‘ആ പാവാടക്കാരിയുടെ പാട്ട് ഇന്നും ഓർക്കുന്നു, ചിത്ര ഇന്ത്യയുടെ വാനമ്പാടി ആകാൻ പോകുകയാണെന്ന് അറിഞ്ഞില്ല’
Mail This Article
കെഎസ് ചിത്ര ആദ്യമായി പാടിയ ഗാനത്തിന് വരികൾ എഴുതുമ്പോഴും പാടി കേൾക്കുമ്പോഴും ഇന്ത്യയുടെ വാനമ്പാടിയായി മാറാൻ പോകുകയാണെന്ന് അറിയില്ലായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കെ.എസ്.ചിത്രയ്ക്ക് ആദരമായി 60–ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്നും ഓർമയുണ്ട് എംജി രാധാകൃഷ്ണൻ സാറിന്റെ വീട്ടിൽ അന്ന് ഹാർമോണിയത്തിന് പുറകിലിരുന്ന് ആ പാവാടക്കാരി പാടുന്നത്. ചിത്ര അന്നും ഇന്നും ഒരുപോലെയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ആദ്യമായി രജനി പറയൂ എന്ന ഗാനം പാടികേട്ടിട്ട് സംവിധായകൻ ചന്ദ്രകുമാറും മധുസാറും രാധാകൃഷ്ണൻ ചേട്ടനോട് പറഞ്ഞു ആ ചിത്രത്തിലെ അടുത്ത പാട്ടുകൂടി ചിത്ര തന്നെ പാടിയാൽ മതിയെന്ന് യേശുദാസിന്റെ കൂടെ. പ്രണയ വസന്തം തളിരണിയുമ്പോൾ എന്ന ഗാനമായിരുന്നുവത്. ആ രണ്ട് പാട്ടുകളും എഴുതാൻ സാധിച്ചുവെന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയുടെ നിറക്കാഴ്ച; കാണാം, തിരുവോണനാളിൽ!
ഗന്ധർവഗായിക കെ.എസ്.ചിത്രയ്ക്ക് ആദരമായി 60–ാം പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയുടെ വിഡിയോ സംപ്രേഷണം തിരുവോണനാളിൽ. മനോരമ ഓൺലൈനിലൂടെയാണ് വിഡിയോ പ്രേക്ഷകർക്കരിലേക്ക് എത്തുക.
ഓഗസ്റ്റ് 19 ശനി വൈകിട്ട് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു ‘ചിത്രപൂർണിമ’ സംഗീതോത്സവം. ആയിരക്കണക്കിന് ആളുകൾ പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ വാനമ്പാടിയുടെ പാട്ട് കേൾക്കാനെത്തി. സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജു വാരിയർ, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങി ചലചിത്രലോകത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംഗീതസംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവരാണ് ‘ചിത്രപൂർണിമ’യിൽ പാട്ടുമേളം തീർത്തത്. പാടിക്കയറിയ ഗായകർക്കൊപ്പം ആവേശത്തോടെ കാണികൾ സംഗീതനിശ ആസ്വദിച്ചു.
English Summary: Chithrapoornima Event