രാജ്യത്തെ ‘വിലയുള്ള’ ഗായകനായി എ.ആർ.റഹ്മാൻ, ഒരു പാട്ടിന് വാങ്ങുന്നത് കോടികൾ!
Mail This Article
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എന്ന ഖ്യാതി സ്വന്തമാക്കി സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. ഒരു ഗാനം ആലപിക്കാൻ അദ്ദേഹം വാങ്ങുന്ന തുക കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു പാട്ടിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക അഥവാ ഗായകൻ ആരാണെന്നത് പല കാലങ്ങളിലായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സുനിധി ചൗഹാൻ, സോനു നിഗം, അർജിത് സിങ്, ശ്രേയ ഘോഷാൽ എന്നിവരായിരുന്നു സാധ്യതാ പട്ടികയിലെ പ്രമുഖർ. എന്നാൽ ഈ മുൻനിര ഗായകരെയൊക്കെ പിൻതള്ളിയാണ് എ.ആർ.റഹ്മാൻ ഒന്നാമതെത്തിയത്.
സംഗീതസംവിധാനത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാൻ, ആലാപനശൈലിയിലൂടെയും ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. റഹ്മാൻ തന്നെ സംഗീതം നിർവഹിക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും ഗാനങ്ങൾ ആലപിക്കുന്നത്.
പതിനൊന്നാം വയസ്സിൽ സംഗീതരംഗത്തെത്തിയതാണ് എ.ആർ.റഹ്മാൻ. 1992ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ‘റോജ’യിലൂടെ സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായി. റോജയിലെ പാട്ടുകൾ രാജ്യം മുഴുവൻ ഏറ്റുപാടിയതോടെ തിരക്കുള്ള സംഗീതജ്ഞനായി റഹ്മാൻ അതിവേഗം വളർന്നു. ‘യോദ്ധ’യാണ് ആദ്യ മലയാള ചിത്രം.