‘ജീവിതത്തിൽ പുതിയ ഘട്ടത്തിലേക്കു നീ പ്രവേശിക്കുന്നു, ഒരു വാഗ്ദാനം മാത്രമേ എനിക്കു നൽകാൻ കഴിയൂ’; അനിയത്തിയോട് അഭയ
Mail This Article
സഹോദരി വരദ ജ്യോതിർമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അഭയ ഹിരൺമയി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. വരദയുടെ വിവിധങ്ങളായ ചിത്രങ്ങൾ കോർത്തിണക്കിയുള്ള മനോഹര വിഡിയോ പങ്കുവച്ചുകൊണ്ടാണ് അഭയ ആശംസകൾ നേർന്നത്. അനിയത്തി ജീവിതത്തിൽ പുതിയ തുടക്കത്തിനു തയ്യാറാകുകയാണെന്നും അതിന്റെ സന്തോഷത്തിലാണ് താനെന്നും അഭയ കുറിച്ചു. ഗായികയുടെ വികാരനിർഭരമായ വാക്കുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
‘എന്റെ ഒരേയൊരു കുഞ്ഞിന് പിറന്നാൾ സ്നേഹം. നിനക്കാണ് എന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം. ഞാൻ നിന്നെ എക്കാലവും സ്നേഹിക്കുന്നു. കഴിഞ്ഞ വർഷം ഞങ്ങൾ മൂന്നുപേരും ഇങ്ങനെ ഒരു കുടുംബമായി നിന്ന് പ്രതിസന്ധികളെ അതിജീവിച്ചുവെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ റീൽ വിഡിയോ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് ഒരുമിച്ചു നിന്ന് ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു. ഞങ്ങൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് ഞങ്ങളുടെ അച്ഛന് നന്നായി അറിയാം. അതുകൊണ്ടായിരിക്കാം അദ്ദേഹം നേരത്തെ പോയത്.
സഹോദരി, നീ ഒരു കുടുംബസ്ഥയായി ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിലേക്കു നീ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ ചേർത്തുപിടിക്കുമെന്ന് നീ മനസ്സിലാക്കണം. അതുമാത്രമാണ് എനിക്ക് നിനക്കായി നല്‍കാൻ കഴിയുന്ന വാഗ്ദാനം. നന്നായി അധ്വാനിക്കുക, ദുഃഖവും സന്തോഷവും ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഒരു കാര്യം കൂടി, എന്റെ സാരിയും മറ്റു വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം എത്രയും പെട്ടെന്ന് തിരികെ ഏൽപ്പിക്കൂ... (ഇതൊക്കെ തമാശകൾ മാത്രം) തങ്കച്ചി പാസം പൊഴുകിരത്’, അഭയ ഹിരണ്‍മയി കുറിച്ചു.