പ്രിയേ, നിനക്കായി ഞാൻ പാടുന്നു നിന്റെ ശബ്ദത്തിൽ; നീയാണ് എന്റെ പൊന്നോണവും പൂങ്കാവും: ബിജിബാൽ
Mail This Article
എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ അന്തരിച്ച ഭാര്യ ശാന്തിയുടെ ശബ്ദത്തിൽ ഗാനം ആലപിച്ച് സംഗീതസംവിധായകൻ ബിജിബാൽ. ‘എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ശാന്തിയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ.
‘അവളുടെ പ്രിയപ്പെട്ട പാട്ട് ഞാൻ പാടിയത്, അവളുടെ ശബ്ദത്തിൽ’ എന്ന് വിഡിയോ പങ്കിട്ട് ബിജിബാൽ കുറിച്ചു. എബി സാൽവിൻ തോമസ് ആണ് ഇത്തരമൊരു വിഡിയോ ചെയ്യാൻ എഐ സാധ്യതയെക്കുറിച്ചു തനിക്കു പരിചയപ്പെടുത്തിയതെന്നു ബിജിബാൽ പറയുന്നു. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2017ലാണ് നർത്തകി കൂടിയായ ശാന്തി ബിജിബാൽ അന്തരിച്ചത്. നൃത്ത രംഗത്തു സജീവമായിരുന്ന ശാന്തിയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു. 2002 ജൂൺ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. ദേവദത്ത്, ദയ എന്നിവരാണു മക്കൾ.