‘പഴയ പാട്ടുകള്‍ക്കൊരു അന്തസ്സുണ്ട്, വിചിത്രമായ കൂട്ടിച്ചേർക്കലുകൾ വേണ്ട, മാന്യത കാണിക്കൂ’; വിമർശിച്ച് ജാവേദ് അക്തർ
Mail This Article
പഴയ പാട്ടുകളുടെ റീമിക്സുകളും കവർ പതിപ്പുകളും പുറത്തിറക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഗാനരചയിതാവ് ജാവേദ് അക്തർ. ക്ലാസിക് ഗാനങ്ങൾ പുനഃസൃഷ്ടിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിൽ കുറച്ച് മാന്യത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്ലാസിക് ഗാനങ്ങളുടെ പുനഃസൃഷ്ടിയെക്കുറിച്ച് ജാവേദ് അക്തർ പരസ്യ പ്രതികരണം നടത്തിയത്.
‘പൂർവകാലത്തേക്കുറിച്ച് ഓർക്കുന്നതും അതിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതും നല്ല കാര്യം തന്നെ. പക്ഷേ പാട്ടുകളുടെ പുനഃസൃഷ്ടി വ്യാവസായിക നേട്ടങ്ങൾക്കു വേണ്ടി മാത്രമാകരുത്. പഴയ ഗാനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണം. മികച്ചതും അർഥവത്തായതുമായ വരികളുള്ള ഗാനങ്ങൾ തിരഞ്ഞെടുത്ത് അതിലേക്ക് നിങ്ങളുടേതായ വിചിത്രമായ കൂട്ടിച്ചേർക്കലുകൾ നടത്തുകയാണ് പുനഃസൃഷ്ടിയിലൂടെ ചെയ്യുന്നത്. ഇത് താജ് മഹലിൽ ഡിസ്കോ മ്യൂസിക് കേൾപ്പിക്കുന്നതു പോലെയാണ്. അതൊരിക്കലും ചെയ്യരുത്.
മികച്ച ഗായകരും എഴുത്തുകാരും സംഗീതസംവിധായകരും ചേർന്നൊരുക്കിയ അവിസ്മരണീയമായ ഗാനങ്ങളാണ് അവയെല്ലാം. നിങ്ങൾ അവയെ ബഹുമാനിക്കണം. ഇതൊരു സാംസ്കാരിക പൈതൃകമാണ്. നിങ്ങൾക്കതു പുനരുജ്ജീവിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ തീർച്ചയായും മുന്നോട്ടുപോകൂ, പുതിയ ഓർക്കസ്ട്രയും ക്രമീകരണവും ഉപയോഗിച്ച് മറ്റാരെങ്കിലും ഇത് പാടാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കില്‍ അത് ചെയ്തോളൂ. നിങ്ങൾ ഒരു സൈഗാൾ ഗാനം എടുത്ത് അര്‍ജിത് സിങ്ങിനെക്കൊണ്ട് പാടിപ്പിക്കൂ. അത് നന്നായിരിക്കും. എന്നാൽ ആ പാട്ടിൽ റാപ്പ് ചേർക്കുന്നത് ശരിയല്ല’, ജാവേദ് അക്തർ പറഞ്ഞു.