അമേരിക്കൻ സംഗീതജ്ഞൻ ഗ്രിഗറി അലിസൺ ഏറ്റുമാനൂരപ്പന്റെ മണ്ണിൽ
Mail This Article
കോട്ടയം ∙ ‘നമഃശിവായ! നമഃശിവായ! നമഃശിവായ !’ അമേരിക്കൻ സംഗീതജ്ഞൻ ഗ്രിഗറി അലിസൺ ഏറ്റുമാനൂരപ്പന്റെ ഭക്തി ഗാനം വയലിനിൽ വായിച്ചപ്പോൾ കേൾക്കാനെത്തിയവരുടെ നാവിൽ നിന്നും ആ ഗാനത്തിന്റെ വരികളും ഉയർന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിലെ കലാ മണ്ഡപത്തിലാണ് ഗ്രിഗറിയും സംഘവും വയലിൻ ഡ്യുവറ്റ് അവതരിപ്പിച്ചത്. ഒന്നര മണിക്കൂർ നീണ്ട സംഗീത വിരുന്നിൽ ‘ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ ..’ എന്ന സിനിമ ഗാനത്തിന്റെ ‘നമഃശിവായ !’ എന്ന ഭാഗം മാത്രം ആദ്യം വായിച്ചു. പിന്നീട് ഏറ്റവും ഒടുവിൽ ഈ പാട്ട് മുഴുവനും വായിച്ച് ആസ്വാദകരുടെ നിറഞ്ഞ കയ്യടിയും നേടി.
സുഹൃത്ത് മിഷാലിനൊപ്പമാണ് ഗ്രിഗറി യുഎസിൽ നിന്നു എത്തിയത്. ഗ്രിഗറിയുടെ ഗുരുവും ഏറ്റുമാനൂർ സ്വദേശിയുമായ വയലിനിസ്റ്റ് പേരൂർ ഇ.ബി. ജയപ്രകാശും ഒപ്പം കൂടി. ‘വാതാപി ഗണപതിം ഭജേ..’ തുടങ്ങി സംഗീത പ്രേമികളുടെ ഇഷ്ട കൃതികളായ ബ്രോചേവാരെവരുരാ, ആനന്ദനടനം ആടി നാൻ, ആനന്ദാമൃത (അമൃത വർഷിണി) എന്നിവയെല്ലാം ഇവരുടെ സംഗീത വിരുന്നിൽ ഒഴുകിയെത്തി. എ.ബാലകൃഷ്ണ കമ്മത്ത് ( മൃദംഗം ), വാഴപ്പള്ളി ആർ.കൃഷ്ണകുമാർ (ഘടം) എന്നിവർ പക്കമേളമൊരുക്കി. ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് ഇവരെയെല്ലാം ആദരിച്ചു.
∙ ഇന്ത്യയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത് ആദ്യം
ഗ്രിഗറി അലിസൺ ഇന്ത്യയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത് ആദ്യമാണ്. പോർട്ട്ലൻഡിലെ രസിക സ്കൂൾ ഓഫ് മ്യൂസിക്കിലെ അധ്യാപകനായിരുന്നപ്പോൾ ജയപ്രകാശിന്റെ ശിഷ്യനായിരുന്നു ഗ്രിഗറി. 2013 മുതൽ 5 വർഷം ജയപ്രകാശിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. ജയപ്രകാശ് ഇപ്പോൾ തൃപ്പൂണിത്തുറയിലാണു താമസം. സംഗീതമേഖലയിലെ ബഹുമുഖ പ്രതിഭയായ ഗ്രിഗറിയുടെ ഏറെ നാളത്തെ ആഗ്രഹമാണു സഫലമാകുന്നത്. കേരളത്തിലെ ആസ്വാദകരുടെ മുന്നിൽ സംഗീതവിസ്മയം തീർത്ത് അവരുടെ മനസ്സിൽ ഇടംപിടിക്കുകയാണു ലക്ഷ്യം.
ജയപ്രകാശിന്റെ ഉപദേശത്തിലാണു കേരളത്തിലെ അരങ്ങേറ്റം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലാക്കിയത്. ഗ്രിഗറി കുട്ടിക്കാലത്തു തന്നെ പിയാനോയിലും വെസ്റ്റേൺ വയലിൻ സംഗീതത്തിലും കഴിവു തെളിയിച്ചു. യുഎസിലെ മാഡിസണിൽ ജനിച്ച ഗ്രിഗറി ഇപ്പോൾ പോർട്ട്ലൻഡിലാണു താമസം. ഹോളിവുഡ് ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. 3 സോളോ ആൽബങ്ങൾ പുറത്തിറക്കി. സ്വന്തമായി റിക്കോർഡിങ് സ്റ്റുഡിയോ ഉണ്ട്. ബെർക് ലീ കോളജ് ഓഫ് മ്യൂസിക്കിൽ നിന്നു ബിരുദം നേടിയ ഗ്രിഗറി വയലിനു പുറമേ മാൻഡലിനിലും പിയാനോയിലും സെല്ലോയിലും വയോളയിലും കഴിവു തെളിയിച്ചു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
∙ അക്കരപ്പച്ച എന്ന സിനിമയിലെ ഗാനം
അക്കരപ്പച്ച എന്ന സിനിമയ്ക്കു വേണ്ടി വയലാർ രാവർമ എഴുതിയതാണ് ‘ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ ..’ എന്ന ഗാനം. ജി. ദേവരാജനാണ് സംഗീതം. മോഹനം രാഗത്തിൽ പി. മാധുരിയാണ് ആലപിച്ചത്.
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
തിരുനാഗത്തളയിട്ട തൃപ്പാദം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി
കണികാണാൻ വരുന്നേരം - കാലത്ത്
കണികാണാൻ വരുന്നേരം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
തിരുമുടിപ്പുഴയിലെ തീർഥജലം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
(ഏഴരപ്പൊന്നാന..)
ഹിമഗിരി കന്യക കൂവളമലർമാല്യം
അണിയിക്കുമാതിരരാവിൽ - തിരുമാറിൽ
അണിയിക്കുമാതിരരാവിൽ
തരുമോ തിലകം ചാർത്താനെനിക്കു നിൻ
തിരുവെള്ളിപ്പിറയിലെ തേൻകിരണം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
(ഏഴരപ്പൊന്നാന..)