താരാട്ടീണവുമായി 'മതിലേഖ'; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ചിത്രയുടെ സർപ്രൈസ്
Mail This Article
ഒരു നിലാവു പോലെ തഴുകിപ്പോകുന്ന താരാട്ടീണവുമായി 'മതിലേഖ'. മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ ശബ്ദത്തിലൊരുക്കിയിരിക്കുന്ന ഗാനം കാഴ്ചയ്ക്കും കേൾവിക്കും നവീന അനുഭവമാവുകയാണ്. ഗായികയുടെ പിറന്നാൾ ദിനത്തിലിറങ്ങിയിരിക്കുന്ന ഗാനം സംഗീതാസ്വാദകർക്കും ഇരട്ടി മധുരമായി.
കഴിഞ്ഞ പതിനെട്ട് വർഷമായി ചിത്രയുടെ ഗാനമേളകളിലെ സാന്നിധ്യമായ പിന്നണി ഗായകൻ കെ.കെ.നിഷാദാണ് ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. കെ.എസ്.ചിത്രയ്ക്ക് അറുപതാം പിറന്നാൾ സമ്മാനമായാണ് മ്യൂസിക് ആൽബം ഒരുക്കിയിരിക്കുന്നത്.
കെ.എസ്.ചിത്ര തന്നെയാണ് 'മതിലേഖ'യിൽ പാടി അഭിനയിച്ചിരിക്കുന്നത്. ഒട്ടേറെ താരാട്ടു പാട്ടുകൾക്ക് ശബ്ദമായിട്ടുള്ള കെ.എസ് ചിത്രയുടെ ശബ്ദമാധുരിയാണ് ഈ മ്യൂസിക് വിഡിയോയുടെ പ്രധാന ആകർഷണം. ഗാനത്തിനൊപ്പം യശോദയും ഉണ്ണിക്കണ്ണനും തമ്മിലുള്ള ആത്മബന്ധവും ദൃശ്യാവിഷ്കരിച്ചിട്ടുണ്ട്. യശോദയായി കലാമണ്ഡലം പ്രവീണും ഉണ്ണിക്കണ്ണനായി സരമതി സി.പിയുമാണ് വേഷമിട്ടത്. ബി.കെ ഹരിനാരായണന്റേതാണ് ആശയം.
കെ.കെ.നിഷാദ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നു. രാജേന്ദ്രനും രാജേഷ് അഞ്ചുമൂർത്തിയുമാണ് ക്യാമറ. എഡിറ്റിങ്: പ്രവീൺ. ആർട് ദർബാർ ബാംഗ്ലൂർ ഗാനം നിർമിച്ചിരിക്കുന്നു. മികച്ച പ്രതികരണമാണ് വിഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.