ADVERTISEMENT

ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെ വീട്ടിലെത്തി സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിന്റെ 70ാം പിറന്നാളിനോടനുബന്ധിച്ചാണ് സ്റ്റാലിൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. വൈരമുത്തുവിനെ പൊന്നാടയണിയിച്ച് ആദരിക്കുന്ന സ്റ്റാലിന്റെ ചിത്രം പുറത്തുവന്നതോടെ കടുത്ത ഭാഷയിൽ വിമർശനവുമായി ചിന്മയിയും രംഗത്തെത്തി. 

 

‘നിരവധി സ്ത്രീകളിൽ നിന്നും ലൈംഗിക പീഡന ആരോപണം നേരിട്ട ഒരാൾക്ക് ജന്മദിനാശംസകൾ നേരാൻ തമിഴ്നാട് മുഖ്യമന്ത്രി അയാളുടെ വീട്ടിലെത്തി. ഗായികയായ ഞാൻ ഈ ഗാനരചയിതാവിനെതിരെ ലൈംഗികാതിക്രമ പരാതി നൽകുകയും അയാളെ പീഡകനെന്നു വിളിക്കുകയും ചെയ്തതിന് 2018 മുതൽ തമിഴ് സിനിമാ മേഖലയിൽ എനിക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 

 

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ജനിച്ചതിനാല്‍ ഏതൊരു സ്ത്രീയുടെ മേലും കൈവയ്ക്കാം എന്നാണ് ആ പീഡകന്റെ ധാരണ. രാഷ്ട്രീയപ്രവർത്തകരുമായി അടുപ്പമുള്ളതുകൊണ്ട് പീഡന പരാതി ഉന്നയിച്ച സ്ത്രീകളെ അയാൾ നിശബ്ദരാക്കി, അവരെ ഭീഷണിപ്പെടുത്തി. ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതീകരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചല്ലോ, ഇതാണ് അയാളുടെ ശക്തി. രാഷ്ട്രീയക്കാർ കൂടെയുള്ളതാണ് അയാളുടെ ബലം, ധൈര്യം. നിരവധി പുരസ്കാരങ്ങള്‍ നൽകി രാജ്യം ആ പീഡകനെ ആദരിക്കുകയും ചെയ്തു. 

 

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ അവരെല്ലാവരും നിശബ്ദരാകുന്നു. ആ പീഡകന്റെ ജന്മദിനം ആഘോഷിക്കുന്നതിലൂടെ മഹത്തായ തമിഴ് സംസ്‌കാരം ലൈംഗിക കുറ്റവാളികളെ പ്രകീർത്തിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഇവിടെ വിവേകവും സഹാനുഭൂതിയും വിദ്യാഭ്യാസവുമെല്ലാം വട്ടപൂജ്യം. വൈരമുത്തു മുതൽ ബ്രിജ് ഭൂഷണ്‍ വരെയുള്ളവര്‍ എല്ലായ്പ്പോഴും രക്ഷിക്കപ്പെടും. കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കാന്‍ മുൻപന്തിയിലുണ്ട്. പിന്നെ എന്തിനു വേണ്ടിയാണ് നീതിക്കായി നാം പോരാടുന്നത്. ഈ നാട്ടിൽ അടിസ്ഥാനപരമായി നീതിയും ന്യായവും ഇല്ല’, ചിന്മയി കുറിച്ചു. 

 

ചിന്മയിയുടെ പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് എതിർത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്. സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്. ഗായിക ഭുവന ശേഷനും വൈരമുത്തുവിനെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com