മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം നാലാം ദിനം: ഹൃദയങ്ങൾ തഴുകി ഈണക്കൂട്ട്
Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ നാലാം ദിനമായ ബുധനാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് വൈകിട്ട് 6.30ന് മൈസൂർ ചന്ദൻകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരിയായിരുന്നു. വയലിൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, മൃദംഗം പ്രഫ. വൈക്കം വേണുഗോപാൽ, ഘടം തിരുവനന്തപുരം ആർ.രാജേഷ്.
ഒൻപത് കൃതികളാണ് ചന്ദൻകുമാർ അവതരിപ്പിച്ചത്. ബഹുദാരി രാഗത്തിലുള്ള ഭജമാനസ എന്ന തുളസീവനം കൃതിയോടെ കച്ചേരി തുടങ്ങി. തുടർന്ന് മുത്തുസ്വാമി ദീക്ഷിതരുടെ മാമവ മീനാക്ഷീ (വരാളി, മിശ്രചാപ്പ്), തഞ്ചാവൂർ ശങ്കരയ്യർ ചിട്ടപ്പെടുത്തിയ രഞ്ജിനി (രാഗമാലിക, ആദി), സ്വാതിതിരുനാൾ കീർത്തനമായ മാമവസദാ ജനനീ (കാനഡ, രൂപകം) എന്നിവ അതി മനോഹരമായി വായിച്ചു. പ്രധാന കീർത്തനമായി അവതരിപ്പിച്ചത് ജി.എൻ.ബാലസുബ്രഹ്മണ്യം മോഹന രാഗത്തിൽ ചിട്ടപ്പെടുത്തിയ ആദിതാള കൃതി സദാ പാലയ ആയിരുന്നു. അതേത്തുടർന്ന് തനിയാവർത്തനം.
ഘനം കൃഷ്ണയ്യർ രതിപതിപ്രിയയിൽ രചിച്ച ആദിതാള കൃതി ജഗജ്ജനനിയായിരുന്നു പിന്നീട് വായിച്ചത്. തുടർന്ന് നാരായണ തീർത്ഥരുടെ മാധവ മാമവ (നീലാംബരി, ആദി), കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ അതി പ്രശസ്തമായ ഊത്തുക്കാട് കൃതി അലൈപായുതേ എന്നിവയ്ക്കു ശേഷം അരുണഗിരി നാഥർ ഹമീർ കല്യാണി രാഗത്തിൽ രചിച്ച തിരുപ്പുകൾ വായിച്ച് കച്ചേരി അവസാനിപ്പിച്ചു.
രാത്രി 8 മണിക്ക് രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത് പാലക്കാട് എം.ബി.മണിയായിരുന്നു. മാവേലിക്കര പി.എൻ.സതീശ് ചന്ദ്രൻ വയലിൻ, ആടൂർ ബാബു മൃദംഗം, രോഹിത് പ്രസാദ് ഘടം.
എട്ടു കൃതികളാണ് കച്ചേരിയിൽ അവതരിപ്പിച്ചത്. നീലകണ്ഠവിജയ എന്ന സ്വന്തം വർണം ആലപിച്ചുകൊണ്ടാണ് പാലക്കാട് മണി ആരംഭിച്ചത്. രാഗം രേവതി, ആദി താളം. തുടർന്ന് നാട്ടയിൽ ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ ആദിതാള കൃതി നിന്നേ ഭജന, മധുരൈ ശ്രീനിവാസയ്യരുടെ നതജന പാലിനി (നളിനകാന്തി, ആദി), സ്വാതിതിരുനാളിന്റെ പ്രശസ്തമായ പരിപാലയമാം (രീതിഗൗള, രൂപകം) എന്നിവ മനോഹരമായി ആലപിച്ചു.
മുത്തുസ്വാമി ദീക്ഷിതർ നാട്ടക്കുറിഞ്ചിയിൽ രചിച്ച പാർവതീ കുമാരം എന്ന രൂപകതാള കൃതിക്കുശേഷം പ്രധാനകൃതിയായി സാരസാക്ഷ പരിപാലയ എന്ന സ്വാതിതിരുനാൾ കീർത്തനം (പന്തുവരാളി, ആദി) അവതരിപ്പിച്ചു. തുടർന്ന് തനിയാവർത്തനം.
ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ ദണ്ഡമു (ബലഹംസ, ആദി), മോക്ഷമു (സരാമതി, ആദി) എന്നീ രണ്ടു കീർത്തനങ്ങൾ പാടി കച്ചേരി അവസാനിപ്പിച്ചു
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം അഞ്ചാം ദിവസം ഒരുക്കിയിരിക്കുന്നത് ഡോ. ബി.അരുന്ധതിയുടേയും വിവേക് സദാശിവത്തിന്റേയും കച്ചേരികളാണ്.