പാട്ടുൽസവമായി ചിത്രപൂർണിമ; രണ്ടാം ഭാഗം കാണാം മനോരമ ഓൺലൈനിൽ
Mail This Article
പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ മധുരമായി ചിത്രപൂർണിമ. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന കെ.എസ്.ചിത്രയ്ക്കുള്ള ഹൃദ്യമായ ആശംസയായി മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംഗീത നിശയിൽ സംഗീത ലോകത്തെ നക്ഷത്രങ്ങൾ പാട്ടു കൊണ്ട് വിസ്മയം തീർത്തു. തിരുവോണനാളിൽ സംപ്രേഷണം ചെയ്ത ചിത്രപൂർണിമ സംഗീത പരിപാടിയുടെ ഒന്നാം ഭാഗം സംഗീതപ്രേമികൾ നേഞ്ചേറ്റി.
സംഗീതസംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവർ തങ്ങളുടെ സ്വരമാധുര്യം കൊണ്ട് വിസ്മയം തീർത്ത ‘ചിത്രപൂർണിമ’യുടെ രണ്ടാം ഭാഗം ഓഗസ്റ്റ് 29 ബുധനാഴ്ചയാണ് സംപ്രേക്ഷണം. മനോരമ ഓൺലൈനിൽ സംഗീതാസ്വാദകർക്ക് ഈ പാട്ടുമേളം ആസ്വദിക്കാം.
ഓഗസ്റ്റ് 19 ശനി വൈകിട്ട് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു ‘ചിത്രപൂർണിമ’ സംഗീതോത്സവം. ആയിരക്കണക്കിന് ആളുകൾ പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ വാനമ്പാടിയുടെ പാട്ട് കേൾക്കാനെത്തി. സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജു വാരിയർ, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങി ചലചിത്രലോകത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.