കുതിച്ചു പായുന്ന കുട്ടിക്കൂട്ടം; കൗതുകക്കാഴ്ച നിറച്ച് സംഗീത ആൽബം
Mail This Article
കുട്ടിക്കൂട്ടങ്ങൾ അണിനിരന്ന ‘കുതിപ്പ്’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ ‘എന്റെ അമ്മ സൂപ്പറാ’ ഫെയിം നിസയുടെ മകൻ ഇഷാനും ഒരു പിടി പുതുമുഖങ്ങളും അണിനിരക്കുന്ന ഗാനമാണിത്. ഹരിത ഹരിബാബു വരികൾ കുറിച്ച പാട്ടിന് മുജീബ് മജീദ് ഈണമൊരുക്കി. ‘തിങ്കളാഴ്ച നിശ്ചയം’ ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് ഈണമൊരുക്കിയ സംഗീതസംവിധായകനാണ് മുജീബ്.
കുട്ടിക്കൂട്ടങ്ങളുടെ അഭിനയമികവും പാട്ടിലെ കൗതുകക്കാഴ്ചകളും കുതിപ്പിനെ വേഗത്തിൽ സ്വീകാര്യമാക്കിയിരിക്കുകയാണ്. മികച്ച പ്രേക്ഷകപ്രതികരണങ്ങളും ലഭിക്കുന്നു. ഒരു നായകുട്ടിയെ ചുറ്റിപ്പറ്റി നടക്കുന്ന ഉദ്വേഗജനകമായ യാത്രയാണ് കുതിപ്പിന്റെ ഇതിവൃത്തം.
മ്യൂസ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ആണ് ‘കുതിപ്പ്’ പുറത്തിറങ്ങിയിരിക്കുന്നത്. അശ്വിൻ നൈനാൻ, ജിയോ ജെയിംസ് എന്നിവർ ചേർന്ന് ഗാനരംഗങ്ങൾ സംവിധാനം ചെയ്തു. ലൂഡോ ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്.