ADVERTISEMENT

പിന്നണിഗായിക രാജലക്ഷ്മി തുടക്കമിട്ട ലളിത സംഗീത പാഠം എന്ന ഓൺലൈൻ സംഗീത പഠന ക്ലാസ് നാലാം വർഷത്തിലേക്ക്. കോവിഡ് കാലത്തു തുടങ്ങിയ ഓൺലൈൻ സംഗീത പഠന ക്ലാസിന് ഇപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് രാജലക്ഷ്മി പറഞ്ഞു. എല്ലാവരും ഓഫ്‍ലൈൻ തിരക്കുകളിലേക്ക് തിരിഞ്ഞിട്ടും ഓൺലൈൻ സംഗീത പഠന ക്ലാസ് തുടരുന്നതിന് കാരണമുണ്ടെന്നു പറയുകയാണ് ഗായിക രാജലക്ഷ്മി.

മറക്കില്ല ചിത്രച്ചേച്ചിയുടെ വാക്കുകൾ 

കോവിഡിനു ശേഷം വീണ്ടും എന്റെ തിരക്കുകളിലേക്ക് വരുമ്പോൾ ഈ ക്ലാസുകൾ നിർത്താമെന്നൊക്കെ ആദ്യം കരുതിയിരുന്നു. എന്നാൽ, ചിത്രച്ചേച്ചി പറഞ്ഞ വാക്കുകൾ എന്നെ അതിൽനിന്നു പിന്തിരിപ്പിച്ചു. ‘‘പകർന്നു കൊടുക്കുന്തോറും വർധിക്കുന്നതാണ് വിദ്യ. രാജി എത്ര പഠിപ്പിക്കുന്നുവോ അത്രയും രാജിയുടെ ശബ്ദവും തെളിയും’’ എന്നായിരുന്നു അന്ന് ചിത്രച്ചേച്ചി പറഞ്ഞത്. ആ വാക്കുകൾ ഇപ്പോഴും എനിക്ക് ഊർജമാണ്. ഈ ക്ലാസുകൾ എനിക്കും ഒരു സാധകം ആണ്. എത്ര നാൾ പാടാമോ, അത്രയും നാൾ പാട്ടുകൾ പഠിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. വിജയദശമി ദിനത്തിൽ പുതിയ ബാച്ചുകൾ തുടങ്ങും. 

Rajalakshmi
കെഎസ് ചിത്രയും രാജലക്ഷ്മിയും

അവരിപ്പോൾ മലയാളം പറഞ്ഞു തുടങ്ങി

സംഗീത പഠനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം എത്രമാത്രം ഫലപ്രദമാണെന്ന സംശയം ഇങ്ങനെയൊരു സംരംഭം തുടങ്ങിയപ്പോൾ ഉണ്ടായിരുന്നു. കുട്ടികളെ സ്ക്രീനിനു മുമ്പിൽ പിടിച്ചു ഇരുത്തുക എന്നത് ഒരു ടാസ്ക് ആണല്ലോ. പക്ഷേ, ക്ലാസുകൾ തുടങ്ങിയപ്പോൾ ആ സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നു മനസ്സിലായി. ആദ്യമാദ്യം മുഖം പോലും കാണിക്കാതിരുന്ന കുട്ടികൾ, പാട്ടു പഠിച്ചു പഠിച്ച് പതിയെ സംവദിക്കാനും അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും തുടങ്ങി. പാട്ടിലൂടെ പല കാര്യങ്ങളും അവരിലേക്ക് എത്തിക്കാൻ പറ്റുമെന്ന് മനസ്സിലായി. പലരും മലയാള ഭാഷ പഠിക്കാൻ താൽപര്യം കാണിച്ചു. മലയാളം പറയാത്ത, പറയാൻ മടി കാണിച്ചിരുന്ന കുട്ടികൾ ലളിത സംഗീത പാഠത്തിലൂടെ ഭാഷയെ അറിയാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. ആ കുട്ടികളുടെ മാതാപിതാക്കളും വളരെ ഹാപ്പിയായി. മക്കൾ മലയാളം പാട്ടുകൾ പാടണമെന്ന മോഹം ഉള്ളിൽ സൂക്ഷിക്കുന്നവരായിരുന്നു അവരിൽ പലരും.

പ്രായം ഒരു തടസ്സമല്ല

ലളിത സംഗീത പാഠം തുടങ്ങിയിട്ട് ഇതു നാലാം വർഷമാണ്. കോവിഡ് സമയത്താണ് ഓൺലൈൻ സംഗീത പഠന ക്ലാസ് തുടങ്ങിയത്. എല്ലാം സാധാരണ നിലയിലേക്ക് എത്തിയിട്ടും ഓൺലൈനിൽ ക്ലാസിനു ചേർന്ന ആരും എന്നെ വിട്ടു പോയില്ല. അങ്ങനെ ആ ക്ലാസുകൾ ഞാൻ തുടർന്നു പോന്നു. എന്റെ സംഗീത പരിപാടികൾക്കൊപ്പം ക്ലാസുകളും നടക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള നൂറോളം പേർ പ്രായഭേദമന്യേ ഇപ്പോൾ ഓൺലൈൻ ക്ലാസിൽ വിവിധ ബാച്ചുകളിലായുണ്ട്. സംഗീതത്തിന് പ്രായം ഒരു തടസ്സമോ പരിമിതിയോ അല്ല.

Rajalakshmi20

ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 8921828174. rajalakshmyofficial@gmail.com.

English Summary:

Singer Rajalakshmi's online music classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com