മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: പെയ്തൊഴിയാതെ ഈണപ്പെരുമഴ
Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ ആറാം ദിവസം വെള്ളിയാഴ്ച രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യം ശിവമോഗ കെ.കുമാരസ്വാമിയുടെ സാക്സഫോൺ കച്ചേരിയായിരുന്നു. കോട്ടയം എസ്.ഹരിഹരൻ വയലിൻ, എൻ.ഹരി മൃദംഗം, കോട്ടയം കെ.എസ് ശരത് ഘടം.
എട്ട് കൃതികളാണ് കുമാരസ്വാമി അവതരിപ്പിച്ചത്. മുത്തുസ്വാമി ദീക്ഷിതരുടെ അതിപ്രശസ്തമായ വാതാപി ഗണപതിം എന്ന ഗണപതി സ്തുതിയോടെയാണ് കച്ചേരി തുടങ്ങിയത്. ഹംസധ്വനി രാഗം, ആദി താളം. ശ്രീരാഗത്തിൽ ത്യാഗരാജ സ്വാമികൾ രചിച്ച എന്തരോ മഹാനുഭാവുലു (ആദി താളം), മുത്തയ്യ ഭാഗവതരുടെ രാജരാജ രാധിതേ (നിരോഷ്ട, ആദി തിശ്രഗതി), ത്യാഗരാജ സ്വാമികൾ നവരസകന്നടയിൽ ചിട്ടപ്പെടുത്തിയ നിന്നുവിന (ആദിതാളം) എന്നിവ മനോഹരമായി അവതരിപ്പിച്ചു. പ്രധാന കൃതിയായി വായിച്ചത് ത്യാഗരാജ സ്വാമികൾ അണിയിച്ചൊരുക്കിയ സുപ്രസിദ്ധമായ നഗുമോമു (ആഭേരി, ആദി) ആയിരുന്നു. തുടർന്ന് തനിയാവർത്തനം.
കാപ്പി രാഗത്തിലുള്ള പുരന്ദരദാസ കൃതി ജഗദോദ്ധാരണ (ആദി താളം), ശങ്കരാചാര്യർ പുന്നഗവരാളിയിൽ രചിച്ച ഏകതാള കൃതി ഐഗിരി നന്ദിനി എന്നിവയ്ക്കു ശേഷം ഹരിവരാസനം പാടി കച്ചേരി അവസാനിപ്പിച്ചു.
രാത്രി എട്ടിന് രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത് ഡോ.രാഹുൽ ലക്ഷ്മൺ ആയിരുന്നു. വയലിൻ ചെമ്പൈ രാജേന്ദ്രൻ, മൃദംഗം അരുൺ ചന്ദ്രഹാസൻ, ഘടം കുറിച്ചിത്താനം എസ്.അനന്തകൃഷ്ണൻ
12 കൃതികളാണ് കച്ചേരിയിൽ പാടിയത്. ശ്രീരാഗത്തിൽ കരൂർ ദേവുഡു അയ്യർ രചിച്ച സാമി നിന്നുകോരി എന്ന ആദിതാള കൃതി ആലപിച്ചു കൊണ്ടാണ് ഡോ.രാഹുൽ തുടങ്ങിയത്. ജയചാമരാജ വൊഡയാർ അഠാണയിൽ ചിട്ടപ്പെടുത്തിയ ശ്രീ മഹാഗണപതിം (ആദി), മുത്തുസ്വാമി ദീക്ഷിതരുടെ മീനാക്ഷി മേ മുദം (പൂർവി കല്യാണി, ആദി) എന്നിവയ്ക്കു ശേഷം ത്യാഗരാജ സ്വാമികൾ രചിച്ച കൃതികളായ സാധിഞ്ചനേ (ആരഭി, ആദി), സീതമ്മ മായമ്മ (വസന്ത, രൂപകം), ശിവ ശിവ ശിവ എന്ന രാധ (പന്തുവരാളി, ആദി) ഇന്ത കണ്ണനന്തമേമി (ബിലഹരി, രൂപകം) മനോഹരമായി ആലപിച്ചു.
തുടർന്ന് സ്വാതിതിരുനാൾ രചിച്ച സരോജനാഭ (ചക്രവാകം, ആദി) പാടിയതിനു ശേഷം പ്രധാന കൃതിയായി സ്വാതിതിരുനാളിന്റെ തന്നെ പങ്കചലോചന അവതരിപ്പിച്ചു. രാഗം കല്യാണി, താളം മിശ്രചാപ്പ്. അതിനു ശേഷം തനിയാവർത്തനം.
സ്വാതി തിരുനാളിന്റെ ഹംസാനന്ദിയിലുള്ള ശങ്കര ശ്രീഗിരി (ആദി താളം), അന്നമാചാര്യയുടെ എന്തമാത്രമുന (രാഗമാലിക, മിശ്രചാപ്പ്) എന്നിവ ആലപിച്ചതിനു ശേഷം സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ ധനശ്രീ തില്ലാന പാടി കച്ചേരി അവസാനിപ്പിച്ചു.