ADVERTISEMENT

വിവാഹമോചന വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ച് നടനും മോഡലുമായ സാം അസ്ഖാരി. ഗായിക ബ്രിട്നി സ്പിയേഴ്സുമായുള്ള തന്റെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് സാം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും പരസ്പര ബഹുമാനത്തോടെ ഇനിയുള്ള കാലം ജീവിക്കുമെന്നും സാം അസ്ഖാരി കുറിച്ചു. സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യമില്ലാത്ത പ്രചാരണങ്ങൾ നടത്തരുതെന്നും സാം കൂട്ടിച്ചേർത്തു. ബ്രിട്നിയുടെ സന്തോഷം മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളുവെന്നും സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു. വിവാഹമോചനത്തിനു പിന്നിലെ കാരണം എന്താണെന്നു സാം അസ്ഖാരി വെളിപ്പെടുത്തിയിട്ടില്ല. 

 

കഴിഞ്ഞ വർഷം ജൂണിലാണ് സാം അസ്ഖാരിയും ബ്രിട്നി സ്പിയേഴ്സും വിവാഹിതരായത്. ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ചത്. ബ്രിട്നിയെക്കേൾ 12 വയസ്സിന് ഇളയതാണ് സാം. ബ്രിട്ട്നിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. 2004 ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടാണ് ബ്രിട്നിയുടെ ആദ്യവിവാഹം നടന്നത്. വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇവര്‍ വേർപിരിഞ്ഞു. പിന്നീടാണ് സാം അസ്ഖാരിയുമായി ബ്രിട്നി പ്രണയത്തിലായതും അത് വിവാഹത്തിലേക്കെത്തിയതും. 

 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും 2021 ഒക്ടോബറിലാണ് ബ്രിട്നി സ്പിയേഴ്സ് മോചിതയായത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. വലിയ നിയമപോരാട്ടത്തിനു ശേഷമാണ് ബ്രിട്നി പിതാവിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രയായത്. ഗായികയെ സ്വതന്ത്രയാക്കണമെന്നാവശ്യപ്പെട്ട് ആരാധകരുൾപ്പെടെ നിരവധി പേർ സമരം ചെയ്തിരുന്നു. സാമ്പത്തികസ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് ബ്രിട്നി സാം അസ്ഖാരിയുമായുള്ള വിവാഹത്തെക്കുറിച്ചു പരസ്യപ്രഖ്യാപനം നടത്തിയത്. ഇപ്പോൾ ഒരു വർഷവും രണ്ട് മാസവും മാത്രം നീണ്ടു നിന്ന ബന്ധം വേർപെടുത്തുകയാണെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും അമ്പരന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com