് ഈശ്വരന്റെ അനുഗ്രഹം പോലെയാണ്. നാദവിസ്മയം കേട്ട് കൃഷ്ണൻ അനുഗ്രഹിച്ചെന്ന പോലെ ഒരു സന്ദർഭം’.