ADVERTISEMENT

ആകാശവാണിയിൽ പതിവായി കേൾപ്പിച്ചിരുന്ന 'യവനിക'യിലെ പാട്ടുകളിലാണ് എന്റെ കുട്ടിക്കാലത്തെ റേഡിയോ ഓർമകൾ തുടങ്ങുന്നത്. 'ഭരതമുനിയൊരു കളം വരച്ചു' എന്ന പാട്ടായിരുന്നു അന്നെനിക്ക് ഏറെയിഷ്ടം. കാരണം കളം വരയ്ക്കാൻ എനിക്കും അറിയാമായിരുന്നു. ചുള്ളിക്കമ്പുകൾ കൊണ്ട് വീടിന്റെ മുറ്റത്ത് ആയിരുന്നു എന്നു മാത്രം. ഓരോ കളം വരയ്ക്കുമ്പോഴും മനസ്സിൽ 'ഭരതമുനി'യായി മാറിക്കൊണ്ട് ഞാൻ ആ വരികൾ ഉറക്കെ പാടിയിരുന്നു.

കെ.ജി.ജോർജ് എന്ന സംവിധായകനെ തോപ്രാൻകുടിയിൽ ജനിച്ചുവളർന്ന ഞാൻ അറിയുന്നതിന് സാധ്യതകൾ അന്ന് വളരെ കുറവായിരുന്നു. പള്ളിക്കും പള്ളിക്കൂടത്തിനുമപ്പുറം റേഡിയോയിൽ ഇടയ്ക്കൊക്കെ കേട്ടിരുന്ന സിനിമാപ്പാട്ടുകളിലും അവിടെയുണ്ടായിരുന്ന 'യുവറാണി' തിയറ്ററിൽ വീട്ടുകാരോടൊപ്പം വല്ലപ്പോഴും കണ്ടിരുന്ന കുടുംബചിത്രങ്ങളിലും എന്റെ പാട്ടും പടങ്ങളും ഒതുങ്ങിയിരുന്നു.

kg-george-music1

നാടും വീടും വിട്ട് വർഷങ്ങൾക്കു ശേഷം എറണാകുളത്ത് 'ക്ലൗഡ്സ് അഡ്വർടൈസിങ്' എന്ന പരസ്യസ്ഥാപനത്തിൽ പ്യൂണായി ജോലി തുടങ്ങിയപ്പോഴാണ് എന്റെ സിനിമാക്കാഴ്ച്ചകളും പാട്ടുകേൾവികളും വിപുലമാകുന്നത്. അവയുടെ പിന്നണികളിലേക്കു നൂണ് കയറിത്തുടങ്ങിയതും ആ ജോലിക്കാലത്തു തന്നെയാണ്.

ആ ദിവസങ്ങളിലൊരിക്കൽ എറണാകുളം ഫിലിം സൊസൈറ്റി ദീപാ തിയറ്ററിൽ (ഇന്നത്തെ കാനൂസ്) നടത്തിയ ഒരു ചലച്ചിത്രോത്സവത്തിൽ വച്ചാണ് ഞാൻ ആദ്യമായി 'യവനിക' സിനിമ കാണുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ അഭാവത്തിൽ, ആ തബലയുടെ പിന്നണിയില്ലാതെ പിറന്ന നാടകാവതരണഗാനമായ 'ഭരതമുനി' യെ തിയറ്ററിൽ അദ്ഭുതത്തോടെയാണ് കണ്ടത്. 'യവനിക'യെന്ന സിനിമയും അതിലെ പാട്ടുകളും അവയുടെ സന്നിവേശവും കെ.ജി.ജോർജ് എന്ന ചലച്ചിത്രകാരന്റെ കൂടുതൽ സിനിമകളിലേക്കും അവയിലെ പാട്ടുകളിലേക്കും എന്നെ കൂട്ടിക്കൊണ്ടുപോയി.

സിനിമ കാണുവാൻ എന്നോടൊപ്പം തിയറ്ററിലുണ്ടായിയിരുന്ന, ഞാനിന്നേവരെ പിന്നീട് കണ്ടിട്ടില്ലാത്ത ഒരാളാണ് ഒന്നാംതരം പാട്ടുകളുള്ള 'ഉൾക്കടൽ', 'വ്യാമോഹം', 'മേള' എന്നീ സിനിമകളൊക്കെ കെ.ജി.ജോർജിന്റെയാണെന്നെന്നോടു പറയുന്നത്. ആ പാട്ടുകളെല്ലാം തന്നെ ആകാശവാണിയിലൂടെയും സിലോൺ റേഡിയോയിലൂടെയും ഒരുപാട് തവണ ഞാൻ കേട്ടാസ്വദിച്ചിട്ടുള്ളവയാണ്.

'യവനിക' തിയറ്ററിൽ കണ്ടിറങ്ങിയതിന്റെ അടുത്ത നാളുകളിലാണ് 'ഇലവങ്കോട് ദേശം' എന്ന സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ പല വാരികകളിലും പത്രങ്ങളിലുമായി കാണാൻ തുടങ്ങിയത്. അതിൽ കെ.ജി.ജോർജുമായുള്ളൊരു അഭിമുഖത്തിൽ പാട്ടുകൾ സിനിമയ്ക്ക് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണെന്ന് താൻ കരുതുന്നില്ലെന്നൊരു പരാമർശം അദ്ദേഹത്തിന്റേതായി കണ്ട് എനിക്കാശ്ചര്യം തോന്നി. പിന്നീട് വായിച്ച പല അഭിമുഖങ്ങളിലും അക്കാര്യം ആവർത്തിക്കുന്ന കെ.ജി.ജോർജ്, തന്റെ പല ചിത്രങ്ങളിലും പാട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.

kg-george-music4

എങ്കിലും തന്റെ ആദ്യചിത്രമായ 'സ്വപ്നാടനം' മുതൽ ചലച്ചിത്രങ്ങളുടെ പിന്നണി സംഗീത രംഗത്തേക്കു തന്റേതായ സംഭാവനകൾ നൽകുന്നതിൽ കെ.ജി.ജോർജ് ശ്രദ്ധിച്ചിരുന്നു. ചിത്രത്തിലെ പാട്ടുകളെക്കുറിച്ചും പശ്ചാത്തലസംഗീതത്തെപ്പറ്റിയും നല്ല ധാരണ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് സംഗീതസംവിധായകരെ തിരഞ്ഞെടുക്കുന്നതിലെ വൈദഗ്ധ്യത്തിലൂടെ അദ്ദേഹം വ്യക്തമാക്കിത്തരുന്നുണ്ട്.

സ്വതന്ത്രസംവിധായകനായി അരങ്ങേറിയ തന്റെ ആദ്യചിത്രമായ 'സ്വപ്നാടന'ത്തിന്റെ സംഗീതസംവിധായകനായി മറാത്തിയായ ഭാസ്കർ ചന്ദാവർക്കറിനെയാണ് കെ.ജി.ജോർജ് അവതരിപ്പിച്ചത്. സിത്താർ വിദഗ്ദനായ ചന്ദാവർക്കർ, പതിനഞ്ച് വര്‍ഷം ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ (എഫ്‌.ടി.ഐ.ഐ.)യിലെ സംഗീതാധ്യാപകനായിരുന്നു. അവാർഡുകൾ വാരിക്കൂട്ടിയ 'സ്വപ്നാടന'ത്തിലൂടെ ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാനപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രത്തിലെ സന്ദർഭങ്ങൾക്ക് യോജിച്ചതായിരുന്നുവെങ്കിലും നാല് പാട്ടുകളും ജനപ്രീതിയിൽ മുന്നിലെത്തിയില്ല. (പാട്ടുകളെഴുതിയ പി.ജെ.ഏഴക്കടവ് ഈ ചിത്രത്തിലും 'കൊച്ചുമോൻ' എന്ന മറ്റൊരു ചിത്രത്തിലും മാത്രമാണ് എഴുതിയിട്ടുള്ളത്)

kg-george-music-shijo
ലേഖകൻ ഷിജോ മാനുവൽ കെ.ജി.ജോർജിനൊപ്പം.

കെ.ജി.ജോർജ് തന്റെ അടുത്ത ചിത്രമായ 'വ്യാമോഹ'ത്തിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതസംവിധായകരിലൊരാളായ ഇളയരാജയെയാണ് മലയാളത്തിലേക്ക് അവതരിപ്പിച്ചത്. അതിനു മുൻപ് റിലീസായ ദ്വിഭാഷാചിത്രം 'ആറു മണിക്കൂർ' അഥവാ 'ഉറവാടും നെഞ്ചം' ഇളയരാജയുടെ ആദ്യ മലയാളചിത്രമായി സാങ്കേതികമായി പറയാമെങ്കിലും അതിലെ പാട്ടുകൾ മൊഴി മാറ്റിയവയാണ്.

'വ്യാമോഹ'ത്തിൽ യേശുദാസും എസ്.ജാനകിയും ചേർന്നും എസ്.ജാനകി തനിച്ചും പാടുന്ന 'പൂവാടികളിൽ അലയും തേനിളംകാറ്റേ' ഇന്നും ജനപ്രീതിയുള്ളൊരു പാട്ടാണ്. കെ.ജി.ജോർജിന്റെ ഭാര്യയും ഗായികയുമായ സെൽമ ജോർജ്, ഭർത്താവിന്റെ ചിത്രത്തിൽ ആദ്യമായി പാടുന്നതും 'വ്യാമോഹ'ത്തിലാണ്.

'വ്യാമോഹ'ത്തിന്റെ പ്രിന്റുകൾ ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ ആ ചിത്രം മിക്കവരും കണ്ടിട്ടില്ല. 'പോലീസ്കാരൻ മകൾ' എന്ന തമിഴ് സിനിമയുടെ റീമേയ്ക്കായി 'വ്യാമോഹ'ത്തെ പരാമർശിച്ചുകാണാറുണ്ട്. പക്ഷേ റീമേക്കുകളോട് തീരെ അനുഭാവം പുലർത്താത്ത കെ.ജി.ജോർജ് 'പോലീസ്കാരൻ മകൾ' എഴുതിയ തമിഴ് എഴുത്തുകാരനായ ബി.എസ്.രാമയ്യയുടെ മൂലകഥയെ അവലംബിച്ചായിരിക്കണം 'വ്യാമോഹം' ചെയ്തത് എന്നാണ് ഞാൻ അനുമാനിക്കുന്നത്. എന്തായാലും പോലീസ്കാരൻ മകളി'ലെ 'ഇന്ത മൻട്രത്തിൽ ഓടിവരും' എന്ന പാട്ടിന്റെ സാഹചര്യം തന്നെയാണ് 'പൂവാടികളിൽ' എന്ന ഗാനത്തിനുമുള്ളത് എന്ന് രണ്ട് പാട്ടുകളും ശ്രദ്ധിച്ചാൽ വ്യക്തമാകും.

kg-george-music2

പിന്നീട് സംവിധാനം ചെയ്ത 'രാപ്പാടികളുടെ ഗാഥ'യിൽ ജി.ദേവരാജനെക്കൊണ്ട് സംഗീതം ചെയ്യിച്ച കെ.ജി.ജോർജ് അടുത്ത ചിത്രമായ 'ഇനി അവൾ ഉറങ്ങട്ടെ'യുടെ സംഗീതസംവിധാനം എം.കെ. അർജുനനും നൽകി. യേശുദാസ് പാടിയ 'രക്തസിന്ദുരം ചാർത്തിയ'എന്ന പാട്ടൊഴികെ മറ്റൊന്നും ജനപ്രിയമായില്ല.

അടുത്ത സംവിധാനസംരംഭമായ 'ഓണപ്പുsവ'യിലൂടെയാണ് കെ.ജി.ജോർജ്-എം.ബി.ശ്രീനിവാസൻ-ഒഎൻവി. സഖ്യം ആദ്യമായി ഒരുമിക്കുന്നത്. അതിൽ യേശുദാസ് പാടിയ 'ശാപശിലകൾക്കുയിരു നൽകും ദേവപാദങ്ങളെവിടെ' എന്ന പാട്ട് ഇടയ്ക്കെല്ലാം റേഡിയോയിൽ കേട്ടിരുന്നതായി ഓർക്കുന്നു.

'ഓണപ്പുടവ'യ്ക്കു പിന്നാലെ റിലീസ് ചെയ്ത കെ.ജി.ജോർജ് ചിത്രമായ 'മണ്ണി'ന് സംഗീതമൊരുക്കിയത് പക്ഷേ, എ.ടി.ഉമ്മറായിരുന്നു. 'മണ്ണി'ൽ യേശുദാസ് പാടിയ 'അകലങ്ങളിലെ അദ്ഭുതമേ' ഇന്നും ഒരു ക്ലാസിക് ഗാനമാണ്. കൂടാതെ ചിത്രത്തിനുവേണ്ടി ബ്രഹ്മാനന്ദൻ, പി.സുശീല, സെൽമ ജോർജ് എന്നിവർ ചേർന്നു പാടിയ 'ദേവീ ഭഗവതീ' ആകാശവാണിയുടെ വൈകിട്ടത്തെ വാർത്താബുള്ളറ്റിനു ശേഷം മിക്കവാറും കേൾപ്പിച്ചിരുന്നു.

kg-george-music5

ഈപ്പറഞ്ഞ അഞ്ച് സംഗീതസംവിധായകർ ഈണം നൽകിയ ഗാനങ്ങളുമായി അഞ്ച് ചിത്രങ്ങളും വെള്ളിത്തിരയിലെത്തിയത് 1978 ലായിരുന്നു. അതേവർഷം ജോർജ്ജിന്റെ ആറാമത്തെ സംഗീതസംവിധായനായി കണ്ണൂർ രാജൻ സംഗീതം നൽകിയ ചിത്രമായ 'സൗന്ദര്യ'ത്തിന്റെ റെക്കോർഡ് കൈവശമുണ്ട്. ആ സിനിമ കുറെയെങ്കിലും ചിത്രീകരിച്ചിട്ടുള്ളതായിപ്പോലും അറിവില്ല. എങ്കിലും 1978ൽ പാട്ടുകളുടെ റെക്കോർഡ് പുറത്തിറങ്ങിയപ്പോൾ റെക്കോർഡ് കവറിൽ കെ.ജി.ജോർജിന്റെയും സെൽമ ജോർജിന്റെയും ചിത്രമുണ്ട്. ആ ചിത്രം 1978ൽ കെ.ജി.ജോർജിന്റെ നടക്കാതെ പോയ ഒരു പ്രോജക്ട് ആയിരുന്നിരിക്കണം. 'സൗന്ദര്യ'ത്തിലെ യേശുദാസ് പാടിയ 'മണ്ണിൽ കൊഴിഞ്ഞ മലരുകളേ' സുന്ദരമായൊരു ദുഃഖഗാനമാണ്.

അടുത്തവർഷം (1979) തിരശ്ശീലയിലെത്തിയ 'ഉൾക്കടൽ' ആണ് കെ.ജി.ജോർജ്-എം.ബി.ശ്രീനിവാസൻ-ഒഎൻവി. കൂട്ടുകെട്ടിലെ എക്കാലത്തെയും മികച്ച ഗാനങ്ങളുള്ള ചിത്രമായി ഞാൻ കരുതുന്നത്. ആ ഗാനങ്ങൾക്ക് ഒഎൻവിക്കും എം.ബി.ശ്രീനിവാസനും സംസ്ഥാനപുരസ്കാരം ലഭിക്കുകയും ചെയ്തു.

'ശരദിന്ദു മലർ ദീപനാളം' (പി.ജയചന്ദ്രൻ, സെൽമ ജോർജ്)

'നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ' (യേശുദാസ്)

'എന്റെ കടിഞ്ഞൂൽപ്രണയകഥയിലെ' (യേശുദാസ്)

'കൃഷ്ണതുളസിക്കതിരുകൾ ചൂടിയ' (യേശുദാസ്)

'പുഴയിൽ മുങ്ങി' (കവിത - യേശുദാസ്)

ഈ പാട്ടുകളെല്ലാം ഇന്നും പ്രണയികളെ ഉണർത്തുകയും വിരഹികളെ ഉരുക്കുകയും ചെയ്യുന്നവയാണ്. സെൽമ ജോർജ് അറിയപ്പെടുന്നത് പോലും 'ശരദിന്ദു'വിലൂടെയാണ്. ഇന്നും ഈ പാട്ടുകളുടെ പുതിയ പതിപ്പുകൾ പലരും പാടി നവമാധ്യമങ്ങളിൽ കാണാറുമുണ്ട്.

തുടർന്നു വന്ന 'മേള' മുതലുള്ള കെ.ജി.ജോർജിന്റെ ഏഴ് ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് എം.ബി.ശ്രീനിവാസൻ തന്നെയായിരുന്നു. അവയിൽ ചിലതിലൊന്നും പാട്ടുകൾ ഉണ്ടായിരുന്നില്ല. കഥയുടെയും കഥാപാത്രങ്ങളുടെയും വികാരവിക്ഷോഭങ്ങൾക്ക് അകമ്പടിയായി പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ എം.ബി.എസ് വിജയിക്കുകയും ചെയ്തിരുന്നു.

'മേള'യുടെ കഥാപരിസരവുമായി യാതൊരു ബന്ധവുമില്ലാത്ത ഇമേജായിരുന്നു സിനിമയുടെ പാട്ടുകൾ റിലീസ് ചെയ്ത EP റെക്കോർഡ് കവറിൽ ഉണ്ടായിരുന്നത്. നായികയായ അഞ്ജലി നായിഡുവിന്റെ ചിത്രം തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് 'മേള’ വീണ്ടും കണ്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. 'മേള'യുടെ റെക്കോർഡ് ഇറങ്ങുന്നതിനു മുൻപേ Inreco (music company) റിലീസ് ചെയ്ത 'മോഹം എന്ന പക്ഷി' എന്ന റിലീസ് ആകാത്ത സിനിമയിൽ എം.കെ.അർജുനൻ ഈണം നൽകിയ മൂന്നു പാട്ടുകളുടെ ഏതാനും ഭാഗങ്ങൾ 'മേള'യിൽ ഉപയോഗിച്ചിട്ടുണ്ട്. കഥാനായകൻ കൊണ്ടുവരുന്ന ടേപ്പ് റിക്കോർഡറിൽ നിന്നും കേൾക്കുന്ന പാട്ടുകൾ ആയിട്ടാണ് അവ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.ജോർജ് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു 'മോഹം എന്ന പക്ഷി' എന്ന് അങ്ങനെ മനസ്സിലായി. 'മോഹം എന്ന പക്ഷി'യിൽ സെൽമയും പാടിയിട്ടുണ്ട്. 'മേള'യിൽ ആ പാട്ടുകൾ അല്പമായെങ്കിലും ഉപയോഗിച്ചത് അദ്ദേഹം ചെയ്ത ഒരു നല്ല കാര്യമായി തോന്നുന്നു. 'മേള' കണ്ട ആരെങ്കിലുമൊക്കെ ആ പാട്ടുകളും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കാം.

'മേള'യെത്തുടർന്ന് വന്ന 'കോലങ്ങളാ'ണ് പാട്ടുകളില്ലാതെ പുറത്തിറങ്ങിയ ആദ്യത്തെ കെ.ജി.ജോർജ് ചിത്രം. അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് എം.ബി.എസ് പശ്ചാത്തലസംഗീതം നല്കിയ 'കോലങ്ങൾ'.

'കോലങ്ങൾ'ക്ക് പിന്നാലെയാണ് യവനിക വന്നത്.

'ഭരതമുനിയൊരു കളം വരച്ചു'

'ചമ്പകപുഷ്പസുവാസിത യാമം'

'മിഴികളിൽ നിറകതിരായി സ്നേഹം'

'മച്ചാനെ തേടി പച്ചമലയോരം' എന്നിങ്ങനെ 'യവനിക'യിലെ നാലു പാട്ടുകളും നന്നായി ശ്രദ്ധിക്കപ്പെട്ടു.

kg-george-music3

കെ.ജി.ജോർജിന്റെ പിന്നീട് വന്ന മിക്ക സിനിമകളിലും പാട്ടുകൾ ഉണ്ടായിരുന്നില്ല. 'ഈ കണ്ണി കൂടി'യുടെ പശ്ചാത്തലസംഗീതം ജോൺസനും 'യാത്രയുടെ അന്ത്യ'ത്തിന്റേത് എം.ജി.രാധാകൃഷ്ണനുമായിരുന്നു. ഇവർ രണ്ടുപേരും സഹകരിച്ച 'മണിച്ചിത്രത്താഴി'ലെ ഉദ്വേഗജനകമായ പശ്ചാത്തലസംഗീതത്തിന്റെ ആദിമരൂപം 'ഈ കണ്ണി കൂടി'യിൽ കേൾക്കാൻ കഴിയും.

1987ൽ പുറത്ത് വന്ന 'കഥയ്ക്ക് പിന്നിൽ' എന്ന ചിത്രത്തിലെ പാട്ടുകളൊരുക്കിയത് ഔസേപ്പച്ചനായിരുന്നു. അതിൽ ചിത്ര പാടിയ 'ഒരു പദം തേടി' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ കെ.ജി.ജോർജിന്റേതായി പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശ'ത്തിന് വിദ്യാസാഗർ ഒരുക്കിയ ഗാനങ്ങളെല്ലാം മികച്ചതും ശ്രദ്ധയാകർഷിച്ചതുമായിരുന്നു. 'ചമ്പകമലരൊളി പൊൻ നൂലിൽ നിനക്കായി’, ‘എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം' എന്നീ മെലഡികൾക്കെല്ലാം ഇന്നും ആസ്വാദകരേറെയാണ്.

കെ.ജി.ജോർജ് നിർമിച്ച ഒരേയൊരു ചിത്രമായ 'മഹാനഗര'ത്തിന് ജോൺസനായിരുന്നു സംഗീതം നൽകിയത്. അതിലെ മൂന്ന് പാട്ടുകളും അക്കാലത്ത് ഹിറ്റായിരുന്നു. 'മഹാനഗരം' തമിഴിലേയ്ക്ക് 'കീഴക്കരൈ വിശ്വനാഥ്' എന്ന പേരിലേയ്ക്ക് മൊഴി മാറിയിരുന്നു. ആദ്യം സിലോൺ റേഡിയോയിലാണ് ഞാനാ പാട്ടുകൾ കേട്ടത്. കൗതുകം തോന്നി കാസറ്റ് കുറേ അന്വേഷിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം ദുബൈയിൽ നിന്നാണ് പിരമിഡ് റിലീസ് ചെയ്ത 'കീഴക്കരൈ വിശ്വനാഥി'ന്റെ ഓഡിയോ സിഡി കിട്ടിയത്.

കെ.ജി.ജോർജെന്ന മഹാനായ കലാകാരനെ ആദ്യമായി നേരിൽ കാണുന്നതും സംസാരിക്കുന്നതും എഴുത്തുകാരനും നടനും അതിലുപരി എനിക്ക് സഹോദരതുല്യനുമായ ഷാജി ചേട്ടനോടൊപ്പം (ഷാജി ചെന്നെ) 2013 ൽ ജോർജ് സാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചാണ്. അസുഖം തുടങ്ങിയതിന്റെ അവശതകളുണ്ടായിരുന്നുവെങ്കിലും ഒരു പാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു.

2015 ൽ ഷാജിച്ചേട്ടന്റെ ആദ്യത്തെ മലയാളപുസ്തകത്തിന്റെ (പാട്ടല്ല സംഗീതം) പ്രകാശനം നടത്തിയതും കെ.ജി.ജോർജ് ആയിരുന്നു. അതിനു വേണ്ടി ജോർജ് സാറിനെ വീട്ടിൽ നിന്നും ഹോട്ടല്‍ ലെ മെറിഡിയനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതും ഞാനായിരുന്നു. പിന്നീട് ഇടയ്ക്കൊക്കെ സെൽമച്ചേച്ചിയുമായി ഫോണിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥകളൊക്കെ അറിയാനും കഴിഞ്ഞിരുന്നു.

kg-george-music6

എത്രയോ ഓർമകൾ!

കുഞ്ഞുന്നാളിൽ റേഡിയോയിൽ നിന്നും കെ.ജി.ജോർജ് ചിത്രങ്ങളിലെ പാട്ടുകൾ കേട്ടുതുടങ്ങിയ ഞാൻ, എന്റെ റേഡിയോമേഖലയിലെ ജോലി തുടങ്ങി ഈ പതിനെട്ട് വർഷങ്ങൾ കഴിയുമ്പോഴും വിദേശത്തും സ്വദേശത്തുമായി ഒരുപാട് ശ്രോതാക്കൾ അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാനങ്ങൾ ആവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. അതിലേറ്റവുമധികം ആവർത്തിക്കപ്പെട്ടത് എന്റെയനുഭവത്തിൽ എക്കാലത്തേക്കുമായി 'ശരദിന്ദു' നീട്ടിയ ആ മലർദീപനാളമാണ്.

ഇനിയും പകൽക്കിളി പാടിയെത്തും..

ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും..

ഇനിയുമീ നമ്മൾ നടന്നു പോകും

വഴിയിൽ വസന്ത മലർ കിളികൾ

കുരവയും പാട്ടുമായ് കൂടെയെത്തും..

ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ..

English Summary:

Remembering KG George and his film music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com