താളം പിടിപ്പിച്ച് ‘യല്ല ഹബിബി’; രാമചന്ദ്ര ബോസ് ആൻഡ് കോയിലെ പാട്ട് പുറത്ത്
Mail This Article
നിവിൻ പോളി നായകനായെത്തുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ചിത്രത്തിലെ ‘യല്ല ഹബിബി’ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്ത ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുഹൈൽ കോയയാണ് ‘യല്ല ഹബിബി’ക്കു വരികൾ കുറിച്ചത്. മിഥുൻ മുകുന്ദൻ ഈണം പകർന്ന ഗാനം സിയാ ഉൾ ഹഖ്, വിദ്യാ പ്രകാശ് എന്നിവർ ചേർന്നാലപിച്ചു. സംഗീതസംവിധായകനായ മിഥുൻ മുകുന്ദനും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’. ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്നു ചിത്രം നിർമിക്കുന്നു. ചിരികളാൽ സമ്പന്നമായ ഒരു കൊള്ളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായി സിനിമ ചിത്രീകരിച്ചിരിക്കുന്നു.
നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യിൽ വേഷമിടുന്നു. വിഷ്ണു തണ്ടാശേരി ചിത്രത്തിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഓണത്തോടനുബന്ധിച്ച് ചിത്രം പ്രദർശനത്തിനെത്തും.