ചേച്ചിയുടെ സ്നേഹം മുഴുവൻ ജന്മങ്ങളിലും ഓർക്കും; ചിത്രപൂർണിമയ്ക്ക് ആശംസയുമായി ശങ്കർ മഹാദേവൻ
Mail This Article
ഗായിക കെ.എസ്. ചിത്രയെക്കുറിച്ചു വാചാലനായി ഗായകൻ ശങ്കർ മഹാദേവൻ. ഗായികയെന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും തന്നെ ഏറ്റവുമധികം സ്വാധീനിച്ച, പ്രചോദിപ്പിച്ചയാളാണ് ചിത്രയെന്നും പകർന്നു നൽകിയ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്നും ശങ്കർ മഹാദേവൻ പറയുന്നു. ചിത്രയുടെ 60–ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയ്ക്ക് ആശംസ നേരുകയായിരുന്നു ഗായകൻ. ‘ചിത്രപൂർണിമ’യുടെ വിഡിയോ തിരുവോണനാളിൽ മനോരമ ഓൺലൈനിൽ സംപ്രേഷണം ചെയ്യും.
‘ചിത്രാജീ, എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. എന്റെ കരിയറിൽ എന്നും പ്രചോദനമായിരുന്നു ചിത്ര ചേച്ചി. ഏറ്റവും മികച്ച ഗായിക എന്ന നിലയിൽ മാത്രമല്ല, ഏറ്റവും മികച്ച വ്യക്തി എന്ന നിലയിൽ എന്നെ എന്നും പ്രചോദിപ്പിച്ചിട്ടേയുള്ളു ചിത്ര ചേച്ചി. ആ ലാളിത്യവും വിനയവുമെല്ലാം നല്ലൊരു വ്യക്തിയായി മാറുന്നതിൽ എന്നെയും ഏറെ സ്വാധീനിച്ചു. ചേച്ചിയിൽ നിന്നും ലഭിച്ച സ്നേഹവും പോസിറ്റിവ് എനർജിയുമെല്ലാം എനിക്കൊരിക്കലും മറക്കാനാകില്ല. ഇഷ്ടവിഭവങ്ങള്‍ വിളമ്പിത്തന്നും ചേച്ചി എന്നെ ഒരുപാട് സ്നേഹിച്ചു, സന്തോഷിപ്പിച്ചു. ചേച്ചിയിൽ നിന്നും ലഭിച്ച കാര്യങ്ങൾ ഈ ജന്മത്തിൽ മാത്രമല്ല, വരാനിരിക്കുന്ന മുഴുവൻ ജന്മങ്ങളിലും ഞാന്‍ ഓർമിക്കും. ചേച്ചിക്ക് ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും സമാധാനവും നേരുകയാണ്. എല്ലാ നന്മയും നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു’, ശങ്കർ മഹാദേവൻ പറഞ്ഞു.
പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയുടെ നിറക്കാഴ്ച; കാണാം, തിരുവോണനാളിൽ! ...
ഓഗസ്റ്റ് 19 ശനി വൈകിട്ട് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു ‘ചിത്രപൂർണിമ’ സംഗീതോത്സവം. ആയിരക്കണക്കിന് ആളുകൾ പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ വാനമ്പാടിയുടെ പാട്ട് കേൾക്കാനെത്തി. സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജു വാരിയർ, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങി ചലചിത്രലോകത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംഗീതസംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവരാണ് ‘ചിത്രപൂർണിമ’യിൽ പാട്ടുമേളം തീർത്തത്. പാടിക്കയറിയ ഗായകർക്കൊപ്പം ആവേശത്തോടെ കാണികൾ സംഗീതനിശ ആസ്വദിച്ചു.