18 വർഷമായി ഞാൻ പ്രമേഹരോഗി, മകളുടെ കാര്യത്തിൽ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു: നിക് ജൊനാസ്
Mail This Article
താൻ പ്രമേഹരോഗിയായിട്ട് 18 വർഷങ്ങൾ തികയുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. ടൈപ്പ് 1 പ്രമേഹമാണ് നിക്കിന്. രോഗാവസ്ഥ തിരിച്ചറിഞ്ഞ അന്നുതൊട്ടിന്നോളം കുടുംബം വലിയ രീതിയിലാണ് തന്നെ കരുതുന്നതെന്നും ഇക്കാര്യത്തിൽ പ്രിയങ്കയുടെ പിന്തുണ പകരംവയ്ക്കാനില്ലാത്തതാണെന്നും നിക് പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നിക് ജൊനാസ് തന്റെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു മനസ്സു തുറന്നത്.
‘എന്നിലെ പ്രമേഹത്തെ കണ്ടെത്തിയിട്ട് 18 വർഷം തികയുന്നു. എന്റെ അമ്മയാണ് എന്നിലുണ്ടായ ചില മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ഡോക്ടറെ സമീപിച്ചപ്പോൾ ടൈപ്പ് 1 പ്രമേഹമാണെന്നു സ്ഥിരീകരിച്ചു. അപ്പോൾ ഞാൻ ആകെ തളർന്നു. പക്ഷേ കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും പിന്തുണ എന്നെ അതിശയിപ്പിച്ചു. ഞാൻ ശരിക്കും ഭാഗ്യവാനാണ്. ഇത്രയേറെ പേരുടെ സ്നേഹവും കരുതലും ലഭിച്ചല്ലോ. പ്രിയങ്കയും എന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. അവൾ ശരിക്കും വിവരണങ്ങൾക്കതീതമാണ്. നിങ്ങൾ ഓരോരുത്തരും നിങ്ങളെപ്പോലെ ചുറ്റുമുള്ളവരെയും പരിഗണിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാന്‍ വൈകരുത്. ഞാൻ ഇപ്പോൾ ഒരു പിതാവാണ്. എന്റെ മകളുടെ ആരോഗ്യകാര്യം നോക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അവളുടെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു’, നിക് ജൊനാസ് കുറിച്ചു.
നിക്കിന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. പ്രതിസന്ധിയിൽ തളരാതെ സധൈര്യം മുന്നോട്ടു നീങ്ങുന്ന നിക്കിനെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. 2018ലാണ് താൻ പ്രമേഹരോഗിയാണെന്ന കാര്യം നിക് ജൊനാസ് വെളിപ്പെടുത്തിയത്.