ADVERTISEMENT

മനോരമ മ്യൂസിക് സംഘടിപ്പിക്കുന്ന നാലാമത് നവരാത്രി സംഗീതോത്സവം ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്തരായ 77 കലാകാരന്മാരാണ് 18 കച്ചേരികളിലായി ഒമ്പതു ദിവസം നീളുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കുന്നത്. മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ആദ്യ ദിവസമായ ഞായറാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്.

ആദ്യത്തെ സംഗീതക്കച്ചേരി അവതരിപ്പിച്ചത് ഡോ.എൻ.ജെ.നന്ദിനിയാണ്. വയലിൻ മാഞ്ഞൂർ രഞ്ജിത്, മ‍ൃദംഗം ചേർത്തല എസ്.ദിനേശ്, ഘടം മാഞ്ഞൂർ ഉണ്ണികൃഷ്ണൻ.

കച്ചേരിയിൽ 11 കൃതികളാണ് അവതരിപ്പിച്ചത്. സ്വാതിതിരുനാൾ സരസാംഗി രാഗത്തിൽ രചിച്ച ജയജയ പത്മനാഭാ എന്ന ആദിതാള കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന്, മുത്തയ്യാ ഭാഗവതരുടെ ഗൗഡമല്ലാർ രാഗത്തിലുള്ള സാരസമുഖി, ശ്യാമശാസ്ത്രികൾ പുന്നഗവരാളി രാഗത്തിൽ രചിച്ച കനകശൈല വിഹാരിണി, മുത്തയ്യാ ഭാഗവതർ നിരോഷ്ടരാഗം തിസ്രനട താളത്തിൽ രചിച്ച രാജരാജ രാധിതേ എന്നീ കീർത്തനങ്ങൾ മനോഹരമായി ആലപിച്ചു. സ്വാതി തിരുനാളിന്റെ പാഹി ജഗജനനി എന്ന ഹംസാനന്ദി രാഗകീർത്തനമാണ് പ്രധാന കൃതിയായി അവതരിപ്പിച്ചത്.

തനിയാവർത്തനത്തിനു ശേഷം ജി എൻ ബാലസുബ്രഹ്മണ്യം ശിവശക്തിരാഗത്തിൽ രചിച്ച വിനുതപാലിനി, സ്വാതിതിരുനാൾ കൃതികളായ ജയ് ജയ് ദേവീ (രാഗം യമുന കല്യാണി, ആദി താളം), പനിമതിമുഖീ (ആഹിരി രാഗം, മിശ്രചപ്പു താളം) എന്നിവ ആലപിച്ചു. തുടർന്ന് തരംഗംപാടി പഞ്ചനട അയ്യരുടെ ആരഭിമാനം എന്ന രാഗമാലിക, സ്വാതിതിരുനാൾ സോഹിനി രാഗത്തിൽ രചിച്ച ആയേ ഗിരിധർ എന്നിവയ്ക്കു ശേഷം ലാൽഗുഡി ജയരാമൻ മാണ്ഡ് രാദത്തിൽ ചിട്ടപ്പെടുത്തിയ തില്ലാനയോടെ കച്ചേരി സമാപിച്ചു.

ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീതജ്ഞനായ സുനിൽ ഗാർഗ്യേനാണ് രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത്. വയലിൻ എസ് ആർ രാജശ്രീ ശർമ, മ‍ൃദംഗം പെരുന്ന ജി ഹരികുമാർ, ഘടം കുമരകം പി ജി ഗണേഷ് ഗോപാൽ.

ഒമ്പതു കൃതികളാണ് കച്ചേരിയിൽ അവതരിപ്പിച്ചത്. തിരുവൊട്രിയൂർ ത്യാഗരാജയ്യർ ഷഹാന രാഗത്തിൽ ചിട്ടപ്പെടുത്തിയ കരുണിമ്പ എന്ന കൃതിയോടെ കച്ചേരി ആരംഭിച്ചു. സ്വാതിതിരുനാളിന്റെ പരിപാഹി ഗണാധിപാ (സാവേരി), ഹിന്ദോള രാഗത്തിൽ ജി എൻ ബാലസുബ്രഹ്മണ്യം രചിച്ച സാമഗാനലോലേ (ഹിന്ദോളം), ശ്യാമശാസ്ത്രികളുടെ കാമാക്ഷീ (വരാളി) എന്നിവയാണ് തുടർന്ന് ആലപിച്ചത്.

മഹാ വൈദ്യനാഥ അയ്യർ ജനരഞ്ജിനിയിൽ ചിട്ടപ്പെടുത്തിയ പാഹിമാം ശ്രീ രാജരാജേശ്വരി, ഭവപ്രിയ രാഗത്തിൽ ത്യാഗരാജ സ്വാമികൾ രചിച്ച ശ്രീ കാന്താ നീ എന്നീ കൃതികൾ മനോഹരമായി ആലപിച്ചതിനു ശേഷം ശങ്കരാഭരണ രാഗത്തിൽ സ്വാതിതിരുനാൾ അണിയിച്ചൊരുക്കിയ ദേവീ ജഗജഗനി പ്രഥാനകൃതിയായി ആലപിച്ചു. 

തനിയാവർത്തനത്തിനു ശേഷം ആന്താളുടെ ഘമാസ് രാഗത്തിലുള്ള കർപ്പൂരം നാറുമോ എന്ന ഘണ്ടചപ്പു താള കൃതി ആലപിച്ചു. തുടർന്ന് എം ഡി രാമനാഥൻ പൂർവി രാഗത്തിൽ ചിട്ടപ്പെടുത്തിയ രൂപകതാള തില്ലാനയോടെ കച്ചേരി സമാപിച്ചു

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം രണ്ടാം ദിവസം അശ്വത് നാരായണൻ, യോഗേഷ് ശർമ കാസർകോട് എന്നിവർ നയിക്കുന്ന സംഗീതക്കച്ചരികളാണ്. 

English Summary:

Manorama Music Navarathri Sangeetholsavam 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com