കൊച്ചിയുടെ ഹൃദയം കവർന്ന് ‘ചിത്രപൂർണിമ’; വിഡിയോ സംപ്രേഷണം ഓണനാളിൽ
Mail This Article
പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ മധുരമായി ചിത്രപൂർണിമ. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന കെ. എസ്. ചിത്രയ്ക്കുള്ള ഹൃദ്യമായ ആശംസയായി മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംഗീത നിശയിൽ സംഗീത ലോകത്തെ നക്ഷത്രങ്ങൾ പാട്ടു കൊണ്ട് വിസ്മയം തീർത്തു.
ഫെഡറൽ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ശാലിനി വാരിയർ ചിത്രയെ പൊന്നാട അണിയിച്ച് ആദരിച്ചു. രാംകോ സിമന്റ്സ് ലിമിറ്റഡ് മാർക്കറ്റിങ് ജനറൽ മാനേജർ എ. ഗോപകുമാർ, ഗ്ലോബൽ എജ്യുക്കേഷൻ കണ്‍സൽറ്റന്റ്സ് സിഇഒ മനോജ് പി, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയി മാത്യു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മലയാളത്തിന്റെ പ്രിയ ഗായികയ്ക്കുള്ള ആദരം.
എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു സംഗീതോത്സവം. ചിത്രപൂർണിമയുടെ വിഡിയോ ഓണനാളിൽ മനോരമ ഓൺലൈനിലൂടെ പ്രേക്ഷകർക്കരികിലെത്തും. സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജു വാരിയർ, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങി ചലചിത്രലോകത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംഗീതസംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവരാണ് ‘ചിത്രപൂർണിമ’യിൽ പാട്ടുമേളം തീർത്തത്.
പാട്ടോളങ്ങളിൽ മുങ്ങിനിവരാൻ നാനാ ദിക്കുകളിൽ നിന്ന് ആളുകൾ ഒഴുകിയെത്തി. പാടിക്കയറിയ ഗായകർക്കൊപ്പം ആവേശത്തോടെയാണ് കാണികൾ സംഗീതനിശ ആസ്വദിച്ചത്.