ADVERTISEMENT

സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ മാറ്റിമറിച്ച ഗെയിം ചെയ്ഞ്ചറായിരുന്നു ഗസല്‍ സംഗീതജ്ഞന്‍ ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ ഉമ്പായി മ്യൂസിക് അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരികുകയായിരുന്നു മുഖ്യമന്ത്രി. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പേര്‍ഷ്യന്‍ ഗസല്‍ പാരമ്പര്യത്തെ നമ്മുടെ സംസ്‌ക്കാരവുമായും ഇന്നത്തെ കാലവുമായും കൂട്ടിയോജിപ്പിച്ച കണ്ണിയായിരുന്നു ഉമ്പായി. അതുവഴി സംഗീതത്തിന്റെ സാര്‍വജനീനത തെളിയിക്കാന്‍ അദ്ദേഹത്തിനായി. ഏതെങ്കിലും ദേശാതിര്‍ത്തികള്‍ക്കകത്തോ ജനവിഭാഗങ്ങള്‍ക്കിടയിലോ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ല കലയെന്ന സന്ദേശം അദ്ദേഹത്തിന് ഊട്ടിയുറപ്പിക്കാനായി. 

ഗസല്‍ സംഗീതം മലയാളികള്‍ക്കും മലയാളഭാഷയ്ക്കും വഴങ്ങുമോ എന്ന സംശയത്തിനുള്ള മറുപടിയായിരുന്നു ഉമ്പായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസലിനെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതിന് കിട്ടിയ വേദികളെയെല്ലാം ഉമ്പായി ഉപയോഗപ്പെടുത്തി. ആദ്യകാലത്ത് റസ്റ്റോറന്റുകളിലെ അതിഥികള്‍ക്കു മുന്നില്‍ പാടിയിരുന്ന ഉമ്പായിയുടെ പേര്, പിന്നീട് ഗുലാം അലിയുടെയും മെഹദി ഹസന്റെയും ജഗജീത് സിംഗിന്റെയും നിരയിലേക്ക് മലയാളികള്‍ ചേര്‍ത്തുവയ്ക്കുന്ന സ്ഥിതിയുണ്ടായി. പാടുക സൈഗാള്‍ പാടുക, വീണ്ടും പാടാം സഖീ തുടങ്ങിയ ഒട്ടനേകം മനോഹര ഗസല്‍ ഗാനങ്ങളിലൂടെ, മലയാളത്തിന് ഗസല്‍ വഴങ്ങില്ലെന്നു പറഞ്ഞവരെ പുതിയ മലയാള ഗസലുകള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരാക്കി അദ്ദേഹം മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഉമ്പായിലെ സംഗീതജ്ഞന് ജന്‍മം നല്‍കിയത് കൊച്ചിയും തേച്ചുമിനുക്കിയത് ബോംബെ നഗരവുമാണെങ്കിലും കോഴിക്കോടിനോടായിരുന്നു അദ്ദേഹത്തിന് ആത്മബന്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ കോഴിക്കോട്ട് അദ്ദേഹത്തിന്റെ പേരില്‍ ഒരു സംഗീത അക്കാദമി ഒരുങ്ങുന്നതില്‍ ഔചിത്യ ഭംഗിയുണ്ട്. സംഗീതലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്താണ് ഇടത്താവളമെന്ന നിലയ്ക്ക് ഉമ്പായി കോഴിക്കോട്ടെത്തിയത്. പിന്നീട് അദ്ദേഹത്തെ ദത്തുപുത്രനായി നഗരം ഏറ്റെടുക്കുകയായിരുന്നു. മികവുകളെ അംഗീകരിക്കാനും പിഴവുകളെ തിരുത്താനുമുള്ള ആര്‍ജ്ജവത്തോടെയാണ് കോഴിക്കോട്ടുകാര്‍ സംഗീതം ആസ്വദിക്കുന്നതെന്ന് ഉമ്പായി തന്നെ പറഞ്ഞിട്ടുണ്ട്. ഈ സവിശേഷതയാണ് കോഴിക്കോടിനെ അദ്ദേഹത്തിന് പ്രിയങ്കരമാക്കിയത്. 

ഹിന്ദുസ്ഥാനി സംഗീതത്തിനായി സംസ്ഥാനത്ത് ആദ്യമായി ഒരുങ്ങുന്ന ഒരു സ്ഥാപനം എന്ന സവിശേഷതയും ഉമ്പായി മ്യൂസിക് അക്കാദമിക്കുണ്ട്. നാടിന്റ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു സ്ഥാപനമായി ഇത് മാറും. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഗ്രാന്റിനു പുറമെ, സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ ഉണ്ടവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കലയെയും സംഗീതത്തെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് മതനിരപേക്ഷതയും സാമൂഹിക പ്രതിബന്ധതയും ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു ഉമ്പായിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വിട്ടുനല്‍കിയ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്റ് സ്ഥലത്ത് 13 കോടി ചെലവിലാണ് അക്കാദമി നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. 

ചടങ്ങില്‍ എംഎല്‍എമാരായ പി ടി എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, പി മോഹനന്‍ മാസ്റ്റര്‍, സമീര്‍ ഉമ്പായി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് ഷംസുദ്ദീന്‍ കെ സ്വാഗതവും ട്രസ്റ്റി പ്രകാശ് പോതായ നന്ദിയും പറഞ്ഞു.

English Summary:

Pinarayi Vijayan opens up about late singer Umbayee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com