വിനീത്–പ്രണവ് ചിത്രം: പാട്ടൊരുക്കാൻ ബോംബെ ജയശ്രീയുടെ മകൻ
Mail This Article
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ്. സമൂഹമാധ്യമങ്ങളിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘എന്റെ പുതിയ സംഗീതസംവിധായകൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിനീതിന്റെ പോസ്റ്റ്. ‘എന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുന്നു’ എന്ന കുറിപ്പോടെ അമൃത് രംഗനാഥും സന്തോഷം പങ്കുവച്ചു.
ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. പിറന്നാള്‍ ദിനമായ ഇന്നലെ പുതിയ ചിത്രത്തെക്കുറിച്ച് പ്രണവ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ‘വർഷങ്ങൾക്കു ശേഷം’ നിർമിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരുമെത്തുന്നു. നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.