ADVERTISEMENT

നടി തൃഷ കൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. മന്‍സൂര്‍ അലിഖാനെപ്പോലെയുള്ളവർ ഒരിക്കലും മാറില്ലെന്നും അവർ എപ്പോഴും ഇങ്ങനെയാണ് സംസാരിക്കുന്നതെന്നും ചിന്മയി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പണവും അധികാരവും സ്വാധീനവുമുള്ളവരുടെ ഒപ്പം നിൽക്കുന്നതിനാൽ എന്തൊക്കെ പ്രശ്നമുണ്ടായാലും അവർ ചിരിച്ചുകൊണ്ടേയിരിക്കുമെന്നും ചിന്മയി വിമർശിച്ചു. 

‘മൻസൂർ അലി ഖാനെപ്പോലുള്ളവർ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നത്. പണവും അധികാരവും സ്വാധീനവുമുള്ളവർക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന മട്ടിൽ ഒരിക്കലും അപലപിക്കപ്പെടാതെ അവർ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു പ്രമുഖ നടിയെ എങ്ങനെയെല്ലാം സ്പർശിക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് നടൻ റോബോ ശങ്കർ ഒരു വേദിയിൽവച്ച് പറഞ്ഞിരുന്നു. അയാൾ എന്താണ് പറഞ്ഞതെന്നതിനേക്കുറിച്ച് ആ നടിക്കു പോലും അറിവില്ലായിരുന്നു. ഇതിനെ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചെയ്യുന്നതുവരെ അവിടെ കൂടിയിരുന്നവരെല്ലാം ആ പരാമർശങ്ങൾ കേട്ട് ചിരിച്ചു. ഇത്തരം പ്രവണതകൾ സാധാരണമാണെന്ന മട്ടിലേക്കു മാറിയിരിക്കുകയാണ്. 

വില്ലൻ വേഷങ്ങൾ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതൽ റേപ് സീനുകൾ ചെയ്യണമെന്ന് നടൻ രാധാ രവി ആഹ്വാനം ചെയ്തതിനേക്കുറിച്ചോർക്കുന്നു. ‘‘ഞങ്ങൾ നടത്താത്ത പീഡനമോ’’ എന്നുള്ള പറച്ചിൽ ഉന്നതമായ നിലവാരത്തിലുള്ളതാണെന്നാണ് അവർ ധരിച്ചുവച്ചിരിക്കുന്നത്. ജനുവരി ആദ്യവാരത്തിൽ നടന്ന ഒരു അവാർഡ് പരിപാടിക്കിടെയായിരുന്നു ഈ സംഭവം. സദസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഇതുകേട്ട് കയ്യടിച്ചു. നിർഭയ സംഭവം നടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടി രാത്രിയിൽ എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമുയരുകയും സുരക്ഷയ്ക്കായി പെൺകുട്ടികൾ ആവശ്യമുയർത്തുകയും ചെയ്യുന്ന രീതിയിൽ രാജ്യം വിഘടിച്ചു. 

മൻസൂർ അലി ഖാന് ഇനിയും ഒരുപാട് സിനിമകൾ കിട്ടും. ഇത്തരം അവസ്ഥയ്ക്കു മാറ്റമുണ്ടാകാൻ പോകുന്നില്ല. ഞാൻ ആണാണ്, എന്നെക്കൊണ്ട്‌ സാധിക്കും, നീയും അതുപോലെയാവണം എന്ന് ചില പുരുഷന്മാർ വെറുപ്പുളവാക്കുംവിധം പരസ്യമായി അഭിമാനംകൊള്ളുന്നുണ്ട്. ഇവരൊന്നും ഒരിക്കലും മാറില്ല. അവർ വളരെക്കാലം ജീവിക്കുകയും അത്രയും കാലം ഇത്തരം പരാമർശങ്ങൾ നടത്തുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരും പീഡനത്തിന്റെ വക്താക്കളും മൺമറഞ്ഞാൽ മാത്രമേ വരുംതലമുറ നന്നാവൂ. അതുവരേക്കും മാറ്റത്തിന് ഒരവസരവുമില്ല’, ചിന്മയി ശ്രീപദ കുറിച്ചു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിന്റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു.

സംഭവം സിനിമാലോകത്ത് വലിയ ചർച്ചയായതോടെ തൃഷയെ പിന്തുണച്ച് ലോകേഷ് കനകരാജ്, മാളവിക മോഹനൻ തുടങ്ങി നിരവധി പേർ രംഗത്തെത്തി. പിന്നാലെയാണ് മൻസൂറിനെ രൂക്ഷമായി വിമർശിച്ച് ചിന്മയിയും എത്തിയത്. ലിയോയിൽ തൃഷയ്ക്കു വേണ്ടി ഡബ്ബ് ചെയ്തത് ചിന്മയിയാണ്. കവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുന്നയിച്ചതിന്റെ പേരിൽ 5 വർഷം വിലക്ക് നേരിട്ട ചിന്മയിയുടെ രണ്ടാം വരവാണിത്. 

2018ലാണ് വൈരമുത്തുവിനെതിരെ ചിന്മയി പരാതി നൽകിയത്. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയായിരുന്നു. ലിയോയിലൂടെ ലോകേഷ് കനകരാജ് ആണ് ചിന്മയിയെ സിനിമയിലേക്കു തിരിച്ചെത്തിച്ചത്. 

English Summary:

Singer Chinmayi Sripaada reacts on Mansoor Ali Khan’s derogatory remark on Trisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com