മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: ഇണപ്പെയ്ത്തിന്റെ അഞ്ചാം ദിനം
Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ അഞ്ചാം ദിവസം വ്യാഴാഴ്ച രണ്ട് സംഗീതക്കച്ചേരികളാണ് അവതരിപ്പിച്ചത്. ആദ്യത്തെ കച്ചേരി വൈകിട്ട് 6.30ന് വിവേക് സദാശിവത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മാവേലിക്കര പി.എൻ.സതീശ് ചന്ദ്രൻ വയലിൻ, ഡോ.കെ.ജയകൃഷ്ണൻ പാലക്കാട് മൃദംഗം, മങ്ങാട് കെ.വി.പ്രമോദ് ഘടം.
ഒൻപത് കൃതികളാണ് വിവേക് ആലപിച്ചത്. മോഹനരാഗത്തിൽ രാംനാഥ് ശ്രീനിവാസ അയ്യങ്കാർ ചിട്ടപ്പെടുത്തിയ നിന്നുകോരി എന്ന ആദിതാള വർണത്തോടെ കച്ചേരി തുടങ്ങി. തുടർന്ന് ആലപിച്ച സ്വാതിതിരുനാളിന്റെ പരിപാലയമാം (രീതിഗൗള, രൂപകം), ത്യാഗരാജ കീർത്തനമായ ബ്രോവഭാരമാ (ബഹുദാരി, ആദി), ശ്യാമശാസ്ത്രികൾ രചിച്ച മായമ്മാ (ആഹിരി, ആദി) എന്നിവ മനോഹരമായിരുന്നു. മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ അന്നപൂർണേ (ശ്യാമ, ആദി), മുത്തയ്യാ ഭാഗവതരുടെ വനസ്പതിരാഗ, രൂപകതാള കൃതി വനദുർഗേ എന്നിവയ്ക്കു ശേഷം പ്രധാന കൃതിയായി മുത്തുസ്വാമി ദീക്ഷിതർ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഭജരേ രേ ചിട്ട (താളം മിശ്രചാപ്പ്) ആലപിച്ചു. തുടർന്ന് തനിയാവർത്തനം.
ബിഹാഗിൽ രചിച്ച സ്വാതിതിരുനാൾ കൃതിയായ സാരമൈന (ആദിതാളം തിശ്രനട), സിന്ധുഭൈരവിയിലുള്ള പുരന്ദരദാസർ കൃതി വെങ്കിടാചല നിലയം (ആദിതാളം) എന്നിവയോടെ കച്ചേരി അവസാനിച്ചു.
രാത്രി 8 മണിക്ക് രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത് ഡോ.ബി.അരുന്ധതിയായിരുന്നു. വയലിൻ ബിന്ദു.കെ.ഷെണോയ്, മൃദംഗം എ.ബാലകൃഷ്ണ കമ്മത്ത്, ഘടം വാഴപ്പള്ളി ആർ കൃഷ്ണകുമാർ.
എട്ടു കൃതികളാണ് കച്ചേരിയിൽ അവതരിപ്പിച്ചത്. നാട്ടയിൽ സ്വാതിതിരുനാൾ രചിച്ച പാഹി ശൗരേ എന്ന രൂപകതാള കൃതി ആലപിച്ചു കൊണ്ടാണ് ഡോ.അരുന്ധതി കച്ചേരി തുടങ്ങിയത്. പട്ടണം സുബ്രഹ്മണ്യ അയ്യരുടെ നിന്നുജൂച്ചി (സൗരാഷ്ട്രം, ആദി), ആനന്ദേശ്വരേണ എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതി (ആനന്ദഭൈരവി, മിശ്രചാപ്പ്) എന്നിവയെ തുടർന്ന് സ്വാതിതിരുനാളിന്റെ ജയ ജയ പത്മനാഭാ (സരസാംഗി, ആദി), കരുണാകര (ബേഗഡ, രൂപകം) എന്നിവയും പ്രധാന കൃതിയായി പൂർവി കല്യാണിരാഗത്തിൽ ദേവദേവ ജഗദീശ്വരാ എന്ന ആദിതാള കൃതിയും ആലപിച്ചു. തുടർന്ന് തനിയാവർത്തനം. സ്വാതി തിരുനാളിന്റെ തന്നെ ബീഹാഗിലുള്ള സാരമൈന ജാവളി പാടി കച്ചേരി അവസാനിപ്പിച്ചു.
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം ആറാം ദിവസം ഒരുക്കിയിരിക്കുന്നത് ശിവമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരിയും ഡോ.രാഹുൽ ലക്ഷ്മണിന്റെ സംഗീതക്കച്ചേരിയുമാണ്.