വിജയ്ക്ക് ആ ശബ്ദം ഇഷ്ടമായി, ഞങ്ങളുടെ അടുത്ത ചിത്രത്തിൽ വൈഷ്ണവ് പാടും, ഉറപ്പ്: എസ്.ആർ.സൂരജ്
Mail This Article
വേദിയിൽ പാടാൻ അവസരം തരുമോ എന്ന് ചോദിച്ച വിദ്യാർഥിക്ക് വേദിയിലും അടുത്ത സിനിമയിലും പാടാൻ അവസരമൊരുക്കി ഗായകൻ വിജയ് യേശുദാസ്. ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ എത്തിയ വിജയ് യേശുദാസിനോട് വേദിയിൽ ഒരുമിച്ചു പാടാൻ അവസരം ചോദിച്ച നാലാം വർഷ ബിടെക് വിദ്യാർഥി വൈഷ്ണവ്.ജി.രാജിനെ വിജയ് യേശുദാസ് വേദിയിലേക്ക് ക്ഷണിച്ച് പാടാൻ അവസരം നൽകുകയായിരുന്നു. വൈഷ്ണവിന്റെ പാട്ട് ഇഷ്ടപ്പെട്ട വിജയ്, വൈഷ്ണവിനെ അഭിനന്ദിച്ചു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ വൈഷ്ണവിന് തങ്ങളുടെ അടുത്ത ചിത്രത്തിൽ പാടാൻ അവസരം നൽകാമെന്ന് ഉറപ്പ് പറയുകയും ചെയ്‌തു. എസ്.ആർ.സൂരജ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വൈഷ്ണവിന് പിന്നണി പാടാൻ അവസരം കൊടുത്തതിനെക്കുറിച്ച് സൂരജ് മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചത് ഇങ്ങനെ:
ക്ലാസ് ബൈ എ സോൾജിയർ എന്ന സിനിമയിൽ 6 പാട്ടുകളാണ് ഉള്ളത്. വിജയ് യേശുദാസ്, ശ്വേതാ മോഹൻ, സയനോര, ശ്രേയ ജയ്ദീപ്, ആവണി ഹരീഷ്, അജിത് കൃഷ്ണൻ എന്നിവർ പാട്ടുകൾക്കു സ്വരമായിരിക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കഥ പറയുന്ന സിനിമയാണിത്. വിജയ് യേശുദാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. കോളജ് വേദിയിൽ വിജയ് പാടുമ്പോൾ വൈഷ്ണവ്.ജി.രാജ് എന്ന വിദ്യാർഥി കൂടെ പാടാൻ ആഗ്രഹം പ്രകടിപ്പിച്ചു. വിജയ് സമ്മതിച്ചു. വൈഷ്ണവ് അതിമനോഹരമായി പാടി. വിജയ്ക്ക് വൈഷ്ണവിന്റെ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞങ്ങളുടെ ടീമിന്റെ അടുത്ത ചിത്രത്തിൽ വൈഷ്ണവിനെകൊണ്ട് പാടിക്കാം എന്ന തീരുമാനമുണ്ടായത്. സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാതാക്കൾ. അടുത്ത ചിത്രത്തിൽ മൂന്നു പാട്ടുകൾ ഉണ്ട്. അതിൽ ഒരു പാട്ട് വൈഷ്ണവ് ആയിരിക്കും പാടുന്നത്. വൈഷ്ണവ് കോഴിക്കോട് സ്വദേശിയാണ്. ചെറുപ്പം മുതൽ പാട്ട് പഠിക്കുന്നുമുണ്ട്.
വിജയ് യേശുദാസിനെ നായകനാക്കി അനിൽ രാജിന്റെ തിരക്കഥയിൽ സ്കൂൾ വിദ്യാർഥിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ക്ലാസ് ബൈ എ സോൾജിയർ’. അവതാരകയും നടിയുമായ മീനാക്ഷിയുടെ സുഹൃത്താണ് ചിന്മയി. മീനാക്ഷിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്.