പ്രണയാർദ്രമായി വിജയ് യേശുദാസ്, പിന്നണിയിൽ ശ്വേതയും; ‘ആരോ മെല്ലെ’ ശ്രദ്ധ നേടുന്നു
Mail This Article
വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ക്ലാസ്സ് ബൈ എ സോൾജിയര്‍ (Class - By A Soldier) എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആരോ മെല്ലെ’ എന്നു തുടങ്ങുന്ന ഗാനം വിജയ് യേശുദാസും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചത്. ശ്യാം എനത്തിന്റെ വരികൾക്ക് എസ്.ആർ.സൂരജ് ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
വിജയ് യേശുദാസ് സൈനിക വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്ലാസ്സ് ബൈ എ സോൾജിയര്‍’. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ.പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ്.എസ്.കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
‘സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ‘ക്ലാസ്സ് ബൈ എ സോൾജിയര്‍’ നിർമിക്കുന്നത്. ളാക്കാട്ടൂർ എംജിഎം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ചിത്രത്തിന്റെ സംവിധായിക ചിന്മയി. ക്ലാസ്സ് ബൈ എ സോൾജിയറിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുകയാണ് ചിന്മയി. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് അനിൽരാജ്. ഛായാഗ്രഹണം: ബെന്നി ജോസഫ്.