ADVERTISEMENT

കരൺ ജോഹർ സംവിധാനം ചെയ്യുന്ന ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിൽ ആലിയ ഭട്ടും രൺവീർ സിങ്ങും ചേർന്നഭിനയിച്ച പ്രണയഗാനം  ‘തും ക്യാ മിലെ’യുടെ പേരിൽ വിവാദം. പാട്ടിനെക്കുറിച്ച് കരൺ ജോഹർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിലെ ക്രെഡിറ്റിൽ നിന്നു പാട്ടിലെ പെൺസ്വരമായ ശ്രേയ ഘോഷാലിനെ ഒഴിവാക്കിയതിനെത്തുടർന്നാണ് വിവാദചർച്ചകൾ തലപൊക്കിയത്.

 

‘ദ് ഡ്രീം ടീം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റിൽ സംഗീതസംവിധായകൻ പ്രിതം, ഗാനരചയിതാവ് അമിതാഭ് ഭട്ടാചാര്യ, പാട്ടിലെ പുരുഷ ശബ്ദമായ അർജിത് സിങ് എന്നിവരുടെ പേരുകൾ മാത്രമാണ് കരൺ‍ ജോഹർ ഉൾപ്പെടുത്തിയത്. തുടർന്ന് ക്രെഡിറ്റിൽ ശ്രേയ ഘോഷാലിനെ പരാമർശിക്കാത്തതിൽ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർ അതൃപ്തി അറിയിച്ചു.

 

കരൺ ജോഹറിന്റെ പോസ്റ്റ് വൈറലായതോടെ ഡ്രീം ടീമിൽ ക്രെഡിറ്റ് ലഭിക്കാത്തതിനെക്കുറിച്ച് ട്വീറ്റുമായി ശ്രേയ ഘോഷാൽ രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഗായിക അത് നീക്കം ചെയ്യുകയുമുണ്ടായി. തൊട്ടുപിന്നാലെ പുതിയ റീൽ വിഡിയോയുമായി ആലിയ ഭട്ട് എത്തി. ശ്രേയ ഘോഷാലിന്റെ പാട്ടിനൊപ്പം ചുണ്ടുകൾ ചലിപ്പിക്കുന്ന വിഡിയോ ആണ് ആലിയ പങ്കുവച്ചത്.

 

പിന്നീട് ഒരു ലൈവ് വേദിയിൽ ‘തും ക്യാ മിലെ’ പാട്ടിനെ പ്രശംസിച്ചു സംസാരിക്കവെ ശ്രേയ ഘോഷാലിന്റെ പേര് മാത്രമാണ് കരൺ ജോഹർ പരാമർശിച്ചത്. ചിത്രത്തില്‍ ശ്രേയ പാടിയ ഈ പ്രണയഗാനം സിനിമയുടെ ആത്മാവിനെ മുഴുവനായി പിടിച്ചെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ അർജിത് സിങ്ങിന്റെ പേര് പരാമർശിക്കാത്തതിനെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി. കരൺ ജോഹറിന് എന്തുപറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

 

പുറത്തിറങ്ങിയ അന്നു മുതൽ ‘തും ക്യാ മിലെ’ ട്രെൻഡിങ്ങിലാണ്. കേവലം 6 ദിവസങ്ങള്‍ കൊണ്ട് നാല് കോടിയിലേറെ പ്രേക്ഷകരെ പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. ആലിയ ഭട്ട് അമ്മയായി കേവലം നാല് മാസങ്ങൾ മാത്രം പിന്നിടവെ ചിത്രീകരിച്ചതാണ് ‘തും ക്യാ മിലെ’. വൈഭവി മെർച്ചന്റ് പാട്ടിന്റെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com