‘ഞാൻ ആദ്യം ഓർത്തത് എന്റെ മക്കളെക്കുറിച്ച്, പിന്നെ നിങ്ങളെയും’; ആശുപത്രിക്കിടക്കയിൽ നിന്നും മഡോണയുടെ കുറിപ്പ്
Mail This Article
ബാക്ടീരിയ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പോപ് ഇതിഹാസം മഡോണയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. ഗായിക തന്നെയാണ് താന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയിക്കുകയാണെന്നും ആരാധകരെ നിരാശരാക്കാതെ പാട്ടുമായി താൻ തിരികെയെത്തുമെന്നും മഡോണ കുറിച്ചു.
മഡോണയുടെ കുറിപ്പ് ഇങ്ങനെ:
നിങ്ങൾ നൽകിയ പോസിറ്റീവ് എനര്‍ജിക്കും പ്രാർഥനകൾക്കും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. എല്ലാവരുടെയും സ്നേഹം അനുഭവിക്കാന്‍ സാധിച്ചു. ഞാനിപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ജീവിതത്തിൽ എനിക്കു ലഭിച്ച എല്ലാ നന്മകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായിരിക്കുന്നു. ആശപത്രിക്കിടക്കയിൽ നിന്നും ഉറക്കമുണർന്നപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് എന്റെ മക്കളെക്കുറിച്ചാണ്. പിന്നെ നിങ്ങളെക്കുറിച്ചും. എന്റെ ലോകസംഗീതപര്യടനത്തിനായി ടിക്കറ്റുകളെടുത്ത നിങ്ങളെയാരെയും ഞാനൊരിക്കലും നിരാശപ്പെടുത്തില്ല. എന്റെ സംഗീതപരിപാടിക്കു വേണ്ടി കഴിഞ്ഞ കുറേ മാസങ്ങളായി രാവും പകലും പ്രവർത്തിച്ചവരെയും നിരാശരാക്കാൻ എനിക്കു പറ്റില്ല. ആരോഗ്യം വീണ്ടെടുക്കുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതൽ കരുത്തോടെ വൈകാതെ നിങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരികയാണ്. ലോകപര്യടനം ഒക്ടോബറിൽ തുടങ്ങാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരിക്കൽക്കൂടി നന്ദി.
മഡോണയുടെ കുറിപ്പിനു പിന്നാലെ നിരവധി ആരാധകരാണ് രോഗശാന്തി നേര്‍ന്നു കമന്റുകളുമായി എത്തുന്നത്. ജൂൺ 24നാണ് ബാക്ടീരിയ അണുബാധയെത്തുടർന്ന് മഡോണയെ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ മഡോണ ദിവസങ്ങളോളും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഗായികയുടെ ലോകപര്യടനവും മറ്റ് ഔദ്യോഗിക പരിപാടികളുമെല്ലാം നീട്ടിവച്ചു.
സംഗീതജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ‘സെലബ്രേഷൻ ടൂർ’ എന്ന പേരിൽ മഡോണ ലോകപര്യടനം നടത്താൻ നിശ്ചയിച്ചത്. ജൂലൈ 15ന് വാൻകോവറിൽ ആരംഭിച്ച് ഡിസംബർ 1ന് ആംസ്റ്റർഡാമിൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.
സെലബ്രേഷൻ ടൂറിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അപ്രതീക്ഷിതമായി ഗായികയെ രോഗം ബാധിച്ചത്. ലോകവേദികളെ ത്രസിപ്പിക്കാൻ മഡോണ പാട്ടുമായി വീണ്ടും എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.