‘ജോണിച്ചായൻ എന്റെ സ്വന്തം സഹോദരന്, വിട’; നൊമ്പരത്തോടെ എം.ജി.ശ്രീകുമാർ
Mail This Article
നടൻ കുണ്ടറ ജോണിയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ജോണിയുമായി പതിറ്റാണ്ടുകൾ നീണ്ട അടുപ്പമുണ്ടായിരുന്നെന്നും അദ്ദേഹം തനിക്ക് സ്വന്തം സഹോദരനെപ്പോലെയായിരുന്നുവെന്നും ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കരിയറിന്റെ തുടക്കകാലത്ത് മദ്രാസിൽ തങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും എം.ജി.ശ്രീകുമാർ കൂട്ടിച്ചേർത്തു.
‘കുണ്ടറ ജോണി നമ്മളെ വിട്ടു പോയി. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതൽ എന്റെ അടുത്ത സഹോദരനായിയുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസിൽ എത്തുന്ന അന്നത്തെയും ഇന്നത്തെയും സൂപ്പർ താരങ്ങൾ ഉൾപ്പടെ എല്ലാ സിനിമ പ്രവർത്തകരും താമസിച്ചിരുന്ന ഒരു പാർപ്പിടം. അവിടെ ജോണിച്ചായനോടൊപ്പം ആ കൊച്ചു മുറിയിൽ ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാൻ. അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു’, എം.ജി.ശ്രീകുമാർ കുറിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെത്തുടർന്ന് നടൻ കുണ്ടറ ജോണി അന്തരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹബാധിതനായതിനെത്തുടർന്ന് കുറച്ചു കാലമായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല.