കാത്തിരിപ്പിന്റെ പ്രണയം പൊള്ളിവീണിട്ടുണ്ടോ അകത്തളത്തിൽ? ആ ഓർമത്തുരുത്തുകളിലേക്കൊന്നു മടങ്ങി പോയാലോ?
Mail This Article
കാത്തിരിപ്പിന് ഒരു സംഗീതമുണ്ടെങ്കിൽ, അതിനൊരീണമുണ്ടെങ്കിൽ, അതിനൊരു പെൺസ്വരമുണ്ടെങ്കിൽ അത് ഈ ഗാനമായിരിക്കും എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്... ‘മണിച്ചിത്രത്താഴിൽ’ ശോഭന പാടി അഭിനയിക്കുന്ന ‘വരുവാനില്ലാരും’ എന്നു തുടങ്ങുന്ന ഗാനം. കൊട്ടിയടഞ്ഞ ഒരു പടിപ്പുരയുടെ മുന്നിൽ വഴിക്കണ്ണുംനട്ടിരിക്കുന്ന കൊച്ചുഗംഗയെ ഓർമിക്കുന്നില്ലേ? കൗമാരമെത്തിയ ഒരോ പെൺകുട്ടിയിലുമുണ്ടെന്നു തോന്നുന്നു; കാത്തിരിപ്പിന്റെ കനലു കണ്ണിൽ വിളക്കായി തെളിയുന്നൊരു പട്ടുപാവാടക്കാരി. എന്റെ കൗമരകാലത്തു കണ്ടതുകൊണ്ടുകൂടിയാകാം ആ കൊച്ചുഗംഗയിൽ ഞാൻ എപ്പോഴൊക്കെയോ എന്നെ തിരഞ്ഞുപോയത്. പിന്നീടു യൗവനത്തിലേക്കു മുതിർന്നപ്പോഴും ആ ഗാനം കേൾക്കുമ്പോഴൊക്കെ ഏത് ആൾക്കൂട്ടത്തിനിടയിലും വീണ്ടും ഞാൻ തനിച്ചാകുന്നതു പോലെ തോന്നിപ്പോകുന്നത്.
കാത്തിരിപ്പിന്റെ കറുപ്പ് വീണു കുഴിഞ്ഞ കൺതടങ്ങളുമായി ചിലരൊക്കെ ആരെയോ കാത്തിരിക്കുന്നില്ലേ? ചേർന്നടഞ്ഞ പടിപ്പുരവാതിൽ തള്ളിത്തുറന്ന്, കുപ്പിവളക്കൈ പിടിക്കാൻ സ്വപ്നകഥയിലെ രാജകുമാരൻ വരില്ലെന്നറിയാം. എങ്കിലും കാത്തിരിക്കാതിരിക്കാൻ അവൾക്കാവുന്നില്ല.. കാരണം ആ കാത്തിരിപ്പ് അവൾ തന്നെയാണ്. അല്ല, അവൾ ആ കാത്തിരിപ്പ് മാത്രമാണ്...
കടുംചായങ്ങളെഴുതിയ കളത്തിനു മുന്നിൽ മുത്തശ്ശിയുടെ മടിത്തട്ടിൽ കഥ കേട്ടുറങ്ങിയ കുട്ടിക്കാലരാത്രികളിലെവിടെ വച്ചോ ആയിരിക്കണം അവൾ അയാളെ ആദ്യം കണ്ടുമുട്ടിയത്. അവൾ ധാവണിയിലേക്കു വളർന്നപ്പോൾ അവനും മുതിർന്നു, അവൾക്കൊപ്പം. പിന്നീടെപ്പോഴാണ് അവൻ അവളെ തനിച്ചാക്കി പോയത്? അവൾ പോലുമറിയാതെ? എന്നിട്ടും പ്രിയമുള്ളൊരാളുടെ തിരിച്ചുവരവിനു വേണ്ടി ഇമ ചിമ്മാതെ അവൾ കാത്തിരുന്നു... കാലം അവളുടെ കണ്ണുകളിലെ തെളിച്ചം ഊതിക്കെടുത്താതെയുമിരുന്നു.
ഒരേയൊരാളിലേക്കു മാത്രം തുറക്കുന്ന ജാലകത്തിന്റെ ചില്ലുപാളികൾ ഞാനാദ്യം കാണുന്നത് ഗംഗയുടെ കണ്ണുകളിലാണ്.. വരാനിരിക്കുന്ന ഒരേയൊരാൾ... ആ ഒരേയൊരാളിലേക്കു മാത്രമായി അവളുടെ തുറവിയും തുടർച്ചയും തോൽവിയും മടങ്ങലും. കാത്തിരിപ്പ് ഒരാൾക്കു വേണ്ടി മാത്രമാകുമ്പോഴാണ് പ്രണയത്തിന്റെ ഏകാന്തപരാഗം അതിനെ ഒരു സാധനയാക്കി മാറ്റുന്നത്. കാത്തിരിപ്പിന്റെ പ്രണയം പൊള്ളിവീണ വരികൾ കുറിച്ചത് മധു മുട്ടം ആണ്. എം.ജി.രാധാകൃഷ്ണന്റെ സംഗീതം. കെ.എസ്.ചിത്രയുടെ ആർദ്രമധുരമായ സ്വരംചേർന്നപ്പോൾ എത്ര വശ്യമനോഹരമായിരിക്കുന്നു ആ ഗാനം. ഇപ്പോഴും ഓരോ കേൾവിയിലും പഴയ ഓർമത്തുരുത്തുകളിലേക്കു നമ്മെ പിൻനടത്തുന്ന വികാതമാന്ത്രികതയില്ലേ ഈ വരികൾക്ക്.. കണ്ണടച്ചൊന്നു കേട്ടുനോക്കിയാൽ മതി...
ഗാനം: വരുവാനില്ലാരും
ചിത്രം: മണിച്ചിത്രത്താഴ്
രചന: മധു മുട്ടം
സംഗീതം: എം.ജി രാധാകൃഷ്ണൻ
ആലാപനം: കെ.എസ് ചിത്ര
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ
നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു..