ADVERTISEMENT

ബാല്യകാലസുഹൃത്ത് ജെറിനുമായുള്ള വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായിക മഞ്ജരി. തനിക്ക് ആകെയുള്ള സുഹൃത്ത് ജെറിൻ ആണെന്നും അദ്ദേഹം പല തവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും അതൊന്നും തനിക്കു മനസ്സിലായില്ലെന്നും മഞ്ജരി പറഞ്ഞു. പിന്നീട് ജെറിൻ തന്റെ അമ്മയെ നേരിൽ കണ്ട് ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നെന്നും ഗായിക വെളിപ്പെടുത്തി. പിന്നണി ഗാനരംഗത്ത് 20 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലാണ് മ‍ഞ്ജരി സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. 

 

‘ഞാൻ ആദ്യമൊക്കെ അധികം മിണ്ടാത്ത പ്രകൃതക്കാരിയായിരുന്നു. എനിക്ക് ജാഡ ആണെന്നാണ് അന്നൊക്കെ പലരും വിചാരിച്ചത്. ചെറുപ്രായത്തിൽ തന്നെ പാടാൻ അവസരം ലഭിച്ചു. അധികമാരോടും മിണ്ടാത്തുകൊണ്ടുതന്നെ അഹങ്കാരി എന്ന വിളിപ്പേരും കിട്ടി. അത് മാറാൻ സമയമെടുത്തു. ഞാൻ മസ്കത്തിലാണ് ജനിച്ചു വളർന്നത്. സ്കൂൾ കാലമൊക്കെ അവിടെയായിരുന്നു. ജെറിനും ഞാനും ഒരുമിച്ചു പഠിച്ചവരാണ്. പക്ഷേ ആ സമയത്തൊന്നും ഞങ്ങൾ തമ്മിൽ യാതൊരുവിധ അടുപ്പവുമില്ലായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നൊക്കെ ജെറിൻ ചെറിയ സൂചനകൾ തന്നിരുന്നു. പക്ഷേ അപ്പോഴൊന്നും എനിക്കതു മനസ്സിലായില്ല. അവസാനം ജെറിൻ തന്നെ എന്റെ അമ്മയോടു വന്നു കാര്യം പറഞ്ഞു. അപ്പോഴാണ് ജെറിന്റെ ഇഷ്ടം ഞാനും മനസ്സിലാക്കിയത്. പിന്നീട് വിവാഹം തീരുമാനിക്കുകയായിരുന്നു’, മഞ്‍ജരി പറഞ്ഞു.

 

2022 ജൂൺ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. 2 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2011ലാണ് ഗായിക ആദ്യവിവാഹബന്ധം വേർപെടുത്തിയത്. പിന്നീട് 10 വർഷങ്ങൾക്കിപ്പും ബാല്യകാല സുഹൃത്തായ ജെറിനെ വിവാഹം കഴിക്കുകയായിരുന്നു.

 

English Summary: Singer Manjari opens up about her marriage with Jerin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com