ADVERTISEMENT

സംഗീതത്തിനായി കപ്പലിലെ തൊഴിൽ അവസാനിപ്പിച്ചപ്പോൾ പഴി പറഞ്ഞ കുടുംബവും ബന്ധുക്കളും ഇപ്പോൾ സൽമാൻ അനസിനെ ഓർത്തു അഭിമാനിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ 'അഭ്യൂഹം' എന്ന ചിത്രത്തിൽ സൽമാൻ പാടിയ "യെ ദുനിയാ" എന്ന ഗസൽ ഗാനം യൂട്യൂബിൽ തരംഗമാകുകയാണ്. അഞ്ചു ദിവസത്തിനിടെ 10 ലക്ഷത്തിലേറെ ആളുകളാണ് പാട്ട് കേട്ടിരിക്കുന്നത്. ഇതേ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് ഗാനം കൂടി സൽമാൻ ആലപിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് സൽമാന് സംഗീതത്തോടുള്ള കമ്പം. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടിലെങ്കിലും കലയോടുള്ള സ്നേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. പഠനവും ജോലിയുമൊക്കെ ജീവിതത്തിൽ മുന്നോട്ടുപോകുന്നതിനിടയിലും അയാൾ സംഗീതത്തെ ഒപ്പം കൂട്ടി. ഒടുവിൽ കപ്പലിൽ നാവികനായി ജോലി ലഭിച്ചു.

ghazal-1 - 1

അവിടെയും അദ്ദേഹം തന്റെ ഗിറ്റാർ കയ്യിൽ കരുതി. ജോലിക്കിടയിൽ ഒഴിവുസമയങ്ങളിൽ അയാൾ ഗിറ്റാറിൽ പുതിയ പരീക്ഷണങ്ങളും സംഗീതവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോയി. പിന്നീടൊരിക്കൽ അയാൾ ചിന്തിച്ചു. താൻ ഈ ജോലി ചെയ്യേണ്ട ആളല്ല, തന്റെ പാത ഇതല്ല എന്ന് തിരിച്ചറിഞ്ഞ് നാട്ടിലേക്ക് മടങ്ങി.

ചില ബിസിനസ് സംരംഭങ്ങളുമായി മുൻപോട്ട് പോകുമ്പോഴും മനസ്സിൽ എന്നും സംഗീതം മാത്രമായിരുന്നു. ഒടുവിൽ വീട്ടുകാരുടെ അമർഷവും മറ്റും മറികടന്നു കൊച്ചിയിൽ പഴയ സുഹൃത്തുക്കളോടൊപ്പം സംഗീതത്തിൽ മുഴുകി. ഇതിനിടെ കല്യാണസൽക്കാരങ്ങളിലും മറ്റു ചെറിയ പരിപാടികളിലും ഗാനമാലപിക്കാൻ സൽമാൻ പോയിത്തുടങ്ങി. അക്കാലത്താണ് അഭ്യൂഹം സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗമാവുകയും ഫിലിം എഡിറ്റർ കൂടിയായ സുഹൃത്ത്, നൗഫൽ അബ്ദുള്ളയുടെ നിർദേശ പ്രകാരം ഈ സിനിമയിൽ ഗാനം ആലപിക്കുന്നതും.

നവാഗത സംഗീത സംവിധായകനായ ജുബൈർ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീത സംവീധായകൻ. പീസ്, വിചിത്രം എന്നീ ചിത്രങ്ങൾ ചെയ്ത അദ്ദേഹത്തിന് സൽമാന്റെ ശബ്ദവും പാട്ടും ഇഷ്ടപ്പെടുകയും രണ്ട് വിത്യസ്ത രീതിയിൽ ഉള്ള പാട്ടുകൾ പാടാനുള്ള അവസരം കൊടുക്കുകയും ചെയ്തു. ഈ ചിത്രത്തിൽ സൽമാൻ പാടിയ റോക്ക് സോങ് "ഹീറോ" 6 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു. കൊച്ചി നെട്ടൂർ സ്വദേശിയായ സൽമാന്റെ താമസം ഇപ്പോൾ ഹൈകോർട്ടിന് സമീപത്തെ ഫ്ലാറ്റിലാണ്. ബീന - സലിം ദമ്പതികളുടെ മകനാണ്.


English Summary: The ghazal song "Ye Duniya" sung by Salman is to be a hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com