മലയാളിയുടെ ഗൃഹാതുരത്വത്തിലൂടെയുള്ള ആ ബസ് യാത്ര; 34 വർഷങ്ങള്‍ക്കിപ്പുറം വീണ്ടും ‘വെള്ളാരപൂമല മേലെ’
Mail This Article
‘വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ....’
മൂന്നര പതിറ്റാണ്ടോടടുക്കുന്നു, മലയാളി ഈ ഗാനം കേട്ടു തുടങ്ങിയിട്ട്. ജോൺസൺ മാഷിന്റെ ഈണത്തിൽ ‘വരവേൽപ്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകർക്കരികിലെത്തിയതാണ് ഈ ഗാനം. കൈതപ്രം വരികൾ കുറിച്ച ഗാനം കെ.ജെ.യേശുദാസ് ആലപിച്ചു. ഇപ്പോഴിതാ 34 വർഷങ്ങൾക്കിപ്പുറം ‘വെള്ളാരപ്പൂമല’ വീണ്ടും ആസ്വാദകഹൃദയങ്ങളിൽ ചേക്കേറുകയാണ്, ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ.
സംഗീതസംവിധായകന്‍ അരുണ്‍ മുരളീധരനാണ് പാട്ടിന്റെ പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി മേനോൻ ഗാനം ആലപിച്ചു. പാട്ട് ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ഗൃഹാതുരസ്മരണയുണർത്തുന്ന ഗാനം വീണ്ടും കേൾക്കാനായതിന്റെ സന്തോഷത്തിലാണ് സംഗീതപ്രേമികൾ.
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. അജു വർഗീസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവർ ചിത്രം നിർമിക്കുന്നു.
സുധീഷ്, നിര്‍മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. എഡിറ്റിങ്: രതിന്‍ രാധാകൃഷ്ണന്‍. അജയന്‍ മങ്ങാട് കലാസംവിധാനം നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം: ശങ്കര്‍ ശര്‍മ.
English Summary: Vellara Poomala Mele Song from Nadhikalil Sundari Yamuna