സിനിമാ പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്, ഈ പുരസ്കാരം ലോട്ടറി തന്നെ: മൃദുല വാരിയർ
Mail This Article
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സംഗീതസംവിധായകൻ എം.ജയചന്ദ്രനു സമർപ്പിക്കുന്നുവെന്ന് പുരസ്‌കാരം നേടിയ ഗായിക മൃദുല വാരിയർ. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ "മയിൽപീലി ഇളകുന്നു കണ്ണാ" എന്ന ഗാനത്തിലൂടെയാണ് മൃദുല പുരസ്‌കാരത്തിന് അർഹയായത്. എം.ജയചന്ദ്രൻ ഓരോ വരിയും ഭംഗിയായി പറഞ്ഞു തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞ ഭാവമാണ് വരികൾക്കു കൊടുത്തതെന്നും പറഞ്ഞ മൃദുല, ഈ പുരസ്കാരത്തിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണെന്നു പറയുന്നു. ട്രെയിൻ യാത്രയ്ക്കിടെയാണ് പുരസ്കാരപ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും മൃദുല കൂട്ടിച്ചേർത്തു:
മൃദുല വാരിയരുടെ വാക്കുകൾ ഇങ്ങനെ:
കോഴിക്കോട് നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ ആണ് പുരസ്കാരപ്രഖ്യാപനത്തെക്കുറിച്ച് അറിയുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണിത്. ഒരുപാട് സന്തോഷം തോന്നുന്നു. ഈ പാട്ട് എന്നെ വിശ്വസിച്ച് ഏൽപ്പിച്ചത് എം.ജയചന്ദ്രൻ സാറാണ്. ഇത്രയും ബുദ്ധിമുട്ടുള്ള ഈ പാട്ട് പാടാൻ അദ്ദേഹം എന്നെ വിളിച്ചതിനു എത്രത്തോളം നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. ഈ പുരസ്കാരം ഞാൻ സാറിനു സമർപ്പിക്കുന്നു. സർ പറഞ്ഞതുപോലെ ഞാൻ പാടി എന്നേ ഉള്ളൂ. ഓരോ വരിയും പാടേണ്ടത് എങ്ങനെ, എന്ത് ഭാവം കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞു തരുമായിരുന്നു.
ഞാൻ പാടിയ ആ പാട്ട് ഇഷ്ടമായി അതുപോലെ ഒരു പാട്ട് പാടണം എന്ന് പറഞ്ഞാണ് പലരും പാട്ട് പാടാൻ വിളിക്കാറുള്ളത്. അവാർഡുകൾ വലിയ അംഗീകാരം തന്നെയാണ്. ഇങ്ങനെ ഒരു ഗായിക ഉണ്ടെന്നുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. മികച്ച ഗായികയ്ക്കുള്ള പരാമർശം നേടിയ പാട്ട് "ലാലീ ലാലീ" എന്നതായിരുന്നു അതും എം.ജയചന്ദ്രൻ സാറിന്റെ പാട്ടായിരുന്നു. ആദ്യത്തെ അവാർഡിനു ശേഷം ഒരുപാട് അവസരങ്ങൾ കിട്ടിയിരുന്നു. അതിനു ശേഷമാണു കൂടുതൽ പാടിയത്. ഒരുപാട് സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. അടുത്ത അവാർഡ് ലഭിക്കാൻ ഇത്രയും കാലയളവ് വേണ്ടി വന്നെങ്കിലും ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു.
ഇപ്പോൾ അവാർഡ് കിട്ടിയ പാട്ട് മയിൽപീലി എന്നത് ഞാൻ ഇതുവരെ പാടിയിട്ടില്ലാത്ത ജോണർ ആയിരുന്നു. സെമി ക്ലാസ്സിക്കൽ പാട്ടുകൾ ഞാൻ അധികം പാടിയിട്ടില്ല. അതൊരു ചലഞ്ച് തന്നെ ആയിരുന്നു. ഒന്നോ രണ്ടോ ഫാസ്റ്റ് നമ്പറുകളെ പാടിയിട്ടുള്ളൂ. അതൊന്നും അധികം പോപ്പുലർ അല്ല. ഇഷ്ടമുള്ള സംഗീതസംവിധായകർ ഒരുപാട് ഉണ്ട്. എ.ആർ.റഹ്മാൻ സാറിനെ ഒരുപാടിഷ്ടമാണ്. രാജാ സാറിന്റെ പാട്ട് ഒരെണ്ണം ഞാൻ പാടിയെങ്കിലും അത് പുറത്തു വന്നില്ല. കീരവാണി സാറിനോടൊപ്പം വർക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. വിദ്യാ സാഗർ സാറിനൊപ്പം വർക്ക് ചെയ്യാൻ കഴിയുമെന്നു കരുതിയില്ല. പക്ഷേ അത് സാധിച്ചു. അതൊരു അനുഗ്രഹമാണ്. ഈ ഒരു മേഖലയിൽ എങ്ങനെ എത്തും എന്ന് അറിയില്ലായിരുന്നു. കാരണം സിനിമാ പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. എത്തിപ്പെട്ടപ്പോൾ ഒന്നോ രണ്ടോ പാട്ടുകൾ പാടുക എന്നതു സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിൽ നിന്ന് അവാർഡ് വരെ എത്തുന്നത് ലോട്ടറിയാണ്. ഈ സിനിമ ഒരുപാട് കലാകാരന്മാർ അണിനിരന്ന മികച്ച ചിത്രമായിരുന്നു. അതിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്.