പ്രതിഫലം കൂട്ടി എ.ആർ.റഹ്മാൻ, അനിരുദ്ധുമായി മത്സരം? കരാർ ഒപ്പ് വയ്ക്കാതെ നിർമാതാക്കൾ!
Mail This Article
സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ പ്രതിഫലത്തുക 8 കോടിയിൽ നിന്ന് 10ലേക്കുയർത്തിയെന്നു റിപ്പോർട്ട്. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്മാൻ 10 കോടി ആവശ്യപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. തെലുങ്കിലെ പ്രഗത്ഭരായ സംഗീതസംവിധായകരുടേതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് റഹ്മാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് സംഗീതസംവിധായകന്റെ കാര്യത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം.
ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. എ.ആർ.റഹ്മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തിയാണ് അനിരുദ്ധ് രാജ്യത്തെ ഏറ്റവും ‘വിലയുള്ള’ സംഗീതസംവിധായകനായത്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിഫലത്തിന്റെ കാര്യത്തിൽ എ.ആർ.റഹ്മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും സാധിച്ചിരുന്നില്ല. ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയത്. ഇതോടെ പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ റഹ്മാൻ, ആഴ്ചകൾക്കിപ്പുറം പ്രതിഫലം 8 കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തുകയായിരുന്നു. ഇതോടെ അനിരുദ്ധും റഹ്മാനും ഒരേ പ്രതിഫലം കൈപ്പറ്റുന്ന സംഗീതജ്ഞരായി.
സംഗീതസംവിധാനത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാൻ, ആലാപനശൈലിയിലൂടെയും ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. റഹ്മാൻ തന്നെ സംഗീതം നിർവഹിക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും ഗാനങ്ങൾ ആലപിക്കുന്നത്. ഒരു പാട്ട് പാടുന്നതിന് റഹ്മാൻ കൈപ്പറ്റുന്നത് 3 കോടി രൂപയാണ്.
പതിനൊന്നാം വയസ്സിൽ സംഗീതരംഗത്തെത്തിയതാണ് എ.ആർ.റഹ്മാൻ. 1992ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ‘റോജ’യിലൂടെ സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായി. റോജയിലെ പാട്ടുകൾ രാജ്യം മുഴുവൻ ഏറ്റുപാടിയതോടെ തിരക്കുള്ള സംഗീതജ്ഞനായി റഹ്മാൻ അതിവേഗം വളർന്നു. ‘യോദ്ധ’യാണ് ആദ്യ മലയാള ചിത്രം.