ADVERTISEMENT

പോപ് ഗായിക ബ്രിട്നി സ്പിയേഴ്സും നടനും മോ‍ഡലുമായ സാം അസ്ഖാരിയും വിവാഹമോചിതരാകുന്നു. വിവാഹമോചനത്തിനായി സാം കോടതിയെ സമീപിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ വിഷയത്തിൽ ബ്രിട്നി സ്പിയേഴ്സും സാം അസ്ഖാരിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ബ്രിട്നിയുമായി പൊരുത്തപ്പെടാൻ സാധിക്കില്ലെന്നു പറഞ്ഞ സാം, ഗായികയിൽ നിന്നു സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

കഴിഞ്ഞ വർഷം ജൂണിലാണ് സാം അസ്ഖാരിയും ബ്രിട്നി സ്പിയേഴ്സും വിവാഹിതരായത്. ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ചത്. ബ്രിട്നിയെക്കേൾ 12 വയസ്സിന് ഇളയതാണ് സാം. ബ്രിട്ട്നിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. 2004 ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടാണ് ബ്രിട്നിയുടെ ആദ്യവിവാഹം നടന്നത്. വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇവര്‍ വേർപിരിഞ്ഞു. പിന്നീടാണ് സാം അസ്ഖാരിയുമായി ബ്രിട്നി പ്രണയത്തിലായതും അത് വിവാഹത്തിലേക്കെത്തിയതും. 

 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും 2021 ഒക്ടോബറിലാണ് ബ്രിട്നി സ്പിയേഴ്സ് മോചിതയായത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. വലിയ നിയമപോരാട്ടത്തിനു ശേഷമാണ് ബ്രിട്നി പിതാവിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രയായത്. ഗായികയെ സ്വതന്ത്രയാക്കണമെന്നാവശ്യപ്പെട്ട് ആരാധകരുൾപ്പെടെ നിരവധി പേർ സമരം ചെയ്തിരുന്നു. സാമ്പത്തികസ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ബ്രിട്നി സാം അസ്ഖാരിയുമായുള്ള വിവാഹത്തെക്കുറിച്ചു പരസ്യപ്രഖ്യാപനം നടത്തിയത്. ഇപ്പോൾ ഒരു വർഷവും രണ്ട് മാസവും മാത്രം നീണ്ടു നിന്ന ബന്ധം വേർപെടുത്തുകയാണെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും അമ്പരന്നിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com