ബാലുവിന്റെ മരണത്തിൽ നീറി 5 വർഷങ്ങൾ, ഒടുവില് പാതിയിൽ മുറിഞ്ഞ ഈണമായി അമ്മാവനും യാത്രയായി!
Mail This Article
തന്ത്രികളിൽ ഇനി ശ്രുതി ചേർക്കാൻ ശശികുമാർ മാഷ് ഉണ്ടാകില്ലെന്ന തിരിച്ചറിവിനോടു പൊരുത്തപ്പെടാൻ കുറച്ചധികം സമയം വേണ്ടിവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിന്. ഇന്ന് ഈണം മുറിയാതെ മാന്ത്രിക തന്ത്രികൾ മീട്ടി വേദികളിൽ നിന്നു വേദികളിലേക്കു നിർത്താതെ ഒഴുകി നീങ്ങുന്ന ഭൂരിഭാഗം വയലിൻ സംഗീതജ്ഞരും വയലിൻ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് ബി.ശശികുമാറിൽ നിന്നുമായിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കർ ശശികുമാറിന്റെ ശിഷ്യൻ മാത്രമായിരുന്നില്ല, അനന്തരവൻ കൂടിയായിരുന്നു. ശനിയാഴ്ച രാത്രി 7.30ന് ജഗതിയിലെ സ്വവസതിയായ വർണത്തിൽ വച്ചാണ് ബി.ശശികുമാർ വിടവാങ്ങിയത്. താളവും രാഗവും ഉപേക്ഷിച്ച് പാതിൽ മുറിഞ്ഞ ഈണമായുള്ള മടക്കം!
എം.കെ.ഭാസ്‌കരപ്പണിക്കരുടെയും ജി.സരോജിനിയമ്മയുടെയും മകനായി 1949 ഏപ്രിൽ 27ന് തിരുവല്ലയിലാണ് ശശികുമാർ ജനിച്ചത്. സംഗീതം സ്വായത്തമാക്കിയത് പിതാവിൽ നിന്നു തന്നെ. പ്രതിഫലം വാങ്ങാതെ പിതാവ് ശിഷ്യന്മാർക്ക് വിദ്യ പറഞ്ഞുകൊടുക്കുന്നത് ചെറുപ്പത്തിലേ മനസ്സിൽ കയറിക്കൂടിയതുകൊണ്ടാകാം പിൽക്കാലത്ത് താനൊരു ഗുരുവിന്റെ വേഷമണിഞ്ഞപ്പോഴും ശശികുമാർ ‘വിദ്യ വിറ്റ്’ പണം വാങ്ങാതിരുന്നത്. എല്ലാവരേയും ശിഷ്യരായി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല ശശികുമാർ. തിരഞ്ഞെടുക്കുന്നവരിൽ നിന്ന് ഫീസ് വാങ്ങുകയുമില്ല. കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, ജി.വേണുഗോപാൽ, ശ്രീറാം, ബാലഭാസ്കർ എന്നിവരൊക്കെ ശശികുമാറിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ശിഷ്യന്മാരാണ്.
ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗം ശശികുമാറിനേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. കാലമേൽപ്പിച്ച ആ മുറിവ് ഒരിക്കലും ഉണങ്ങില്ലെന്നും അതോർത്ത് താനെന്നും കണ്ണീരൊഴുക്കിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട്. ബാലുവിന്റെ ഓർമദിനങ്ങളിലെല്ലാം മുടങ്ങതെയെത്തുന്ന ഹ്രസ്വകുറിപ്പുകളിൽ ഒരു അമ്മാവന്റെ, ഗുരുവിന്റെ വേദന ആഴത്തിൽ പതിഞ്ഞിരുന്നു. സ്വഭവനത്തിൽ പ്രിയപ്പെട്ട മാതാപിതാക്കളുടെ ഓർമച്ചിത്രത്തിനൊപ്പം ബാലുവിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്ഥാപിച്ചിരുന്നു ശശികുമാർ.
ബാലുവിന്റെ വിയോഗശേഷം അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിനം പോലും ശശികുമാറിന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ബാലഭാസ്കറിന്റെ ഓർമകളെക്കുറിച്ചു ചോദിക്കുമ്പോൾ, ‘മറന്നെങ്കിലല്ലേ പ്രത്യേകം ഓർമിക്കേണ്ടതുള്ളൂ’ എന്നായിരുന്നു മറുപടി. ബാലു ശാരീരികമായി മാത്രമേ തന്നിൽ നിന്നും അകന്നിട്ടുള്ളുവെന്നും ആ ആത്മാവ് എല്ലായ്പ്പോഴും തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബാലു തീരാദുഃഖം തന്നിട്ടാണ് അകാലത്തിൽ തങ്ങളെ വിട്ടുപോയതെന്നു പറയുമ്പോൾ ശശികുമാറിന്റെ കണ്ണുകൾ നിറയും. ഇപ്പോഴിതാ, ശശികുമാറിന്റെ വിയോഗ വാർത്തയും ഒരിക്കലും അടങ്ങാത്ത ദുഃഖമായി ആരാധകരുടെയും ശിഷ്യരുടെയും ബന്ധുക്കളുടെയും സ്നേഹിതരുടെയും നെഞ്ചിൽ ഉരുണ്ടുകൂടി കണ്ണീർ മഴയായി പെയ്യാനൊരുങ്ങുന്നു.
ആകാശവാണിയിലെ ആർട്ടിസ്റ്റ് കൂടിയായിരുന്നു ശശികുമാർ. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരം, കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവയും നേടി. സ്വാതിതിരുനാൾ കോളജിൽനിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായി. സ്വാതിതിരുനാൾ സംഗീത കോളജിൽ അധ്യാപകനായും ജോലി നോക്കി. വയലിൻ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം വയലിൻ വായിച്ചിട്ടുമുണ്ട്.